
ഗുജറാത്തിൽ ബിജെപിയുടെ അപ്രതീക്ഷ നീക്കം;മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു
അഹമ്മദാബാദ്; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു.ഗവർണ്ണർക്ക് അദ്ദേഹം രാജി കത്ത് കൈമാറി. അടുത്ത വർഷം അവസാനം ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി.'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷം ഗുജറാത്തിന്റെ വികസനത്തിനായി പ്രവർത്തിച്ചു. സംസ്ഥാനത്ത് കൂടുതൽ വികസന മുന്നേറ്റം സാധ്യമാകാൻ പുതിയ ഊർജവും ശക്തിയും ആവശ്യമായതിനാൽ രാജിവെയ്ക്കുന്നു.ആവശ്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്ന പാർട്ടിയാണ് ബിജെപിയെന്ന് എല്ലാവർക്കും അറിയാം. തുടർന്നും പാർട്ടിക്കായി പ്രവർത്തിക്കും, രാജിയ്ക്ക് പിന്നാലെ വിജയ് രൂപാണി മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊവിഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ വിജയ് രൂപാണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിനെ തള്ളി ബിജെപി സംസ്ഥാന നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു.. 2022 ലും വിജയ് രൂപാണി തന്നെയാണ് ബിജെപിയെ നിയിക്കുകയെന്നായിരുന്നു നേതാക്കൾ അന്ന് വ്യക്തമാക്കിയത്. അതിനിടെയിലാണ് ഇപ്പോഴത്തെ രാജി. എന്തുകൊണ്ട് രാജിയെന്ന് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം വിജയ് രൂപാണിയുടെ രാജിയോടെ സംസ്ഥാനത്ത് ബിജെപിയുടെ അടുത്ത നീക്കം എന്താണെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്.

2016 ആഗസ്റ്റിലായിരുന്നു മുഖ്യമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു ആനന്ദി ബെൻ} പട്ടേലിന്റെ പിൻഗാമിയായി വിജയ് രൂപാണിയെ ബിജെപി നിയമിച്ചത്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അദ്ദേഹം ആനന്ദി ബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.നേരത്തേ ബിജെപി സംസ്ഥാന അധ്യക്ഷനായും രൂപാണി പ്രവർത്തിച്ചിട്ടുണ്ട്.

വിജിയ് രൂപാണി സർക്കാരിനെതിരെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണ്. മാത്രമല്ല കൊവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള വിഷയത്തിൽ സംസ്ഥാനത്ത പ്രബല സമുദായമായ പട്ടേൽ വിഭാഗങ്ങൾ ഉൾപ്പെടെ ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം കാഴ്ച വെയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ വിജയ് രൂപാണിക്കെതിരെ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തി ഉയർന്നിരുന്നു.

ഈ നിലയിൽ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ സംസ്ഥാനത്ത് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു പാർട്ടി നേതാക്കളുടെ മുന്നറിയിപ്പ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച മുന്നേറ്റം കാഴ്ച വെച്ച പശ്ചാത്തലത്തിൽ. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കോൺഗ്രസ് കാഴ്ച വെച്ചിരുന്നത്. 77 സീറ്റുകളിലാണ് പാർട്ടി വിജയിച്ചത്. അതിൽ തന്നെ എട്ടോളം സീറ്റുകളിൽ കോൺഗ്രസ് പരാജയപ്പെട്ടത് വെറും 1000 ത്തിൽ താഴെ വോട്ടുകൾക്ക് മാത്രമായിരുന്നു.
ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

മറുവശത്ത് ബിജെപിയാകട്ടെ തങ്ങളുടെ കോട്ടയിൽ നേടിയത് 99 സീറ്റുകൾ. 16 സീറ്റിൻറെ നഷ്ടം ബിജെപി കേന്ദ്രങ്ങളിൽ വലിയ ഞെട്ടലായിരുന്നു ഉണ്ടാക്കിയത്. മികച്ച നേതാക്കളെ സംസ്ഥാനത്ത് ഇറക്കി ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസ് ശക്തമായ ശ്രമങ്ങൾ ഒരു വശത്ത് നടത്തുന്നത് ബിജെപിയുടെ ആശങ്ക ഇരട്ടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല പട്ടേൽ സമുദായങ്ങളുടെ നിലപാടും പാർട്ടിയുടെ തലവേദനയേറ്റുന്നുണ്ട്.

രണ്ടാം തരംഗം നേരിടുന്നതിൽ ബിജെപി സർക്കാർ വൻ പരാജയമാണെന്നായിരുന്നു പട്ടേൽ സമുദായത്തിന്റെ ആക്ഷേപം. മാത്രമല്ല സംസ്ഥാനത്ത് പട്ടേൽ വിഭാഗത്തിന് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും നേതാക്കൾ കുറപ്പെടുത്തിയിരുന്നു. തങ്ങളുടെ സമുദായത്തിൽ നിന്നുള്ള അംഗങ്ങളെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തയ്യാറാകുന്നവർക്കായിരിക്കും സമുദായത്തിന്റെ പിന്തുണയെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.

ബിജെപിയുടെ ശക്തമായ വോട്ട് ബാങ്കായിരുന്നു നേരത്തേ പട്ടേൽ വിഭാഗം. എന്നാൽ പട്ടേൽ പ്രക്ഷോഭം സംസ്ഥാനത്ത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. അതേസമയം പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദ്ദിക്ക് പട്ടേലിനെ തങ്ങളുടെ പക്ഷത്ത് എത്തിച്ച് കോൺഗ്രസ് സാഹചര്യം മുതലെടുത്തു. സൗരാഷ്ട്ര, കച്ച് തുടങ്ങിയ മേഖലകളിൽ എല്ലാം കോൺഗ്രസിന്റെ മുന്നേറ്റത്തിന് ഇത് കാരണമായിരുന്നു.
നിലവില്‍ ഹാർദ്ദിക്കിനെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആക്കിയിരിക്കുകയാണ് കോൺഗ്രസ്.

മാത്രമല്ല സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയും സ്വാധീനമുറപ്പിക്കാനുള്ള നീക്കങ്ങൾ ഒരു വശത്ത് ശക്തമാക്കിയിട്ടുണഅട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബിജെപിയുടെ ഇപ്പോഴത്തെ അപ്രതീക്ഷിത നീക്കങ്ങൾ. അതേസമയം രൂപാണിയുടെ രാജിയോടെ ബിജെപിയെ സംബന്ധിച്ച് ഇപ്പോൾ സംസ്ഥാനത്ത് മൂന്ന് സാധ്യതകളാണ് പ്രധാനമായും ഉയരുന്നത്. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുകയെന്നതാണ് ആദ്യ സാധ്യത. നിയമസഭ തിരഞ്ഞെടുപ്പ് നേരത്തേ നടത്തുക, അല്ലേങ്കിൽ ഗുജറാത്തിൽ പ്രസിഡന്റ് ഭരണം ഏർപ്പെടുത്തുക. എന്നാൽ പുതിയ മുഖ്യമന്ത്രിയെ നിയമിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ദേശീയ നേതൃത്വത്തിനുള്ളതെന്ന് പാർട്ടി നേതാക്കൾ പറയുന്നു.

ഇത് സംബന്ധിച്ച ചർച്ച നടത്താൻ മുതിർന്ന നേതാവായ ബിഎൽ സന്തോഷും ഭൂപേന്ദ്ര യാദവും അഹമ്മദാബാദിൽ തുടരുകയാണെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
നിലവിൽ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ഗുജറാത്തിൽ നിന്നുള്ള രാജ്യസഭ എംപിയായ മനുഷ് മാണ്ഡ്യ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് വിവരം. ഇത് കൂടാതെ നിലവിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ പേരും പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ വിവാദ നായകനായ പട്ടേലിനെ നിയമിക്കുന്നത് തിരിച്ചടിയാകുമെന്ന് കരുതുന്നവരും പാർട്ടിയിൽ ഉണ്ട്. ഈ പേരുകൾ കൂടാതെ കേന്ദ്ര മന്ത്രി പുരുഷോത്തം രൂപലയുടെ പേരും പരിഗണിക്കുന്നുണ്ട്.അതേസമയം അറ്റകൈയെന്ന നിലയിൽ പട്ടേൽ വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമോയെന്നുമുള്ള ചർച്ചകളും ശക്തമായിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രിയെ മാറ്റിയ ബിജെപി നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷം രംഗത്തെത്തി. ബി ജെ പി സർക്കാർ പൂർണ പരാജയമാണെന്ന് മുഖ്യമന്ത്രിയുടെ രാജിയോടെ വ്യക്തമായെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹർദിക്ക് പട്ടേൽ പറഞ്ഞുവിജയ് രൂപാണിയുടെ രാജി ഗുജറാത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവുമെല്ലാം ബിജെപി ദുർഭരണത്തിന്റെ തെളിവാണെന്നും ഹാർദ്ദിക്ക് പട്ടേൽ കുറ്റപ്പെടുത്തി.