കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകര്‍ച്ചവ്യാധി: കേന്ദ്രസംഘം ആലപ്പുഴയില്‍

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ തീരദേശ മേഖലകളില്‍ കോളറ പടര്‍ന്നു പിടിക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ കേന്ദ്രസംഘമെത്തി. വ്യാഴാഴ്‌ച വൈകീട്ട്‌ ഇവിടെയെത്തിയ അഞ്ചംഗസംഘം വെള്ളിയാഴ്‌ച രാവിലെ തീരദേശത്ത്‌ സന്ദര്‍ശനം തുടങ്ങി.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്മ്യൂണിക്കബിള്‍ ഡിസീസസിലെ ജോയിന്റ്‌ ഡയറക്ടര്‍മാരുടെ സംഘമാണ്‌ കോളറ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്‌. ഡോക്ടര്‍ അവധേഷ്‌ കുമാര്‍, ഡോക്ടര്‍ ശ്യാമള്‍ ബിശ്വാസ്‌, ഡോക്ടര്‍ രാമമൂര്‍ത്തി, ഡോക്ടര്‍ ദീപ എന്നിവരും ദില്ലി രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍ ഹരീഷ്‌ ഗുപ്‌തയുമാണ്‌ സംഘത്തിലുള്ളത്‌.

വ്യാഴാഴ്‌ച ആരോഗ്യവകുപ്പ്‌ അധികൃതരുമായി പ്രാഥമിക ചര്‍ച്ച നടത്തുകയും കോളറ റിപ്പോര്‍ട്ട്‌ ചെയ്‌ത പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തിട്ടുണ്ട്‌. സംസ്ഥാന പകര്‍ച്ചവ്യാധി നിയന്ത്രണ സെല്‍ ഡയറക്ടര്‍ ഡോക്ടര്‍ തോമസ്‌ മാത്യു, ജില്ലാ കളക്ടര്‍ പി വേണുഗോപാല്‍, ജില്ലാ മെഡിക്കല്‍ ഓഫിസല്‍ ഡോക്ടര്‍ വി.ജി രഘുനാഥന്‍ എന്നിവരില്‍ നിന്നാണ്‌ സംഘം വിവരങ്ങള്‍ ശേഖരിച്ചത്‌.

ഇതിനിടെ പകര്‍ച്ചപ്പനിയും കോളറയും പടര്‍ന്നുപിടിക്കുന്നത്‌ കണക്കിലെടുത്ത്‌ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടിവെള്ള വിതരണത്തിനായി ആലപ്പുഴ ജില്ലയ്‌ക്ക്‌ 75 ലക്ഷം രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ വ്യാഴാഴ്‌ച അറിയിച്ചു. ആലപ്പുഴ, കൈനകരി എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളപ്രശ്‌നം രൂക്ഷമാണ്‌.

ഇവിടങ്ങളില്‍ വെള്ളമെത്തിക്കുന്നതിനായി റവന്യൂ, ആരോഗ്യം, ജലവിഭവ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട്‌ അടിയന്തരനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്‌ മന്ത്രി അറിയിച്ചു. വാഹനങ്ങളിലും വള്ളങ്ങളിലുമായിട്ടാണ്‌ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുക.

പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന മേഖലകളില്‍ കേന്ദ്രസംഘം പര്യടനം നടത്തേണ്ടതിന്റെ ആവശ്യമില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യമന്ത്രി പികെ ശ്രീമതി വ്യാഴാഴ്‌ച പറഞ്ഞു.

എന്നാല്‍ പകര്‍ച്ചവ്യാധികളെക്കുറിച്ച്‌ വിലയിരുത്താന്‍ കേന്ദ്രസംഘത്തിന്‌ എപ്പോള്‍ വേണമെങ്കിലും സംസ്ഥാനത്ത്‌ വരാന്‍ അധികാരമുണ്ടെന്നും അതിന്റെ ഭാഗം മാത്രമാണ്‌ ഇപ്പോഴത്തെ അവരുടെ സന്ദര്‍ശനമെന്നും അറിയിച്ച മന്ത്രി കേന്ദ്രസംഘം സന്ദര്‍ശനം നടത്തണമെന്ന്‌ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ മൂന്ന്‌ ദിവസത്തിനുള്ളില്‍ എല്ലാ ജില്ലകളിലും സാംക്രമിക രോഗ വിദഗ്‌ധനെ നിയോഗിക്കുമെന്നും കോളറ ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ ധനസഹായം നല്‍കാന്‍ സര്‍ക്കാറിനോട്‌ ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X