• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സമകാലീന കലയുടെ അര്‍ത്ഥതലങ്ങള്‍ സന്ദര്‍ശകരിലേക്കെത്തിച്ച് കൊച്ചി-മുസിരിസ് ബിനാലെയിലെ ആര്‍ട്ട് മീഡിയേറ്റര്‍മാര്‍

  • By Desk

കൊച്ചി: മലയാളികളായ കലാസ്വാദകരില്‍ പുതിയൊരു സംസ്കാരം സൃഷ്ടിച്ചാണ് 2012 ല്‍ കൊച്ചി-മുസിരിസ് ബിനാലെ ആരംഭിച്ചത്. ബിനാലെ അതിന്‍റെ നാലാം ലക്കത്തിലെത്തി നില്‍ക്കുമ്പോള്‍ ലോകമെമ്പാടും പ്രശസ്തമായതിന്‍റെ പ്രധാന ഘടകം ജനങ്ങളുടെ പങ്കാളിത്തമാണ്. ജനങ്ങളുടെ ബിനാലെ എന്ന് അന്താരാഷ്ട്ര തലത്തില്‍ കൊച്ചി ബിനാലെയ്ക്ക് ഖ്യാതി നല്‍കിയതില്‍ ഇവിടുത്തെ ആസ്വാദകരുടെ പങ്ക് ചെറുതല്ല. സമകാലീന കലയെ ഇത്രയധികം ആസ്വാദ്യമാക്കിയതില്‍ ബിനാലെ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ആര്‍ട്ട് മീഡിയേറ്റര്‍മാരുടെ പങ്ക് ഏറെ വലുതാണ്.

കിട്ടുന്നത് മാറി മാറി വരുന്ന സർക്കാരിന്റെ ഉറപ്പ് മാത്രം... 50 വർഷമായി പട്ടയമില്ല, തൃശൂരിലെ മലയോര കർഷകർ ദുരിതത്തിൽ!

ബിനാലെയിലെ ആസ്വാദ്യതലം വ്യത്യസ്തമാണെന്നു മനസിലാക്കിയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രദര്‍ശനങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്ക് അവഗാഹം വരുത്തുന്നതിന് ആര്‍ട്ട് മീഡിയേറ്റര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ഇതിനായി താത്പര്യമുള്ള ഭാഷാപ്രാവീണ്യമുള്ളവരെ അപേക്ഷ മുഖാന്തിരമാണ് ഫൗണ്ടേഷന്‍ തെരഞ്ഞെടുത്തത്. സൗജന്യമായ രണ്ട് ഗൈഡഡ് ടൂറുകളാണ് ആര്‍ട്ട് മീഡിയേറ്റര്‍മാര്‍ എല്ലാ ദിവസവും നടത്തുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രത്യേകം ടൂറുകള്‍ ഉണ്ടാകും. ഇതു കൂടാതെ പണമടച്ച് ആര്‍ട്ട് മീഡിയേറ്റര്‍മാരുടെ സേവനം ലഭ്യമാക്കാനും സംവിധാനമുണ്ട്.

ബിനാലെ പ്രദര്‍ശനങ്ങളിലെ കല, സംസ്കാരം, രാഷ്ട്രീയം, സാമൂഹികപ്രാധാന്യം എന്നിവ ആര്‍ട്ട് മീഡിയേറ്റര്‍മാരിലൂടെ സന്ദര്‍ശകര്‍ക്ക് മനസിലാക്കാം. ഇതു കൂടാതെ ഓരോ പ്രതിഷ്ഠാപനവും ഒരുക്കിയ ആര്‍ട്ടിസ്റ്റുകളെ കുറിച്ചുള്ള വിവരവും ഇവരില്‍ നിന്നും സന്ദര്‍ശകര്‍ക്ക് ലഭിക്കും. സന്ദര്‍ശകര്‍ കൂടുന്നതനുസരിച്ച് കൂടുതല്‍ ആര്‍ട്ട് മീഡിയേറ്റര്‍മാരെ നിയോഗിക്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. ആസ്പിന്‍വാളിലെ പ്രധാനവേദി കൂടാതെ മറ്റിടങ്ങളില്‍ ആര്‍ട്ട് മീഡിയേറ്റര്‍മാരെ ഉള്‍പ്പെടുത്തി കലാനടത്തങ്ങള്‍ തുടങ്ങാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കലാപ്രതിഷ്ഠാപനങ്ങളുമായി സന്ദര്‍ശരെ കൂടുതലടുപ്പിക്കുക എന്നതാണ് ഈ ആശയത്തിന്‍റെ ലക്ഷ്യമെന്ന് ഫൗണ്ടേഷനിലെ ഗവേഷക സഹായിയും പ്രസിദ്ധീകരണ വിഭാഗം അസിസ്റ്റന്‍റുമായ അന്നലിസ മന്‍സുഖനി പറഞ്ഞു. സന്ദര്‍ശകരുടെ അഭിരുചി അനുസരിച്ചാണ് അവരെ പല പ്രതിഷ്ഠാപനങ്ങളും കാണിക്കുന്നത്. ബാലസൗഹൃദമായാണ് ടൂറുകളെന്നും അന്നലിസ പറഞ്ഞു.

ബിനാലെയ്ക്ക് ഒരുമാസം മുമ്പാണ് ആര്‍ട്ട് മീഡിയേറ്റര്‍മാര്‍ ക്യൂറേറ്റര്‍ സംഘത്തിനൊപ്പം ചേര്‍ന്നത്. എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍, ബിരുദധാരികളായ യുവാക്കള്‍, പത്താംതരം പാസായ കലാഭിരുചിയുള്ള വ്യക്തികള്‍ തുടങ്ങിയവരാണ് ആര്‍ട്ട് മീഡിയേറ്റര്‍മാരായി ജോലി ചെയ്യുന്നത്. നവംബര്‍ മുതല്‍ ഇവര്‍ക്ക് ഫൗണ്ടേഷന്‍ പരിശീലന കളരികള്‍ ഒരുക്കിയിരുന്നുവെന്ന് അന്നലിസ പറഞ്ഞു. പല പ്രതിഷ്ഠാപനങ്ങളും സ്ഥാപിക്കുന്ന സമയത്തും ആര്‍ട്ട് മീഡിയേറ്റര്‍മാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നതിനാല്‍ ഇവയെക്കുറിച്ച് വ്യക്തമായ ധാരണ ഇവര്‍ക്ക് ലഭിച്ചുവെന്നും അന്നലിസ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയം പറയുന്ന പ്രതിഷ്ഠാപനങ്ങളെക്കുറിച്ച് അറിയാനാണ് തനിക്കിഷ്ടമെന്ന് ഡല്‍ഹിയില്‍ നിന്നെത്തിയ മാധ്യമ വിദ്യാര്‍ത്ഥി അഭിഷേക് ശര്‍മ്മ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ തന്നെ ആര്‍ട്ട് മീഡിയേറ്റര്‍മാര്‍ തനിക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശകരുടെ താത്പര്യങ്ങളും ഇക്കാര്യത്തില്‍ വിഭിന്നമാണെന്ന് അന്നലിസ പറഞ്ഞു. ചിലര്‍ക്ക് ചിത്രകരചനയിലാകും താത്പര്യമെങ്കില്‍ മറ്റ് ചിലര്‍ക്ക് പ്രതിമാനിര്‍മ്മാണത്തിലാകും. ലഭിക്കുന്ന സമയം കൊണ്ട് ഈ അഭിരുചികളെയെല്ലാം തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ടൂറുകള്‍ നടത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കാഴ്ചയിലെ കൗതുകത്തിനപ്പുറത്തേക്ക് എന്താണ് പ്രതിഷ്ഠാപനം കൊണ്ട് കലാകാരന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് ആര്‍ട്ട് മീഡിയേറ്റര്‍മാര്‍ വ്യക്തമാക്കി തന്നുവെന്ന് തേവര വൃദ്ധ സദനത്തില്‍ നിന്നും ബിനാലെ കാണാനെത്തിയ സംഘത്തിലെ സരസു പറഞ്ഞു. സാധാരണ കാണുന്ന കലാപ്രദര്‍ശനമല്ല ബിനാലെ, അതിനാല്‍ തന്നെ പൊതുജനങ്ങള്‍ക്ക് ഇതെക്കുറിച്ച് മനസിലാക്കിത്തരുന്നതില്‍ ആര്‍ട്ട് മീഡിയേറ്റര്‍മാരുടെ സഹായം വലുതാണെന്നും അവര്‍ പറഞ്ഞു.

ബിനാലെ പ്രദര്‍ശനങ്ങള്‍ തനിയെ കാണാനാണ് ഇഷ്ടപ്പെടുന്നതെങ്കിലും ആര്‍ട്ട് മീഡിയേറ്റര്‍മാരുടെ പങ്ക് കുറച്ചു കാണാനാകില്ലെന്ന് ചലച്ചിത്രകാരന്‍ രാജേഷ് ടി ദിവാകരന്‍ പറഞ്ഞു. വില്യം കെന്‍റ്റിഡ്ജിന്‍റെ സൃഷ്ടികള്‍ ഏറെ ഇഷ്ടമാണ്. എന്നാല്‍ ആര്‍ട്ട് മിഡിയേറ്റര്‍മാര്‍ റാഡെന്‍കോ മിലാകിന്‍റെ രചനകള്‍ കാണിച്ചപ്പോഴാണ് രണ്ട് സൃഷ്ടികളുടെ രചന രീതികളിലെ താരതമ്യം മനസിലായതെന്നും അദ്ദേഹം പറഞ്ഞു.

പ്രദര്‍ശനങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന സൂചകങ്ങളിലെ വാചകങ്ങള്‍ക്കപ്പുറം പ്രതിഷ്ഠാപനങ്ങളെക്കുറിച്ച് ആര്‍്ട്ട മീഡിയേറ്റര്‍മാര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് ദക്ഷിണ കൊറിയന്‍ ചലച്ചിത്രകാരി യുന്‍ ജൂ ചാങ് പറഞ്ഞു. വിവിധ കലാകാരډാര്‍ അവലംബിക്കുന്ന കലാരീതികള്‍ മനസിലാക്കാനും ഇതു വഴി സാധിച്ചു. പണം നല്‍കി ആര്‍ട്ട് മീഡിയേറ്റര്‍മാരുടെ സേവനം ലഭിക്കുന്നതിന് 3000 രൂപയാണ് നിരക്ക്. അഞ്ച് പേര്‍ വരെയുള്ള സംഘത്തിന് നാലു മണിക്കൂര്‍ നേരത്തേക്ക് ഈ സേവനം ലഭിക്കും. തുടക്കത്തില്‍ ബിനാലെ നാലാം ലക്കത്തെ കുറിച്ചുള്ള രത്നച്ചുരുക്കം സന്ദര്‍ശകര്‍ക്ക് നല്‍കും. പിന്നീട് അവരുടെ താത്പര്യമനുസരിച്ച് ടൂറുകള്‍ ക്രമീകരിക്കുമെന്ന് അന്നലിസ പറഞ്ഞു. പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കത്തില്‍ പത്തു വേദികളിലായി 94 കലാപ്രതിഷ്ഠാപനങ്ങളാണുള്ളത്.

Ernakulam

English summary
Art mediators in Kochi-Muziris Biennale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X