കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി പ്രശ്നം നിലനില്‍ക്കുന്നു: പത്മനാഭന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആദിവാസികള്‍ സമരം പിന്‍വലിച്ചെങ്കിലും അവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്‍. സംസ്ഥാനത്തിന്റെ കീഴില്‍ വരാത്ത മേഖലയാണ് സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഒക്ടോബര്‍ 17 ബുധനാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് അവര്‍ പുറത്താക്കപ്പെട്ട സ്ഥലത്തു തന്നെ ഭൂമി പതിച്ചു നല്‍കണം. തീരെ അപരിചിതമായ സ്ഥലത്ത് അവര്‍ക്ക് ഭൂമി നല്‍കുന്നത് ശരിയല്ല. അവരുടെ ജീവിതത്തിനും സംസ്കാരത്തിനും അനുയോജ്യമായ ഭൂമിയായിരിക്കണം നല്‍കേണ്ടത്.

എന്നാല്‍ ആദിവാസികളുടെ പ്രശ്നങ്ങള്‍ കേരളത്തിലെ സാധാരണ ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ ആദിവാസി സമരത്തിന് കഴിഞ്ഞെന്ന് അദ്ദേഹം സമ്മതിച്ചു. ആദിവാസി ദലിത് കൗണ്‍സില്‍ നേതാവ് സി.കെ. ജാനുവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ എന്തെങ്കിലും ധാരണയുണ്ടായിരുന്നതായി ബിജെപി കരുതുന്നില്ല. എന്നാല്‍ സമരത്തിന്റെ ലക്ഷ്യങ്ങളില്‍ വ്യക്തത കുറവായിരുന്നു. സമരത്തെ നയിച്ചെങ്കിലും ജാനു ആദിവാസികളുടെ ഭൂരിഭാഗത്തിന്റെ പ്രതിനിധി അല്ലെന്നും പത്മനാഭന്‍ പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ പിഞ്ചു കുഞ്ഞിന്റെ കാല്‍പ്പാദം വെട്ടിമാറ്റിയ സംഭവത്തില്‍ മാര്‍ക്സിസ്റ് പാര്‍ട്ടി പരസ്യമായി മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ഇത്തരം കാടത്തങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ തോല്വിയില്‍ സിപിഎം ഇതുവരെ പാഠം പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തീവ്രവാദിയായ ഒസാമ ബിന്‍ ലാദന്‍ പോലും മാര്‍ക്സിസ്റ് അക്രമത്തെ അപലപിക്കും. ഇത്തരം നരാധമ പ്രവൃത്തികള്‍ ചെയ്യുന്ന സിപിഎമ്മിന് തീവ്രവാദത്തിനെതിരെ പ്രതിഷേധിക്കാന്‍ പോലും അര്‍ഹതയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചില മത-തീവ്രവാദ സംഘടനകള്‍ വളരുന്നുണ്ട്. അവയെ ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുക്തമായ നടപടിയെടുക്കണം. ഭരണകക്ഷിയായ മുസ്ലിംലീഗിലെ ഒരു വിഭാഗം ഒസാമയെ അനുകൂലിക്കുന്നുണ്ടെന്നും പത്മനാഭന്‍ ആരോപിച്ചു.

ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് പി.സി. തോമസിന്റെ കേന്ദ്ര മന്ത്രിസഭാ പ്രവേശത്തെ ഒരു മുതിര്‍ന്ന ബിജെപി നേതാവ് തുരങ്കം വച്ചുവെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.

ബിജെപിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 21 ഞായറാഴ്ച തുടങ്ങും. അന്നു തന്നെ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ ദില്ലിയില്‍ യോഗം ചേരുന്നുണ്ട്. കേരളത്തില്‍ ഈ ദിവസം പതാക ദിനമായി എല്ലാ ബിജെപി ബൂത്തു കമ്മിറ്റികളും ആഘോഷിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X