2008 ന് ശേഷം സ്ഥാപിച്ച ഐഐടികൾ മതിയായ അക്കാദമിക നിലവാരം പുലർത്തുന്നില്ല; സിഎജി റിപ്പോർട്ട്
ദില്ലി; 2008 ന് ശേഷം രാജ്യത്ത് ആരംഭിച്ച ഐഐടികൾ മതിയായ അക്കാദമികവും ഭരണപരവുമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് സി എ ജി റിപ്പോർട്ട്. അഞ്ചുവർഷത്തെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ ഭൂമി അനുവദിക്കൽ, മറ്റ് ഭരണപരമായ പിഴവുകൾ തുടങ്ങിയ വിഷയങ്ങളിൽ സ്ഥാപനങ്ങൾ എങ്ങനെ ഇടപെടുന്നുവെന്നതിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.ഭുവനേശ്വർ, ഗാന്ധിനഗർ, ഇൻഡോർ, ഹൈദരാബാദ്, മണ്ഡി, പട്ന, ഐഐടി ജോധ്പൂർ, റോപ്പർ എന്നീ എട്ട് ഐഐടികളെ കുറിച്ചാണ് റിപ്പോർട്ടിൽ പറയുന്നത്.
ഭരണസമിതികളുടെ മേൽനോട്ടത്തിലെ അപാകത രാജ്യത്തെ പല ഐഐടികളുടെയും അടിസ്ഥാന സൗകര്യ വികസനത്തെ മന്ദഗതിയിലാക്കി. അടിസ്ഥാന സൗകര്യ വികസനം സമയബന്ധിതമായി പൂർത്തികരിക്കാത്തത് ഐഐടികളിലെ വിദ്യാർത്ഥി പ്രവേശനത്തെ ബാധിച്ചു. എട്ട് ഐഐടികളിലേക്കും ബിരുദാനനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും കുറവ് സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഗവേഷണ പദ്ധതികൾക്കായി സർക്കാരിതര സ്രോതസ്സുകളിൽ നിന്ന് ഐഐടികൾക്ക് മതിയായ ഫണ്ട് ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗവേഷണ മേഖലയിൽ, എല്ലാ ഐഐടികളിലും സർക്കാരിതര ഫണ്ട് സ്പോൺസർ ചെയ്ത പ്രോജക്ടുകൾ കുറവായിരുന്നു. 0.35 ശതമാനം മുതൽ 14.31 ശതമാനം വരെ ഫണ്ടുകൾ മാത്രമാണ് ലഭിച്ചത്. എട്ട് ഐഐടികൾക്കും സർക്കാർ സ്രോതസ്സുകളിൽ നിന്ന് സ്പോൺസർ ചെയ്ത ഗവേഷണ പദ്ധതികളിലേക്ക് ഗണ്യമായ ധനസഹായം ലഭിച്ചിട്ടുണ്ട്. 2014-19 കാലത്ത് യാതൊരു പേറ്റന്റുകളും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.