കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുള്ളറ്റ് ട്രെയിന്റെ റൂട്ട് മാപ്പ് റെഡി...

  • By Super
Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍പ്പാതയുടെ പ്രാഥമിക റൂട്ട്മാപ്പ് വെബ്‌സൈറ്റില്‍. പാതയുടെ പ്രാഥമിക സര്‍വേ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് അതിവേഗ റെയില്‍ കോറിഡോര്‍ ലിമിറ്റഡിന്റെ (കെഎച്ച്എസ്ആര്‍സിഎല്‍) വെബ്‌സൈറ്റില്‍ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചത്.

Thiruvananthapuram–Mangalore high-speed passenger corridor route map

വെബ്‌സൈറ്റ് തുടങ്ങിയ ഉടനെ പ്രാഥമിക റൂട്ട്മാപ്പ് ഡൗണ്‍ലോഡ്‌ചെയ്യാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ മ്ാത്രമാണ് ഇത് ലഭ്യമായത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ നീളുന്ന 521 കിലോമീറ്റര്‍ അതിവേഗ റെയില്‍ പാത ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്നുണ്ട്.

ദില്ലി മെട്രോ റെയില്‍ കോര്‍പറേഷനാണ് (ഡിഎംആര്‍സി) സര്‍വേ നടത്തി വിശദ പദ്ധതിറിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നത്. പാതയുടെ ദിശ നിശ്ചയിക്കാനുള്ള സര്‍വേ പൂര്‍ത്തിയായി. ഉപഗ്രഹ സഹായത്തോടെയാണ് സ്ഥലം അടയാളപ്പെടുത്തിയത്. അന്തിമദിശയും വിശദ പദ്ധതിരേഖയും തയ്യാറാക്കുന്നതിനു മുന്നോടിയായുള്ള മണ്ണിന്റെ ഉറപ്പ് പരിശോധിക്കല്‍ ജില്ലകള്‍തോറും പുരോഗമിയ്ക്കുകയാണ്.

അതിവേഗപാത കടന്നുപോകുന്ന പ്രദേശങ്ങളുടെ സൂഷ്മവിവരം പ്രാഥമിക ദിശാരേഖയിലില്ല. വിശദ പദ്ധതിരേഖ തയ്യാറാക്കുമ്പോള്‍ മാത്രമാണ് അന്തിമമായി തീരുമാനിക്കുക. ഡിസംബറോടെ ഇതു തയ്യാറാകുമെന്നാണ് കെഎസ്എച്ച്ആര്‍സി അധികൃതര്‍ അറിയിക്കുന്നത്. ഇപ്പോള്‍ അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമായ രൂപരേഖപ്രകാരം തെക്ക് വടക്ക് നീളുന്ന പാതയുടെ ഏകദേശ ദിശമാത്രമാണുള്ളത്.

മുന്നൂറ് കിലോമീറ്റര്‍ വേഗതയില്‍ കുതിയ്ക്കുന്ന ബുള്ളറ്റ് ട്രെയിന് ഓരോ സ്‌റ്റേഷിനും രണ്ട് മിനിറ്റ് നേരത്തേക്ക് മാത്രമാണ് സ്‌റ്റോപ്പുണ്ടാവുക. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു നിന്നും ഓരോ ജില്ലകളിലേക്കുമുള്ള യാത്രാദൈര്‍ഘ്യവും കണക്കാക്കിയിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് പദ്ധതിയുടെ ആദ്യഘട്ടം. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനടുത്തുനിന്നാരംഭിക്കുന്ന പാത തീരദേശത്തോടുചേര്‍ന്നാണ് നിര്‍മിയ്ക്കുക. നിലവിലെ റെയില്‍പ്പാതയില്‍നിന്ന് കിഴക്കോട്ടുമാറി നീങ്ങി കൊട്ടിയത്ത് ആദ്യ 52 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.

കൊല്ലം-പുനലൂര്‍ പാത മുറിച്ചുകടന്ന് കല്ലട, ശാസ്താംകോട്ട, കുന്നത്തൂര്‍ എന്നിവിടങ്ങളിലൂടെ പത്തനംതിട്ട ജില്ലയോട് ചേര്‍ന്ന് ആലപ്പുഴ ജില്ലയിലേക്ക് കടക്കും. ചാരുംമൂടിലൂടെ ചെങ്ങന്നൂരിലെത്തി 104 കിലോമീറ്റര്‍ പൂര്‍ത്തിയാക്കും. തിരുവല്ല പാതയ്ക്ക് സമാന്തരമായി നീങ്ങി ചങ്ങനാശേരി, നാട്ടകം വഴി കോട്ടയത്ത് എത്തിച്ചേരും.

തുടര്‍ന്ന് നിലവിലുള്ള റെയില്‍പ്പാതയ്ക്ക് പടിഞ്ഞാറേ ഭാഗത്തേക്കുമാറും. മാന്നാനം, ഓണംതുരുത്ത്, വൈക്കം റോഡ് തുടങ്ങിയ പ്രദേശങ്ങള്‍ക്കടുത്തുകൂടി എറണാകുളം ജില്ലയിലേക്കെത്തും. ചോറ്റാനിക്കര, തൃപ്പൂണിത്തുറ ഭാഗത്തൂടെ എറണാകുളത്തെത്തും. തൃപ്പൂണിത്തുറ കഴിഞ്ഞാണ്് എറണാകുളത്തെ സ്റ്റേഷന്‍. തിരുവനന്തപുരത്തു നിന്നും കൊച്ചിയിലെത്താന്‍ 53 മിനിറ്റ് നേരമാണ് കണക്കുക്കൂട്ടിയിരിക്കുന്നത്. തുടര്‍ന്ന് പാത നിലവിലെ റെയില്‍പ്പാതയ്ക്ക് കിഴക്കുഭാഗത്തേക്ക് മാറും.

ഇവിടെനിന്ന് ഇടപ്പള്ളി, കളമശേരി, അങ്കമാലി, കറുകുറ്റിവഴി റെയില്‍പ്പാതയ്ക്ക് ഏതാണ്ട് സമാന്തരമായി നീങ്ങി തൃശൂര്‍ ജില്ലയിലേക്കു കടക്കും. ഇവിടെനിന്ന് ഷൊര്‍ണൂര്‍പ്പാത മുറിച്ച് പെരിങ്ങനാട്, ചെമ്മനങ്ങാട്, തൃത്താലവഴി തിരൂരിലെത്തും. ഇവിടെനിന്ന് വാളാഞ്ചേരി, കോട്ടയ്ക്കല്‍വഴി കോഴിക്കോട്ടേക്കുള്ള പാതയ്ക്ക് സമാന്തരമായാണ് അതിവേഗപാതയുടെ പ്രയാണം.

ബേപ്പൂരാണ് കോഴിക്കോട്ടെ സ്‌റ്റേഷന്‍. ഇവിടേക്കെത്താന്‍ 98 മിനിറ്റ് വേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. ചേമഞ്ചേരി, പയ്യോളി, മണിയൂര്‍, എടച്ചേരി, എന്നിവയ്ക്കടുത്തുകൂടി കണ്ണൂരിലേക്കെത്തും. ചൊക്ലി, കതിരൂര്‍, പെരളശേരിവഴി കടന്ന് ചേലോറയ്ക്കടുത്താണ് കണ്ണൂര്‍ ജില്ലയിലെ സ്‌റ്റോപ്പ്. പാപ്പിനിശേരി, കുറ്റിയേരി എന്നിവയ്ക്കടുത്തുകൂടി ആലപ്പടമ്പയിലൂടെ കാസര്‍കോട് ജില്ലയിലെ ചീമേനിയിലെത്തും.

മധൂരിലാണ് കാസര്‍കോട് ജില്ലയിലെ സ്‌റ്റേഷന്‍. 142 മിനിറ്റ് യാത്രയോടെയാണ് കേരളത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്കെത്താമെന്നതാണ് അതിവേഗ റെയില്‍ പാതയുടെ സവിശേഷതയായി ഉയര്‍ത്തിക്കാണിയ്ക്കുന്നത്. ഭാവിയില്‍ കാസര്‍കോടു നിന്നും മംഗലാപുരത്തേക്ക് പാത നീട്ടാനുള്ള സാധ്യതകളുമുണ്ട്. ചെങ്ങന്നൂര്‍, തിരൂര്‍, തലശേരി എന്നിവിടങ്ങളില്‍ ഭാവിയില്‍ സ്റ്റേഷനുകള്‍ ആരംഭിയ്ക്കാമെന്നും വെബ്സൈറ്റ് വിശദീകരിയ്ക്കുന്നു.

ഇപ്പോള്‍ പൂര്‍ത്തിയായ സര്‍വേയുടെ ഭാഗമായി ഓരോ സ്ഥലത്തും അടയാളക്കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടയാളത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ എവിടെ വേണമെങ്കിലും പാതയ്ക്ക് സ്ഥലമെടുക്കാമെന്നാണ് കെഎസ്എച്ച്ആര്‍സി അധികൃതര്‍ പറയുന്നത്. കൃത്യസ്ഥലം ഏതാകുമെന്ന് ഡിപിആര്‍ തയ്യാറാക്കിയശേഷമേ അറിയാനാകൂ.

കോട്ടയത്ത് പാത നഗരത്തിലൂടെയാകുമെന്നും തിരുവനന്തപുരം കിഴക്കേകോട്ടയും ടെക്‌നോപാര്‍ക്ക് പ്രദേശവും പാതയില്‍ ഉള്‍പ്പെടുമെന്നും നഗരപ്രദേശങ്ങളെ പരമാവധി ഒഴിവാക്കുമെന്നും കെഎസ്എച്ച്ആര്‍സി സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം അതിവേഗ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സര്‍വെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ പ്രതിഷേധം കൂടുതല്‍ ശക്തിപ്രാപിയ്ക്കാനാണ് സാധ്യത.

English summary
The Thiruvananthapuram–Mangalore high-speed passenger corridor is a proposed high-speed rail corridor in India connecting the capital city of Kerala, Thiruvananthapuram with Mangalore in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X