വാഷിങ്ടണ്‍: 87 വര്‍ഷം മുമ്പ് വംശനാശം സംഭവിച്ചെന്ന് കരുതപ്പെട്ടിരുന്ന മഴവില്‍ തവളയെ കണ്ടെത്തി. മലേഷ്യന്‍ ദ്വീപായ ബോര്‍ണിയോയിലെ സരാവക് സംരക്ഷിത മേഖലയ്ക്കു സമീപമുള്ള വനത്തിലാണ് ഇവയെ കണ്ടെത്തിയത്. ഈ വിഭാഗത്തില്‍പ്പെട്ട തവള കുടുംബത്തെ തന്നെയാണ് മലേഷ്യന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.
പ്രായപൂര്‍ത്തിയായ ഒരു പെണ്‍ തവളയെയും ഒരു ആണ്‍ തവളയെയും ഒരു കുഞ്ഞിനെയുമാണു കണ്ടെത്തിയതെന്ന് അവര്‍ അറിയിച്ചു.
നീണ്ടു മെലിഞ്ഞ കൈകാലുകളും ദേഹമാസകലം സപ്ത വര്‍ണ പൊട്ടുകളുമുള്ള മഴവില്‍ തവളയെ അവസാനമായി കണ്ടതായി രേഖപ്പെടുത്തിയത് 1924ലാണ്. വംശനാശം സംഭവിച്ചെന്നു കരുതപ്പെടുന്ന 10 തവള ഇനങ്ങളില്‍ കാണാന്‍ ഏറ്റവും ഭംഗിയുള്ള ഇനമായിരുന്നു ഇവ.
വംശനാശം നേരിടുന്ന ഉഭയജീവികളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 2010ല്‍ ആഗോളതലത്തില്‍ ആരംഭിച്ച തിരച്ചിലിലാണ് സുന്ദരന്‍ തവളയെ കണ്ടെത്തിയത്.