• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവധി തീരുന്നു : അടിപൊളി മൂഡില്‍ സ്ക്കൂള്‍ വിപണി

  • By Staff

തിരുവനന്തപുരം : വേനലവധിയ്ക്ക് വിടപറഞ്ഞ് പുതിയ അദ്ധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ വിപണിയില്‍ വില്‍പനയുടെ പൊടിപൂരം തുടങ്ങി. ഇനി രണ്ടാഴ്ചയാണ് സ്ക്കൂള്‍ തുറക്കലിന് അവശേഷിയ്ക്കുന്നത്. കുടയും ബാഗും നോട്ടുബുക്കുകളും യൂണിഫോമുകളും തേടി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കടകള്‍ കയറിയിറങ്ങുകയാണ്.

വാഗ്ദാനങ്ങളും സമ്മാനങ്ങളുമായി ആവശ്യക്കാരെ ആകര്‍ഷിയ്ക്കാന്‍ കച്ചവടക്കാര്‍ സകല തന്ത്രങ്ങളും പയറ്റുകയാണ്. സാമ്പത്തിക മാന്ദ്യം പിടിച്ചുലച്ച കുടുംബ ബജറ്റുമായി കടയിലെത്തുന്നവര്‍ക്ക് വിലക്കയറ്റം നേരിടേണ്ടി വരുന്നില്ലെന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാകുന്നു. ഒപ്പം ആശ്വാസവും.

പാഠ പുസ്തകങ്ങള്‍ക്ക് വില അല്‍പം കൂടിയെങ്കിലും നോട്ടുബുക്കുകള്‍ക്ക് പഴയ വില തന്നെയാണ്. യൂണിഫോം തുണിത്തരങ്ങളെയും വിലക്കയറ്റം ബാധിയ്ക്കാതിരുന്നത് രക്ഷിതാക്കള്‍ക്ക് അനുഗ്രഹമായി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും ഇവയ്ക്ക് കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

കുട്ടികള്‍ക്ക് വേണ്ട അത്യാവശ്യ സാധനങ്ങളടങ്ങിയ കിറ്റുകളാണ് ഇത്തവണത്തെ വിപണിയിലെ സവിശേഷത. ഏഴ് നോട്ടു ബുക്കുകളും പേനയും പെന്‍സിലും അടങ്ങുന്ന സ്ക്കൂള്‍ കിറ്റിന് വില 69 രൂപ. കിറ്റിന്റെ വരവ് മറ്റു സ്ഥാപനങ്ങളിലെ സ്ക്കൂള്‍ വിപണിയെ നേരിയ തോതില്‍ ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു.

എപ്പോഴത്തെയും പോലെ കുട വിപണിയിലെ മത്സരം ഇത്തവണയും കടുത്തതാണ്. ചൂടേറിയ മത്സരം കുടകളുടെ വിലയില്‍ വരുത്തിയത് 10 മുതല്‍ 20 ശതമാനം വരെ വിലക്കുറവാണ്. കഴിഞ്ഞ വര്‍ഷം 165 രൂപയ്ക്ക് വിറ്റ മൂന്നു മടക്കു കുടയ്ക്ക് ഇപ്പോള്‍ വില 150 രൂപ.

രസകരമായ ആകൃതിയും അത്ഭുതകരമായ വര്‍ണവൈവിദ്ധ്യങ്ങളുമായി കുരുന്നുകളെ ആകര്‍ഷിയ്ക്കാന്‍ എല്ലാ കുട നിര്‍മ്മാതാക്കളും കൈമെയ് മറന്നു പൊരുതുകയാണ്. 110 മുതല്‍ 165 വരെയാണ് കുട്ടികള്‍ക്കുളള കുടയുടെ വില നിലവാരം.

കുട കഴിഞ്ഞാല്‍ വിപണിയില്‍ ഏറ്റവുമധികം മത്സരം നടക്കുന്നത് ബാഗ് കമ്പനികള്‍ തമ്മിലാണ്. റീബോക്ക് മുതലായ വമ്പന്‍മാര്‍ മുതല്‍ ചെറുകിട ബാഗ് നിര്‍മ്മാതാക്കള്‍ വരെ രംഗത്തുണ്ട്. 60 രൂപ മുതല്‍ 650 രൂപ വരെ വിലമതിക്കുന്ന ബാഗുകള്‍ കുട്ടികളെ ഉദ്ദേശിച്ച് എത്തിയിട്ടുണ്ട്. 150നും 200നും ഇടയ്ക്ക് വിലവരുന്ന ബാഗുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.

ഒരു വര്‍ഷത്തെ ഗ്യാരണ്ടി നല്‍കുന്നവര്‍ മുതല്‍ സമ്മാനങ്ങള്‍ നല്‍കുന്നവര്‍ വരെയുണ്ട് ബാഗ് വില്‍പനക്കാരില്‍. ബാഗുകളുടെ എക്സ്ചേഞ്ച് മേള തന്നെ സംഘടിപ്പിച്ചാണ് ചിലര്‍ മത്സരത്തെ നേരിടുന്നത്.

സിനിമാ സ്പോര്‍ട്ട്സ് താരങ്ങളുടെ വിവിധ വര്‍ണ ചിത്രങ്ങളോടു കൂടിയ നോട്ടുബുക്കുകളുടെ വില്‍പനയും സജീവമാണ്. ലോകകപ്പ് ഫുട്ബാള്‍ കമ്പം മുതലെടുക്കാനും നിര്‍മ്മാതാക്കള്‍ മറന്നിട്ടില്ല. എങ്കിലും ക്രിക്കറ്റ് താരങ്ങളുടെ ചിത്രമുളള നോട്ടുബുക്കുകളോടാണ് കുട്ടികള്‍ക്ക് പഥ്യം. 100 പേജ് നോട്ട്ബുക്കിന് ശരാശരി ഏഴു രുപയാണ് വില. 200 പേജിന് 13 രൂപയും. 400 പേജ് ബുക്ക് 26 രൂപ.

സമയത്ത് തയ്ച് കിട്ടാനുളള ബുദ്ധിമുട്ടോര്‍ത്ത് പലരും ഇക്കുറി യൂണിഫോം തുണി നേരത്തെ തന്നെ വാങ്ങി. അതിനാല്‍ ഇപ്പോള്‍ യൂണിഫോം വിപണിയില്‍ നേരിയ മാന്ദ്യമുണ്ട്. മിക്ക സ്ക്കൂളുകളും തുണി വിതരണം ചെയ്യുന്നതും മാന്ദ്യത്തിന് കാരണമാണ്. എങ്കിലും പുതുവസ്ത്രങ്ങളുടെ വിപണി സജീവമാണ്. യൂണിഫോമിന്റെ വൈരസ്യം വിട്ട് ആദ്യ ദിനം ആകര്‍ഷകമായ വര്‍ണ്ണക്കുപ്പായമിടാനുളള അവസരം ആരും കളയാന്‍ ഒരുക്കമല്ല. സിനിമയും സീരിയലുകളും സൃഷ്ടിക്കുന്ന പുതിയ ഫാഷന്‍ ഭ്രമങ്ങളും വിപണിയെ സ്വാധീനിയ്ക്കുന്നുണ്ട്.

പേനകള്‍ വാങ്ങാനും ആളേറെയാണ്. എണ്ണിയാലൊടുങ്ങാത്ത മോഡലുകളില്‍ പേനകള്‍ ലഭ്യമാണ്. എഴുതാനുളള സൗകര്യത്തിനു പുറമേ പേനകള്‍ ആഡംബര ചിഹ്നവും ആയതോടു കൂടി ഹൈസ്ക്കൂളുകാര്‍ പേന തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ആലോചിയ്ക്കും. അഞ്ചു രൂപ മുതല്‍ മികച്ച പേനകള്‍ ലഭ്യമാണ്. പെന്‍സിലിനും വിലക്കൂടുതലില്ല. പഴയ തടിപെന്‍സിലില്‍ നിന്നും ആധുനിക പെന്‍സിലും ഒരുപാട് മാറിക്കഴിഞ്ഞു.

ലീവ് സറണ്ടര്‍ നിര്‍ത്തലാക്കിയത് സ്ക്കൂള്‍ വിപണിയെ അത്ര കണ്ട് ബാധിച്ചിട്ടില്ലെന്നാണ് ആദ്യ സൂചനകള്‍. പുത്തനുടുപ്പും പുതിയ കുടയും ബാഗുമായി കോരിച്ചൊരിയുന്ന മഴയത്ത് പുതിയ അദ്ധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ കുട്ടികള്‍ തയ്യാറായിക്കഴിഞ്ഞു. പുതിയ പാഠങ്ങളും പുതിയ അദ്ധ്യാപകരും അവരെ കാത്തിരിക്കുന്നു. ചിലരെയെങ്കിലും പുതിയ കൂട്ടുകാരും. അടിച്ചു പൊളിക്കാന്‍ അവരെ അണിയിച്ചൊരുക്കുന്ന വിപണിയും തല്‍ക്കാലം അടിച്ചു പൊളി മൂഡില്‍ തന്നെ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more