വിപുലീകരണവാദികളുടെ നാശത്തിന് ചരിത്രം സാക്ഷിയാണ്, ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി!!
ദില്ലി: ലഡാക്കിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിന് പിന്നാലെ ചൈനയ്ക്ക് രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പിടിച്ചടക്കലിന്റെയും വിപുലീകരണത്തിന്റെയും കാലം കഴിഞ്ഞ് പോയി. ചരിത്രത്തില്‍ വിപുലീകരണവാദികള്‍ തകര്‍ന്ന് തരിപ്പണമായതാണ് കാണാന്‍ കഴിയുന്നത്. ഇത് വികസനത്തിന്റെ കാലമാണ്. പുരോഗതിയാണ് എല്ലാവരുടെയും ഭാവി. വിപുലീകരണത്തിന്റെ കാലത്താണ് മാനവികത ഏറ്റവുമധികം നരകിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലഡാക്കിലെ ലേ ജില്ലയിലെ നിമുവില്‍ നിന്നായിരുന്നു പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
ഇന്ത്യന്‍ സൈനികരുടെ ധീരത സമാനതകള്‍ ഇല്ലാത്തതാണ്. ഈ ബുദ്ധിമുട്ടേറിയ സമയത്ത്, നിങ്ങളാണ് മാതൃരാജ്യത്തിന്റെയും കവചമെന്നും മോദി പറഞ്ഞു. നിങ്ങള്‍ നിലകൊള്ളുന്ന സ്റ്റേഷനേക്കാളും ഉയരത്തിലാണ് സൈനികരീുടെ ധീരത. നിങ്ങളെ ചുറ്റിനില്‍ക്കുന്ന മലനിരകളേക്കാള്‍ ശക്തമാണ് നിങ്ങളുടെ കരങ്ങള്‍. നിങ്ങളുടെ ആത്മവിശ്വാസം, നിശ്ചയദാര്‍ഢ്യം, വിശ്വാസം എന്നിവ എല്ലാത്തിനേക്കാളും മുകളിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, ആര്‍മി ജനറല്‍ എംഎം നരവാനെ എന്നവരുമുണ്ടായിരുന്നു.
ഇന്ത്യയുടെ ശത്രുക്കള്‍ നിങ്ങളുടെ വീര്യം എന്താണെന്ന് അറിഞ്ഞതാണെന്ന് 14 കോര്‍പ്പ്‌സിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. ഫയര്‍ ആന്‍ഡ് ഫ്യൂരി എന്ന വാക്ക് ഇവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്. നിങ്ങള്‍ കാണിച്ച ധീരത ലോകത്തിന് പുതിയൊരു സന്ദേശമാണ് നല്‍കിയത്. ഇന്ത്യയുടെ കരുത്തിനെ കുറിച്ചുള്ള സന്ദേശം. ആത്മനിര്‍ഭര ഭാരത നിങ്ങളുടെ ത്യാഗങ്ങള്‍ കൊണ്ട് കരുത്തുറ്റതായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വനിതാ സൈനികരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. എന്റെ മുന്നിലുള്ള വനിതാ സൈനികരെയാണ് ഞാന്‍ ശ്രമിക്കുന്നത്. യുദ്ധക്കളത്തില്‍ നിങ്ങള്‍ എല്ലാവരെയും പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു.
14 കോര്‍പ്പ്‌സിന്റെ ധീരതയെ കുറിച്ച് ഇന്ന് എല്ലായിടത്തും സംസാരിക്കുന്നു. നിങ്ങളുടെ വീരകഥകളാണ് ഇന്ന് ഇന്ത്യയിലെ ഓരോ വീടുകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ദുര്‍ബലരായിരിക്കുന്നവര്‍ക്ക് ഒരിക്കലും സമാധാനത്തിനായി മുന്‍കൈ എടുക്കാനാവില്ല. ധീരത എന്നത് സമാധാനത്തിന് ആവശ്യമായ കാര്യമാണ്. ലോകയുദ്ധമോ സമാധാനമോ ആവശ്യം എന്ത് തന്നെയായാലും ലോകം നമ്മുടെ ധീരന്‍മാരുടെ വിജയമാണ് കണ്ടിട്ടുള്ളത്. അവ രുടെ സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങളും ലോകം സാക്ഷ്യം വഹിച്ചതാണ്. മാനവികതയുടെ വികാസത്തിന് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിച്ചതെന്നും മോദി പറഞ്ഞു.