കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ പദ്ധതി : ശര്‍മ്മക്കെതിരേ തെളിവുണ്ടെന്ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍ പദ്ധതിക്ക് തടസ്സം നില്‍ക്കുന്നത് വൈദ്യുത മന്ത്രി എസ്. ശര്‍മ്മയാണെന്നതിനു തന്റെ പക്കല്‍ തെളിവുണ്ടെന്ന് പദ്ധതിയുടെ പ്രയോക്താക്കളിലൊരാളായ കണ്ണൂര്‍ പവര്‍ പ്രൊജക്ട് ചെയര്‍മാന്‍ കെ. പി. പി നമ്പ്യാര്‍.

സര്‍ക്കാര്‍ ഇക്കാര്യത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാകുകയാണെങ്കില്‍ തെളിവുകള്‍ ഹാജരാക്കാമെന്ന് നമ്പ്യാര്‍ സപ്തംബര്‍ 18 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1500 കോടി രൂപ മുതല്‍ മുടക്കു പ്രതീക്ഷിക്കുന്ന കണ്ണൂര്‍ വൈദ്യുത പദ്ധതിക്ക് അമേരിക്കന്‍ സഹകരണം പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ഒപ്പു വയ്ക്കേണ്ടതായിരുന്നുവെന്നും മന്ത്രി ശര്‍മ്മയുടെ ഇടപെടല്‍ ഈ നീക്കത്തിനു തുരങ്കംവെച്ചെന്നുമാണ് നമ്പ്യാര്‍ ആരോപിക്കുന്നത്.

തമിഴ്നാട്ടിലെ എന്നൂരില്‍ അമേരിക്കന്‍ സഹകരണത്തോടെ സ്ഥാപിക്കുന്ന വൈദ്യുത പദ്ധതിയെ സഹായിക്കാനാണ് ഈ നീക്കമെന്നും ഇതില്‍ മന്ത്രിയുടെ ഇടപെടല്‍ വ്യക്തമാണെന്നും നമ്പ്യാര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര ഊര്‍ജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറി സുവര്‍ത്തനുമായി ഫോണില്‍ ബന്ധപ്പെട്ടാണ് ശര്‍മ്മ പദ്ധതിക്കായുള്ള അമേരിക്കന്‍ സഹകരണം അട്ടിമറിച്ചതത്രെ.

കണ്ണൂര്‍ പദ്ധതിക്ക് അനുമതി നല്‍കുന്നതിലേയ്ക്ക് ഇടതുമുന്നണിയിലെ ആരെങ്കിലും കോഴ ആവശ്യപ്പട്ടിരുന്നോ എന്ന ചോദ്യത്തിന് അന്വേഷണക്കമ്മീഷനെ നിയമിച്ചാല്‍ താന്‍ പലതെളിവുകളും ഹാജരാക്കുമെന്ന് നമ്പ്യാര്‍ വെളിപ്പെടുത്തി.

എന്നാല്‍ മന്ത്രി ശര്‍മ്മ സപ്തംബര്‍ 17 ഞായറാഴ്ച തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അപ്പാടെ നിഷേധിച്ചിരുന്നു. താന്‍ അങ്ങനെ ആര്‍ക്കും ഫോണ്‍ ചെയ്തിട്ടില്ലെന്ന് ശര്‍മ്മ ഉറപ്പിച്ചു പറയുന്നു.

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടായ ഇന്തോ- അമേരിക്കന്‍ സഹകരണ കരാറുകളിലൊന്നും കണ്ണൂര്‍ പദ്ധതി പരാമര്‍ശിച്ചിട്ടില്ലെന്നത് സത്യമാണ്. മാത്രമല്ല തമിഴ്നാട്ടിലെ എന്നൂരില്‍ അമേരിക്കന്‍ സഹകരണത്തോടെ സ്ഥാപിക്കുന്ന വൈദ്യുത പദ്ധതിയില്‍ നിന്നും കേരളം വൈദ്യുതി വാങ്ങുമെന്ന് കരാറില്‍ പറയുന്നുമുണ്ട്.

സി. പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരിക്കേ പദ്ധതി നടപ്പാക്കാന്‍ അംഗീകാരം നല്‍്കിയിരുന്നതാണെങ്കിലും ശര്‍മ്മ മന്ത്രി സ്ഥാനം ഏറ്റെടുത്തതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞതായി നമ്പ്യാര്‍ പറയുന്നു. പത്തു ദിവസത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ താന്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നമ്പ്യാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

നേരത്തേ നമ്പ്യാര്‍ ചെയര്‍മാനായ കണ്ണൂര്‍ പവര്‍ പ്രൊജക്ട് ലിമിറ്റഡും അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ എണ്‍റോണും സംയുക്തമായാണ് കണ്ണൂര്‍ പദ്ധതിക്കായി രൂപരേഖ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇടതുമുന്നണിയുടെ കുത്തക വിരോധം മൂലം എണ്‍റോണിനെ പദ്ധതിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. എണ്‍റോണിനു പകരം മറ്റൊരു അമേരിക്കന്‍ കമ്പനിയായ എല്‍പോസോ യെ കൂട്ടു പിടിച്ച് നമ്പ്യാര്‍ വീണ്ടും പദ്ധതിക്കായി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.

എന്നാല്‍ നമ്പ്യാര്‍ പുതിയ പദ്ധതി സമര്‍പ്പിച്ചത് വെറും ഒരു മാസം മുമ്പു മാത്രമായിരുന്നുവെന്നും അതിനാലാണ് ഇതിന്മേല്‍ നടപടികള്‍ കൈക്കൊള്ളാന്‍ വൈകുന്നതെന്നും മന്ത്രി ശര്‍മ്മ ഞായറാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത് വാസ്തവിരുദ്ധമാണെന്ന് നമ്പ്യാര്‍ ചൂണ്ടിക്കാണിക്കുന്നു. കൃത്യം രണ്ടര മാസം മുമ്പേ താന്‍ ഇക്കാര്യം കാണിച്ചു കൊണ്ട് കെ.എസ്. ഇ. ബി ചെയര്‍മാനും സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഔദ്യോഗിക കത്ത് എഴുതിയിരുന്നതായി നമ്പ്യാര്‍ പറഞ്ഞു.

കണ്ണൂര്‍ പദ്ധതിയില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിനുള്ള സമ്മതം എഴുതി നല്‍കാത്ത കേരള സര്‍ക്കാര്‍ തമിഴ്നാട്ടിലെ എന്നൂര്‍ പദ്ധതിയില്‍ നിന്നും 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള സമ്മതം എഴുതി നല്‍കിയ കാര്യം നമ്പ്യാര്‍ ചൂണ്ടിക്കാട്ടി. അഞ്ച് ആഗോളകുത്തകകള്‍ ആണ് എന്നൂര്‍ പദ്ധതിക്കു പിന്നില്‍.

എന്നൂര്‍ പദ്ധതിയില്‍ നിന്നും വൈദ്യുതി വാങ്ങുന്നതാണ് സര്‍ക്കാരിനു ലാഭകരമെന്ന മന്ത്രി ശര്‍മ്മയുടെ അവകാശവാദവും തെറ്റാണെന്ന നിലപാടിലാണ് നമ്പ്യാര്‍ .കണ്ണൂര്‍ പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിയാണ് വില കുറഞ്ഞതെന്ന കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഇതിന് ഉപോത്ബലകമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X