എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 22 പഞ്ചായത്തുകളെ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചു; മൂന്നു ദിവസത്തിനകം ശുചീകരണം

  • By Desk
Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയില്‍ പ്രളയം രൂക്ഷമായി ബാധിച്ച 22 പഞ്ചായത്തുകളില്‍ മൂന്നു ദിവസത്തിനകം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഊര്‍ജിത നടപടികള്‍ക്ക് ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം രൂപം നല്‍കി. ആരോഗ്യ- ശുചീകരണ പ്രശ്നങ്ങള്‍ രൂക്ഷമായ 22 പഞ്ചായത്തുകളെ റെഡ് സോണായി പ്രഖ്യാപിച്ചാണ് നടപടികള്‍ക്ക് രൂപം നല്‍കിയത്. ഈ പഞ്ചായത്തുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വലിയ തോതില്‍ മാലിന്യം അടിഞ്ഞുകൂടിയിട്ടില്ലാത്ത പഞ്ചായത്തുകളെ യെല്ലോ, ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രളയക്കെടുതിയില്‍ ചത്തൊടുങ്ങിയ മൃഗങ്ങളെ സംസ്‌കരിക്കുന്നതിന് പ്രാധാന്യം നല്‍കും. പൊതു സ്ഥലങ്ങളുടെ ശുചീകരണവും അടിയന്തരമായി പൂര്‍ത്തിയാക്കും. വീടുകളുടെയും ആളുകള്‍ ഒഴിഞ്ഞുപോയ ക്യാമ്പുകളുടെയും ശുചീകരണവും പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ജെസിബി, ഹിറ്റാച്ചി പോലുള്ള യന്ത്രവാഹനങ്ങള്‍ക്ക് അമിത വാടക ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും.

malayattoorbridge

നിലവിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സേവനത്തിനു പുറമേ 22 ഡോക്ടര്‍മാര്‍ 22 പഞ്ചായത്തുകളില്‍ തിങ്കളാഴ്ച മുതല്‍ സേവനമാരംഭിക്കും. സബ്സെന്ററിലോ പഞ്ചായത്ത് നിര്‍ദേശിക്കുന്ന സ്ഥലത്തോ ആയിരിക്കും ഡോക്ടറുടെ സേവനം ലഭ്യമാക്കുക. ശുചീകരണത്തിനാവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍, ഗ്ലൗസ്, ഗം ബൂട്ട് തുടങ്ങിയവയ്ക്ക് ജില്ലയില്‍ ക്ഷാമമില്ലെന്ന് കലക്ടര്‍ അറിയിച്ചു. 24 ടണ്‍ ബ്ലീച്ചിംഗ് പൗഡര്‍ ആരോഗ്യ വകുപ്പിന്റെ കൈവശമുണ്ട്. ഇത് ആവശ്യാനുസരണം വിതരണം ചെയ്യും. മഞ്ഞുമ്മലിലെ കെഎംസിഎല്ലിന്റെ ഗോഡൗണിലും ബ്ലീച്ചിംഗ് പൗഡര്‍ ലഭ്യമാണ്. അതാത് പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രി വഴി ബന്ധപ്പെട്ടാല്‍ ഇത് ലഭിക്കുന്നതാണ്. ഗം ബൂട്ടുകള്‍ ആയിരം എണ്ണം സ്റ്റോക്കുണ്ട്. പഞ്ചായത്തുകളില്‍ 30-40 എണ്ണം വരെ വീതം ഇവ വിതരണം ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ഗ്ലൗസുകളും ലഭ്യമാണ്.

ഇവ ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജനറേറ്റര്‍, മോപ്പറുകള്‍ എന്നിവ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മോട്ടോര്‍ പമ്പ് സെറ്റ് 35 എണ്ണം ലഭ്യമാക്കിയിട്ടുണ്ട്. ജെസിബി, ടിപ്പര്‍ ലോറി, ജെറ്റ് പമ്പുകള്‍, ടാങ്കര്‍ ലോറി എന്നിവയും ആവശ്യത്തിന് ലഭ്യമാക്കുന്നുണ്ട്. പ്രളയം രൂക്ഷമായിരുന്ന പറവൂരില്‍ അഞ്ച് പമ്പ് സെറ്റുകളും മറ്റു പഞ്ചായത്തുകള്‍ക്ക് ഓരോ പമ്പ് സെറ്റ് വീതവും നല്‍കും. ഇരുപതിലധികം ജെസിബികള്‍ മൃഗങ്ങളുടെ ശവശരീരം നീക്കാന്‍ ഉപയോഗിക്കുന്നുണ്ട്. പോലീസിന്റെ നേതൃത്വത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പോലീസിന്റെ സേവനം ആവശ്യമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി അക്കാര്യം അറിയിക്കണം. പോലീസിന്റെ നേതൃത്വത്തില്‍ പത്ത് സ്ഥലങ്ങളില്‍ 1000 കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആയിരം പോലീസുകാരാണ് ശുചീകരണത്തിനിറങ്ങിയിട്ടുള്ളത്.

Ernakulam
English summary
District collector of Ernakulam has declared 22 panchayaths among red zone with regard to cleaning activities,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X