കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ആണവ സുരക്ഷാ മാനദണ്ഡ കരാറില്‍ ഒപ്പുവച്ചു

  • By Staff
Google Oneindia Malayalam News

വിയന്ന: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക്‌ (ഐഎഇഎ) ഇന്ത്യയുടെ സൈനികേതര ആണവനിലയങ്ങള്‍ പരിശോധിക്കാനായി തുറന്നുകൊടുക്കുന്ന കരാറില്‍ ഇരുകക്ഷികളും തിങ്കളാഴ്‌ച ഒപ്പുവെച്ചു.

ഓസ്‌ട്രിയയിലെ ഇന്ത്യന്‍ അംബാസഡര്‍ സൗരഭ്‌ കുമാറും ഐഎഇഎ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ്‌ എല്‍ബെരാദിയുമാണ്‌ വിയന്നയിലെ ഐഎഇഎ ആസ്ഥാനത്ത്‌, ഇന്ത്യയ്‌ക്കു പ്രത്യേകമായുള്ള സുരക്ഷാ കരാറില്‍ (ഐഎസ്‌എസ്‌എ) ഒപ്പുവെച്ചത്‌.

ഇതോടെ 34 വര്‍ഷമായി ആണവവ്യാപാരരംഗത്ത്‌ ഇന്ത്യയ്‌ക്കുണ്ടായിരുന്ന വിലക്ക്‌ നീങ്ങി.

ഐഎഇഎയിലെ 35 അംഗ ബോര്‍ഡ്‌ ഓഫ്‌ ഗവര്‍ണേഴ്‌സ്‌ 2008 ആഗസ്‌ത്‌ ഒന്നിന്‌ അംഗീകാരം നല്‍കിയ സുരക്ഷാകരാറിലാണ്‌ തിങ്കളാഴ്‌ച ഒപ്പുവെച്ചത്‌. ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ നടപ്പാക്കുന്നതിനും 45 അംഗ ആണവ വിതരണ സഖ്യവും (എന്‍എസ്‌ജി) ഇന്ത്യയും തമ്മില്‍ ആണവ വ്യാപാരം നടത്തുന്നതിനും ഇങ്ങനെയൊരു സുരക്ഷാകരാര്‍ ആവശ്യമാണ്‌.

ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവെക്കാത്ത രാജ്യമായ ഇന്ത്യയ്‌ക്ക്‌ ഈ രണ്ടു കാര്യങ്ങളിലും പ്രത്യേക ഇളവനുവദിക്കുന്നതിന്റെ ഭാഗമായിരുന്നു സുരക്ഷാ പരിശോധനാ കരാറില്‍ ഒപ്പുവെക്കണമെന്ന നിബന്ധന.

തിങ്കളാഴ്‌ച ഒപ്പുവെച്ച കരാര്‍ അനുസരിച്ച്‌ ഇന്ത്യയിലെ 14 സൈനികേതര ആണവനിലയങ്ങളില്‍ 2014 ഓടെ ആണവോര്‍ജ ഏജന്‍സി പരിശോധന നടത്തും. ആകെയുള്ള 22 ആണവനിലയങ്ങളില്‍ 14 എണ്ണം സൈനികേതരമെന്നും എട്ടെണ്ണം സൈനികമെന്നും 2006ല്‍ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ വര്‍ഗീകരിച്ചിരുന്നു.

ഐഎസ്‌എസ്‌എയില്‍ ഒപ്പുവെച്ചതോടെ ഇന്ത്യ അന്താരാഷ്ട്ര സൈനികേതര ആണവ സമൂഹത്തിന്റെ ഭാഗമായെന്ന്‌ സൗരഭ്‌കുമാര്‍ അഭിപ്രായപ്പെട്ടു. ഐഎസ്‌എസ്‌എയില്‍ ഒപ്പുവെക്കാനായതില്‍ സന്തോഷമുണ്ടെന്ന്‌ ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്‌കര്‍ പറഞ്ഞു.

ഈ കരാര്‍ ഒപ്പുവെച്ചതോടെ റഷ്യയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ലഘുജല റിയാക്ടറുകള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയ്‌ക്കാവും. യുറേനിയം വിതരണം ചെയ്യാനുള്ള കരാറില്‍ കസാഖി‌സ്‌താനുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. റഷ്യയുമായും ഇന്ത്യ ആണവകരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്‌. കാനഡയുമായി ആണവവ്യാപാരം തുടങ്ങാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്‌.

ഫ്രാന്‍സിലെ മുഖ്യ ആണവോര്‍ജ വ്യാപാരികളായ അരേവയുമായാണ്‌ ഇന്ത്യ കരാറില്‍ ഏര്‍പ്പെടുക. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഫിബ്രവരി നാലിന്‌ ഒപ്പുവെക്കും. ആണവ ഇന്ധനവും സാങ്കേതിക വിദ്യയും രാജ്യത്തിന്‌ ലഭ്യമാക്കുന്നത്‌ ലക്ഷ്യം വച്ചുകൊണ്ടുള്ള കരാര്‍ അമേരിക്കയുമായി ഒപ്പുവച്ച 123 കരാറിന്റെ തുടര്‍ച്ചയാണ്‌.

അന്താരാഷ്ട്ര തലത്തില്‍ ആയുധ നിര്‍മാണത്തിനൊഴികെ സമാധാനപരമായ ആണവ സഹകരണം വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ്‌ ഇത്തരമൊരു കരാര്‍ നിലവില്‍ വന്നത്‌.

ആവശ്യത്തിന്‌ ആണവ ഇന്ധനം ലഭിക്കാത്തതിനാല്‍ രാജ്യത്തെ ആണവ റിയാക്ടറുകളുടെ 40 ശതമാനം ശേഷി മാത്രമേ ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുള്ളു. കരാറില്‍ ഒപ്പുവയ്‌ക്കുന്നതോടെ റിയാക്ടറുകളിലേയ്‌ക്ക്‌ ആവശ്യത്തിന്‌ ഇന്ധനം ലഭിക്കുമെന്നാണ്‌ രാജ്യത്തിന്റെ പ്രതീക്ഷ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X