സൗജന്യ എടിഎം സേവനം; എസ്ബിഐ വിവാദ ഉത്തരവ് മാറ്റുന്നു, ഇപ്പോള്‍ പറയുന്നത് ഇങ്ങനെ

  • Written By:
Subscribe to Oneindia Malayalam

മുംബൈ: എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്ന തീരുമാനം എസ്ബിഐ പുനപ്പരിശോധിക്കുന്നു. ജൂണ്‍ 1 മുതല്‍ ഓരോ ഇടപാടിനും 25 രൂപ ചാര്‍ജ് ഈടാക്കുമെന്ന് സൂചിപ്പിച്ച് പുറത്തിറങ്ങിയ ഉത്തരവ് തെറ്റായി ഇറക്കിയതാണെന്ന് ബാങ്ക് വിശദീകരിക്കുന്നു. ഇപ്പോള്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുകയാണ്.

എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഓരോ ഇടപാടിനും 25 രൂപ വീതം ഈടാക്കുമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കെയാണ് ഉത്തരവ് പിന്‍വലിച്ചത്. പുതിയ ഉത്തരവ് പുറത്തിറക്കിയ എസ്ബിഐ മാസം നാല് എടിഎം ഉപയോഗം സൗജന്യമാക്കി. ബാക്കി ഓരോ ഇടപാടിനും 25 രൂപ വീതം ചാര്‍ജ് ഈടാക്കുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.

ടിഎം തോമസ് ഐസക് പറയുന്നത്

എസ്ബിഐയുടെത് ഭ്രാന്തന്‍ തീരുമാനമാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് വിമര്‍ശിച്ചിരുന്നു. എടിഎമ്മില്‍ നിന്നു നിക്ഷേപിച്ച പണം തിരിച്ചുകിട്ടാന്‍ പണം ഈടാക്കുമെന്ന ഉത്തരവില്‍ പിശകു പറ്റിയെന്നാണ് ഇപ്പോള്‍ ബാങ്ക് വൃത്തങ്ങള്‍ പറയുന്നത്.

ബഡ്ഡി ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ച്

നേരത്തെ വന്ന ഉത്തരവ് എസ്ബിഐ ബഡ്ഡി ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ചാണെന്നാണ് ബാങ്ക് അറിയിക്കുന്നത്. ചെക്ക് ബുക്കുകള്‍ക്കും മുഷിഞ്ഞ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് നേരത്തെ ഇറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഈ ചാര്‍ജ് ഈടാക്കുമോ അതോ പിന്‍വലിക്കുമോ എന്ന് വ്യക്തമല്ല.

ശക്തമായ പ്രതിഷേധം

കേരളത്തില്‍ എസ്ബിഐക്കെതിരേ ശക്തമായ പ്രതിഷേധമാണ് നടന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരം സോണല്‍ ഓഫീസിലേക്ക് തള്ളിക്കയറി. ഡെപ്യൂട്ടി ജനറല്‍ മാനേജറെ ഏറെ നേരം തടഞ്ഞുവച്ചു.

ജനങ്ങളെ കൊള്ളയടിക്കല്‍

എടിഎം ഇടപാടുകള്‍ക്ക് 25 രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന ഉത്തരവ് ജനങ്ങളെ കൊള്ളയടിക്കലാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ മൊബൈല്‍ പണമിടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ബാധകമാക്കിയായിരുന്നു ആദ്യ ഉത്തരവ്.

തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതരായി

എസ്ബിഐ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറിലാണ് സര്‍വീസ് ചാര്‍ജുകളിലെ വര്‍ധന വിശദീകരിച്ചത്. സംഭവം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധവും ശക്തിപ്പെടുകയായിരുന്നു. ഇതോടെയാണ് തീരുമാനം മാറ്റാന്‍ ബാങ്ക് അധികൃതരെ മാറ്റിചിന്തിപ്പിച്ചത്.

English summary
SBI to withdraw service charge for ATM transactios
Please Wait while comments are loading...