എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ദൈവങ്ങളുടെ ഉച്ചകോടി'യുമായി നാഗാ ആര്‍ട്ടിസ്റ്റ് ലോംഗ്കുമാര്‍ ബിനാലെയിൽ; നാലാം ലക്കത്തിലെ വിസ്മയം

  • By Desk
Google Oneindia Malayalam News

കൊച്ചി: നൂറ്റാണ്ടുകളായി ചെയ്തു കൂട്ടിയ തെറ്റുകള്‍ പരിഹരിക്കുന്നതിനു വേണ്ടി ഈ ലോകത്തെ എല്ലാ ദൈവങ്ങളും ഒന്നിച്ച് ഉച്ചകോടി നടത്തിയാല്‍ എന്താകും അവസ്ഥ. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഗാലാന്‍റ് സ്വദേശിയായ തെംസുയാംഗര്‍ ലോംഗ്കുമാര്‍ രചിച്ച മൂന്ന് പ്രതിഷ്ഠാപനങ്ങളില്‍ ഗോഡ്സ് സമ്മിറ്റ്(ദൈവങ്ങളുടെ ഉച്ചകോടി) എന്ന സൃഷ്ടി ചര്‍ച്ച ചെയ്യുന്ന പ്രമേയം ഇതാണ്.

ഗോത്രവര്‍ഗ സംസ്കാരത്തിന്‍റെ എല്ലാ വൈവിദ്ധ്യങ്ങളും നിലനില്‍ക്കുന്ന നാഗാലാന്‍റിലെ തന്‍റെ ഭൂതകാലത്തില്‍ നിന്നാണ് കൊച്ചി ബിനാലെയിലെ പ്രതിഷ്ഠാപനങ്ങള്‍ക്കുള്ള പ്രചോദനം ലോംഗ്കുമാറിന് ലഭിച്ചത്. പ്രതിമാനിര്‍മ്മിതിയിലധിഷ്ഠിതമായ മള്‍ട്ടിമീഡിയ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഫോര്‍ട്ട്കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസിലെ സൃഷ്ടി ഒരുക്കിയിരിക്കുന്നത്. പല രൂപത്തില്‍ പലഭാഷയില്‍ ഈ രൂപങ്ങള്‍ പരസ്പരം നടത്തുന്ന സംഭാഷണങ്ങള്‍ ഇതിനെ വ്യത്യസ്തമാക്കുന്നു.

binnale


വിവിധ തലങ്ങളിലുള്ള തത്വചിന്തയാണ് ദൈവങ്ങള്‍ നമ്മുക്കു മുന്നില്‍ അവതരിപ്പിക്കുന്നതെന്ന് 42 കാരനായ ലോംഗ്കുമാര്‍ പറഞ്ഞു. എന്നാല്‍ വിവിധ താത്പര്യങ്ങളും രാഷ്ട്രീയവും കടന്നു വരുമ്പോള്‍ അംഗീകരിക്കുകയും വിസമ്മതിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതിന്‍റെ നേര്‍ത്ത ശബ്ദങ്ങള്‍ കേള്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു. ബറോഡയിലെ എം എസ് സര്‍വകലാശാലയില്‍ നിന്നും ഗ്രാഫിക്സില്‍ ബിരുദാനന്തര ബിരുദധാരിയാണ് ലോംഗ്കുമാര്‍.

binnale


നാഗാലാന്‍റിലെ മോണ്‍ ജില്ലയിലെ ലാപ എന്ന കുഗ്രാമത്തിലാണ് ലോംഗ്കുമാര്‍ ജനിച്ചതും ബാല്യം ചെലവഴിച്ചതും. വ്യവസായവത്കരണം തൊട്ടുതീണ്ടിയില്ലാത്ത ഈ സ്ഥലം നാടോടിക്കഥകളാലും പ്രകൃതിഭംഗിയാലും സമ്പന്നമാണ്. ഈ പശ്ചാത്തലം തന്‍റെ രചനകളെയും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. വൈകാരികമായി ഏറെ അടുപ്പമുള്ള പ്രദേശമാണത്.

binnale

2001 ല്‍ റോയല്‍ ആര്‍ട്ട് കോളേജ് ഓഫ് ലണ്ടനില്‍ പഠിക്കാനവസരം ലഭിച്ച് അ്ദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. മാതൃരാജ്യത്ത് നിന്ന് എത്രയും അകന്നുവോ, അത്രയും വീക്ഷണങ്ങള്‍ക്ക് വ്യക്തത വന്നതായി ലോംഗ്കുമാര്‍ ഓര്‍ക്കുന്നു. മുളയുടെ പാത്രത്തില്‍ വെള്ളം കൊണ്ടു വന്നിരുന്ന ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വന്നത്. ആധുനികതയുടെ ഏക ദൃശ്യം വല്ലപ്പോഴും കടന്നു പോയിക്കൊണ്ടിരുന്ന ട്രെയിനാണ്. അമ്മാവന്‍ വാങ്ങിയ സൈക്കിള്‍ പോലും വലിയ അത്ഭുതമായിരുന്നുവെന്ന് ലോംഗ്കുമാര്‍ പറഞ്ഞു. ആശുപത്രി, സ്കൂള്‍, റോഡ്, ഗതാഗത സൗകര്യങ്ങള്‍ ഒന്നുമില്ല. പക്ഷെ എല്ലായിടത്തും ജാലവിദ്യകള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


ആസ്പിന്‍വാള്‍ ഹൗസില്‍ നിന്നും 300 മീറ്റര്‍ അകലെയുള്ള പെപ്പര്‍ ഹൗസിലാണ് അദ്ദേഹത്തിന്‍റെ രണ്ടാമത്തെ സൃഷ്ടി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയാണ് ഇതൊരുക്കിയിട്ടുള്ളത്. ക്യാച്ച് എ റെയിന്‍ബോ 2 എന്നാണിതിന്‍റെ പേര്. രാവും പകലും ഒരു പോലെ തെളിഞ്ഞു നില്‍ക്കുന്ന മഴവില്ലിനെ പ്രതീക്ഷയുടെ പ്രതീകമായി അവതരിപ്പിച്ചിരിക്കുന്നു. സ്വവര്‍ഗ രതി കുറ്റകരമല്ലാതാക്കിയ സുപ്രീം കോടതി വിധിയും ഈ സൃഷ്ടി പ്രതിനിധാനം ചെയ്യുന്നു.

തന്‍റെ ഭൂതകാലത്തെ ഓര്‍മ്മകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാപ്സ് പ്രൊജക്ടില്‍ ലോംഗ്കുമാര്‍ തയ്യാറാക്കിയ ആയ്, ആയ് മൈ സണ്‍ടാന്‍ഡ് ലല്ലബി. നാഗാലാന്‍റിലെ ആചാര രീതികളും രാഷ്ട്രീയവും ഈ സൃഷ്ടിയിലൂടെ സമന്വയിപ്പിക്കാന്‍ ലോംഗ്കുമാര്‍ ശ്രമിച്ചിരിക്കുന്നു. ഗ്രാമത്തിലെ അവിവാഹിതനായ യുവാവിന്‍റെ മുറിയായ മോരുംഗ് പോലെയാണ് ഈ വീഡിയോ പ്രതിഷ്ഠാപനം ഒരുക്കിയിട്ടുള്ളത്. ആറേഴു വയസുമുതല്‍ ആണ്‍കുട്ടികള്‍ ഇത്തരം മോരുംഗുകളിലാണ് ജീവിക്കുന്നത്. വിവാഹം കഴിക്കുന്നതോടെ അവര്‍ പുതിയ വീടു വച്ച് താമസം മാറും. പ്രായോഗിക ബുദ്ധിയില്‍ കൂടി സാംസ്കാരിക ശോഷണം സംഭവിക്കുന്നതാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഇതിന് നാഗാലാന്‍റിലെ സൈനിക സാന്നിദ്ധ്യത്തിന്‍റെ ലാഞ്ഛനയും സമന്വയിപ്പിച്ചിരിക്കുന്നു.

Ernakulam
English summary
gods-summit-in-kochi muziris binnale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X