കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ്കുട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡിസിസി സെക്രട്ടറി കെ.ബി.മുഹമ്മദ്കുട്ടിയെ മത്സരിപ്പിക്കാന്‍ ജില്ലാ കോണ്‍ഗ്രസ ്കമ്മിറ്റി തീരുമാനിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ കെപിസിസി ജോയന്റ് സെക്രട്ടറി എന്‍. വേണുഗോപാല്‍ തന്നെയാണ് മേയര്‍ സ്ഥാനാര്‍ഥി.

രണ്ടുദിവസം നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായത്. കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് സ്ഥാനാര്‍ഥിനിര്‍ണയം നീളാന്‍ ഇടയാക്കിയത്. ജില്ലാ പഞ്ചായത്തില്‍ എ വിഭാഗത്തിന് കൂടുതല്‍ പ്രാതിനിധ്യമുള്ളതിനാല്‍ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന് അവര്‍ വാദിച്ചു. സ്ഥാനാര്‍ഥിയായി ജോണ്‍ പി. മാണിയെയും എ വിഭാഗം അവതരിപ്പിച്ചു.

അതേ സമയം ഗ്രൂപ്പുകള്‍ക്കതീതമായി കെ.ബി.മുഹമ്മദ്കുട്ടിക്ക് അര്‍ഹതപ്പെട്ടതാണ് പ്രസിഡന്റ് സ്ഥാനം എന്നതായിരുന്നു മറുഭാഗത്തിന്റെ നിലപാട്. ഇതില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ.കെ.വി. തോമസ് വ്യക്തമാക്കി. തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രണ്ട് ടേമാക്കി തിരിച്ച് വീതംവയ്ക്കണമെന്ന നിര്‍ദേശം എ വിഭാഗം അവതരിപ്പിച്ചു. ഇതും സ്വീകാര്യമായില്ല. വൈസ് പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നല്‍കുമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്.

കെ. കരുണാകരന്റെ നിലപാടാണ് എന്‍. വേണുഗോപാലിന്റെ കൊച്ചി മേയര്‍ സ്ഥാനാര്‍ഥിത്വത്തില്‍ കരിനിഴല്‍ പടര്‍ത്തിയിരുന്നത്. ആദ്യം ഐ ഗ്രൂപ്പിലായിരിക്കുകയും പിന്നീട് മൂന്നാം ഗ്രൂപ്പിലെത്തുകയും ചെയ്ത വേണുഗോപാലിനെ അംഗീകരിക്കാനാവില്ലെന്നായിരുന്നു കരുണാകരന്റെ നിലപാട്. വേണുഗോപാല്‍ തിരുവനന്തപുരത്തുള്ള കരുണാകരനെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം മനസ് തുറന്നില്ല. ഐ വിഭാഗക്കാരനായ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റിന് വേണുഗോപാലിനെ പുറത്തിരുത്താന്‍ ശ്രമിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. പക്ഷേ ജില്ലാക്കമ്മിറ്റിയില്‍ എ വിഭാഗവും ഐയില്‍ തന്നെ ഒരു വിഭാഗവും ഇതിനെതിരായിരുന്നു.

ചര്‍ച്ചകള്‍ക്ക് ശേഷം ഒടുവില്‍ മേയര്‍ സ്ഥാനാര്‍ഥിയായി വേണുഗോപാലിനെ തന്നെ തീരുമാനിച്ചു. ഡപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിത്വം മുസ്ലിം ലീഗിനാണ്. മുതിര്‍ന്ന നേതാവും മുന്‍ മേയറും നിയമസഭാ ഡപ്യൂട്ടി സ്പീക്കറുമായിരുന്ന കെ. എം. ഹംസക്കുഞ്ഞ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ പശ്ചിമകൊച്ചിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കെ.എച്ച്. ഖാലിദായേക്കും സ്ഥാനാര്‍ഥി. വനിതാ കൗണ്‍സിലര്‍ പാത്തുക്കുട്ടി അഷറഫിനെയും ലീഗ് പരിഗണിക്കുന്നുണ്ട്.

അതേ സമയം കൊച്ചി കോര്‍പ്പറേഷനില്‍ രണ്ട് മുന്നണികളോടും തുല്യസമീപനം പുലര്‍ത്താന്‍ ബിജെപി തീരുമാനിച്ചതോടെ കോര്‍പ്പറേഷന്‍ ഭരണം ഇത്തവണയും യുഡിഎഫിന് കിട്ടാനിടയില്ലെന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ രണ്ടംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ യുഡിഎഫിന് നറുക്കെടുപ്പിലേക്കെങ്കിലും കാര്യങ്ങളെത്തിക്കാനാകൂ.

രണ്ട് മുന്നണികളും രേഖാമൂലം ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ പിന്തുണയുടെ കാര്യം ആലോചിക്കേണ്ടതുള്ളൂ എന്നാണ് ബിജെപിമേഖലാകമ്മിറ്റിയുടെ നിലപാട്. അധികാരത്തിലെത്താന്‍ ബിജെപിയുടെ പിന്തുണ ആവശ്യമായിട്ടും അത് വേണ്ടെന്ന് യുഡിഎഫ്പ്രസ്താവനയിറക്കുകയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

ബിജെപിയുടെ സഹായത്തോടെ കൊച്ചിയില്‍ ഭരണത്തിലെത്തുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നു. ബിജെപി പിന്തുണ ഉപകാരത്തേക്കാളേറെ ഉപദ്രവമാണുണ്ടാക്കുകയെന്നും ഇവര്‍ പറയുന്നു. അതേ സമയം ബിജെപി പിന്തുണയില്ലാതെ തന്നെ അധികാരത്തിലെത്തുന്നതിനുള്ള രാഷ്ട്രീയഅടിയൊഴുക്കുകള്‍ സൃഷ്ടിക്കാനാകുമെന്ന് കരുതുന്നവരും പാര്‍ട്ടിയിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിബന്ധനകള്‍ ഈ മോഹങ്ങള്‍ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്.

മറുഭാഗത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ്മണിയാണ് മേയര്‍ സ്ഥാനാര്‍ഥി. ഡപ്യൂട്ടി മേയറായി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ എ.വി. ജോര്‍ജും മത്സരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X