പുല്‍വാമ ആക്രമണത്തിന്റെ തലച്ചോര്‍ മസൂദ് അസറും സഹോദരങ്ങളും; എന്‍എഐ കുറ്റപത്രം
ദില്ലി: 2019 ഫെബ്രുവരിയില്‍ കശ്മീരിലെ പുല്‍മാവയിലുണ്ടായ ആക്രമണത്തിന് പിന്നില്‍ പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറും സഹോദരങ്ങളുമാണ് എന്ന് എന്‍ഐഎ. ഇക്കാര്യം വിശദീകരിച്ചുള്ള കുറ്റപത്രം എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. മസൂദ് അസറും സഹോദരങ്ങളായ റഊഫ് അസ്ഗര്‍, മൗലാന മുഹമ്മദ് അമ്മാര്‍ എന്നിവരുമാണ് ആക്രമണ പദ്ധതി തയ്യാറാക്കിയതും നടപ്പാക്കിയതുമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
13000 പേജുള്ള കുറ്റപത്രം ജമ്മുവിലെ പ്രത്യേക കോടതിയിലാണ് സമര്‍പ്പിച്ചത്. ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയവരില്‍ മസൂദ് അസറിന്റെ ബന്ധു മുഹമ്മദ് ഉമര്‍ ഫാറൂഖ്, ഐസി-814 ഹൈജാക്കറായ ഇബ്രാഹീം അസര്‍ എന്നിവരുമുണ്ട്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 19 തീവ്രവാദികളുടെ പേര് കുറ്റപത്രത്തില്‍ എടുത്തുപറയുന്നു. പാകിസ്താനിലുള്ള ജെയ്ഷിന്റെ നേതാക്കളുമായി ആക്രമണത്തിന് മുമ്പും ശേഷവും ഫാറൂഖ് ബന്ധപ്പെട്ടു എന്നതിനുള്ള വ്യക്തമായ തെളിവുണ്ടെന്ന് എന്‍ഐഎ പറയുന്നു.
18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..
പുല്‍വാമയില്‍ സിആര്‍പിഎഫ് വ്യൂഹത്തിന് നേരയുണ്ടായ ആക്രമണത്തില്‍ 40 ഭടന്‍മാരാണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫ് വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ സ്‌ഫോടക വസ്തു നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. 18 മാസത്തിന് ശേഷമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ശാസ്ത്രീയമായതും ഡിജിറ്റലായതുമായ എല്ലാ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. പ്രതികളുടെ ഫോണില്‍ നിന്നുള്ള ഫോണ്‍ കാള്‍ രേഖകള്‍, വാട്‌സ്ആപ്പ് ചാറ്റുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ എന്‍ഐഎ സംഘം ശേഖരിച്ചിരുന്നു.
200 കിലോയുള്ള സ്‌ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതില്‍ പാകിസ്താനില്‍ നിന്ന് കൊണ്ടുവന്ന 35 കിലോ ആര്‍ഡിഎക്‌സും ഉള്‍പ്പെടും. ബാക്കി പ്രാദേശികമായി ശേഖരിച്ച അമോണിയം നൈട്രേറ്റാണ്. 2018 ഏപ്രിലിലാണ് ഫാറൂഖ് ഇന്ത്യയിലേക്ക്് എത്തിയത്. ഇയാളാണ് ആക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു ഏകോപിപ്പിച്ചത്. 2020 മാര്‍ച്ച് 29ന് ഏറ്റുമുട്ടലില്‍ ഫാറൂഖിനെ സൈന്യം വധിച്ചു.
ആക്രമണത്തിന്റെ മറ്റൊരു ഗൂഢാലോചകരില്‍ ഒരാളാണ് ഇസ്മാഈല്‍ സെയ്ഫുദ്ദീന്‍. ഇയാള്‍ പാകിസ്താനില്‍ നിന്ന് വന്നതാണ്. ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സമീര്‍ ദര്‍ എന്ന മറ്റൊരു പ്രതിയെയും പിടികൂടിയിട്ടില്ല. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഫാറൂഖിനും കമ്രാനുമൊപ്പം സമീര്‍ ദറുമുണ്ടായിരുന്നു. പക്ഷേ സമീര്‍ രക്ഷപ്പെട്ടു.
2019 ഫെബ്രുവരി ആറിനാണ് ആദ്യ ആക്രമണം പദ്ധതിയിട്ടത്. എന്നാല്‍ കനത്ത മഞ്ഞുവീഴ്ച കാരണം നടക്കാതെ പോയി. പിന്നീടാണ് 14ന് ആക്രമണം നടത്തിയത്. സ്‌ഫോടക വസ്തു നിറച്ച കാര്‍ ഓടിച്ചിരുന്നത് കശ്മീരിയായ ആദില്‍ അഹമ്മദ് ദര്‍ ആണ്. പുല്‍വാമക്ക് ശേഷം മറ്റൊരു ആക്രമണവും തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ബാലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.