ആശങ്ക തുടരുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 3,377 പേർക്ക് കൊവിഡ്..ദില്ലിയിൽ 1490 പേർക്ക് രോഗം
ദില്ലി; രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,377 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 60 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,23,753 ആയി. 17,801 പേരാണ് ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ച 16,980 സജീവ കേസുകളായിരുന്നു ഉണ്ടായിരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2496 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് നിലവിൽ 98.74 ശതമാനമാണ്. ഇതുവരെ രാജ്യത്ത് 4,25,30,622. പേരാണ് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിൽ 4,73,635 പരിശോധനകൾ നടത്തി. 83.69 കോടിയിൽ അധികം (83,69,45,383) പരിശോധനകളാണ് ഇതുവരെ നടത്തിയതെന്ന് സർക്കാർ അറിയിച്ചു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.63 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.71 ശതമാനമാണ്.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 188.65 കോടി (1,88,65,46,894) കടന്നു. 2,32,59,791 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 193.28 കോടിയിൽ അധികം (1,93,28,90,965) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.19.58 കോടിയിൽ അധികം (19,58,74,290) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
അതിനിടെ രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. വ്യാഴാഴ്ച 1,490 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 4.62 ശതമാനമാണ്. രണ്ട് മരണം കൂടി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. 5,250 പേരാണ് ദില്ലിയിൽ ചികിത്സയിൽ കഴിയുന്നത്. അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നത് ആശ്വാസമാണ്. വ്യാഴാഴ്ച 1,070 പേരാണ് രോഗമുക്തരായത്. ഇതോടെ രോഗമുക്തി നേടുന്നവരുടെ ആകെ എണ്ണം 18,48,526 ആയി.