എന്തിന് സന്ദീപ് സിംഗ് ബിജെപി ഓഫീസിലേക്ക് 53 തവണ വിളിച്ചു? പാർട്ടിയെ പൊളിച്ചടുക്കി സിങ് വി
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം നടക്കുന്നതിനിടെ ബിജെപിക്കെതിരെ കോൺഗ്രസ് രാജ്യസഭാ എംപി അഭിഷേക് മനു സിങ് വി. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവും ബിജെപിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് വാർത്താ സമ്മേളനം വിളിച്ചുചേർക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ പശ്ചിമബംഗാളിൽ നിന്നുള്ള എംപിയാണ് സിങ് വി.

ബന്ധം ബിജെപിയുമായി
സുശാന്ത് സിംഗ് രാജ്പുത്തുമായി അടുപ്പമുള്ള സന്ദീപ് സിംഗിന് ബിജെപിയുമായും ബന്ധമുണ്ടെന്നാണ് മഹാരാഷ്ട്ര കോൺഗ്രസിന്റെ വക്താവ് സച്ചിൻ സാവന്ത് അവകാശപ്പെടുന്നത്. സിബിഐയും സിംഗിനെക്കുറിച്ച് അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്. സുശാന്ത് സിംഗ് രാജ് പുത്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയുടെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് സന്ദീപ് സിംഗിന്റെ പേരും കേസുമായി ബന്ധപ്പെട്ട് ചർച്ചയാവുന്നത്.

മയക്കുമരുന്ന് ബന്ധം
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെയാണ് സന്ദീപ് സിംഗിന്റെ മയക്കുമരുന്ന് ബന്ധം പുറത്തുവരുന്നത്. 2017-2018 കാലയളവിൽ ഫഡ്നാവിസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ എന്താണ് ചെയ്തിരുന്നതെന്നും സിങ് വി ചോദിക്കുന്നു. ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിക്കുന്ന രേഖകൾ പ്രകാരം മാർച്ച് 29ന് മൌറീഷ്യസിൽ വെച്ച് പ്രായപൂർത്തിയാവാത്ത സ്വിസ് പൌരനെ ആക്രമിച്ച കേസിൽ സന്ദീപ് സിംഗിനെതിരെ കേസ് നിലവിലുണ്ട്.

കോടികളുടെ കരാർ
മോദിയുടെ ബയോപികിന്റെ നിർമാതാക്കളിൽ ഒരാളായ സന്ദീപ് സിംഗിന് അടുത്തിടെ ഗുജറാത്തിലെ ബിജെപി സർക്കാർ സിംഗിന് കോടികളുടെ കരാർ നൽകിയെന്നും കോൺഗ്രസ് വക്താവ് ആരോപിക്കുന്നു. സിംഗിന്റെ കമ്പനി നഷ്ടത്തിലാണെങ്കിലും 2019ൽ 177 കോടിയുടെ പദ്ധതിയാണ് ഗുജറാത്ത് സർക്കാരുമായി സിംഗ് ഒപ്പുവെച്ചിട്ടുള്ളത്. സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് സന്ദീപ് സിംഗിനെ രക്ഷിക്കാൻ ബിജെപി ശ്രമിക്കുന്നതായും സിങ് വി ആരോപിക്കുന്നു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിനൊപ്പമാണ് ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തതെന്നും സിങ് വി ചൂണ്ടിക്കാണിക്കുന്നു.

ബിജെപിക്കുള്ള ബന്ധമെന്ത്?
സന്ദീപ് സിംഗ് കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ മഹാരാഷ്ട്രയിലെ ബിജെപി ഓഫീസിലേക്ക് 53 തവണ ഫോണിൽ വിളിക്കുകയും സുരക്ഷ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും സിങ് വി അവകാശപ്പെടുന്നു. സാധാരണ ഗതിയിൽ രാഷ്ട്രീയ പാർട്ടികൾ ബോളിവുഡിലെ കാര്യങ്ങളിൽ ഇടപെടാറില്ല. എന്നാൽ ഇവിടെ ബിജെപിയ്ക്ക് ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരാണ് അയാളെന്നും, ബിജെപി സംരക്ഷിക്കാൻ ശ്രമിക്കുന്നത് ആരെയാണെന്നും രാജ്യത്തിന് അറിയേണ്ടതുണ്ടെന്നും കോൺഗ്രസ് നേതാവ് പറയുന്നു.

എന്തുകൊണ്ട് 53 തവണ വിളിച്ചു?
ഇതേ സന്ദീപ് തന്നെയാണോ മഹാരാഷ്ട്രയിലെ ബിജെപി ഓഫീസിലേക്ക് 53 തവണ വിളിച്ചതെന്നും അഭിഷേക് മനു സിങ് വി ചോദിക്കുന്നു. സന്ദീപ് സിംഗുമായി ഏതെങ്കിലും ബിജെപി നേതാക്കൾ ബന്ധം പുലർത്തുന്നുണ്ടെങ്കിൽ അക്കാര്യം പാർട്ടി വിശദീകരിക്കേണ്ടതുണ്ടെന്നും സിങ് വി നിർദേശിക്കുന്നു. വിവേക് ഒബ്റോയിയെ നായകനാക്കി ചിത്രീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്കിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു സന്ദീപ് സിംഗ്. മുൻ മഹാരഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. സിംഗിന് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്നും സിങ് വി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബിജെപിക്ക് മറുപടിയുണ്ടോ?
എന്തുകൊണ്ടാണ് സന്ദീപ് സിംഗ് പലതവണ ബിജെപി ഓഫീസിലേക്ക് വിളിച്ചത് എന്നതിന് മുതിർന്ന ബിജെപി നേതാക്കളായ നിതിൻ ഗഡ്കരിക്കും ദേവേന്ദ്ര ഫഡ്നാവിസിനും ഉത്തരമുണ്ടോ? ആരാണ് അയാളുടെ നേതാവ്? ബിജെപിയുമായി സിംഗിനുള്ള അടുപ്പത്തിനുള്ള തെളിവാണ് മോദിയുടെ ബയോപിക്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് പോസ്റ്ററുകൾ പുറത്തിറക്കിയതിനാൽ സിംഗ് സാധാരണക്കാരൻ അല്ലെന്ന് ഉറപ്പാണെന്നും സിങ് വി ചൂണ്ടിക്കാണിക്കുന്നു.