മഹാരാഷ്ട്ര ബിജെപിയില്‍ പൊട്ടിത്തെറി, വാളെടുത്ത് ഖഡ്‌സെ, പിന്നില്‍ ഫട്നാവിസ്,നോട്ടമിട്ട് കോണ്‍ഗ്രസ്!!
മുംബൈ: മഹാരാഷ്ട്രയില്‍ എംഎല്‍സി തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി, സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും സീറ്റ് നിഷേധിക്കപ്പെട്ട ഏക്‌നാഥ് ഖഡ്‌സെയും പരസ്യമായ പോര് തുടങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ്. വിമതര്‍ക്കായി വന്‍ ഓഫര്‍ തന്നെയാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ശിവസേനയും എന്‍സിപിയും വലിയ താല്‍പര്യം കാണിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ദേവേന്ദ്ര ഫട്‌നാവിസിന്റെ ആധിപത്യത്തില്‍ പങ്കജ മുണ്ടെ അടക്കമുള്ളവര്‍ നേതൃത്വുവുമായി ഇടഞ്ഞിരിക്കുകയാണ്. ബീഡ് മണ്ഡലത്തില്‍ അടക്കം നിരവധി പേര്‍ കൂറുമാറുമെന്നാണ് സൂചന.

ബിജെപിയില്‍ പൊട്ടിത്തെറി
ചന്ദ്രകാന്ത് പാട്ടീലും ദേവേന്ദ്ര ഫട്‌നാവിസും ഒത്തുചേര്‍ന്നാണ് ഏക്‌നാഥ് ഖഡ്‌സെയെ ഒതുക്കിയത്. ഇതോടെയാണ് ഖഡ്‌സെ വാളെടുത്തത്. താനും ഗോപിനാഥ് മുണ്ടെയും സ്വന്തം ജീവിതം തന്നെ നല്‍കിയാണ് ബിജെപിയെ മഹാരാഷ്ട്രയില്‍ വളര്‍ത്തിയത്. എന്നാല്‍ തന്നെ അവര്‍ തഴഞ്ഞെന്ന് ഖഡ്‌സെ പറഞ്ഞു. ബ്രാഹ്മണ ബനിയ പാര്‍ട്ടിയെന്ന ബിജെപിയുടെ മുഖച്ഛായ ബഹുജന്‍ ഒബിസി എന്ന നിലയിലേക്ക് മാറ്റിയത് ഞങ്ങളാണ്. അന്ന് ഫട്‌നാവിസും ചന്ദ്രകാന്ത് പാടീലുമൊന്നും രാഷ്ട്രീയ രംഗത്ത് തന്നെ ഒന്നുമല്ലായിരുന്നു. ചിലരൊക്കെ അക്കാലത്ത് സ്വന്തം പാന്റ്‌സില്‍ മൂത്രമൊഴികുന്ന സമയമായിരുന്നുവെന്നും ഖഡ്‌സെ പരിഹസിച്ചു.

ഇവരെ വിശ്വസിക്കാനാവില്ല
ഞാന്‍ ഒരു കാര്യങ്ങള്‍ പാര്‍ട്ടി വേണ്ടി ചെയ്തിട്ടുണ്ട്. എന്നാല്‍ എന്നെ പോലുള്ള സീനിയര്‍ നേതാക്കളെ നേതൃത്വം തഴയുകയാണ്. പാര്‍ട്ടിയോട് കൂറുള്ളവരാണ് ഞങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പലവിധ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കാണ് എംഎല്‍സി സീറ്റുകള്‍ നല്‍കിയിരിക്കുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഖഡ്‌സെ പറഞ്ഞു.

ഖഡ്സെ ചതിച്ചു
ഖസ്സെ അദ്ദേഹത്തെയും നിരവധി സീനിയര്‍ നേതാക്കളെയും വഞ്ചിച്ചെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ തിരിച്ചടിച്ചു. പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ അദ്ദേഹം എടുത്തിരുന്നപ്പോള്‍ അദ്ദേഹം നല്ല രീതിയിലല്ല മുന്നോട്ട് പോയതെന്നും പാട്ടീല്‍ വ്യക്തമാക്കി. ഖഡ്‌സെ ബിജെപിയുടെ ഹരിഭാവു ജവാലെയ്ക്ക് സീറ്റ് നിഷേധിച്ചിട്ടുണ്ട്. പകരം സ്വന്തം മരുമകള്‍ രക്ഷ ഖഡ്‌സെയ്ക്കാണ് ടിക്കറ്റ് നല്‍കിയത്. സ്വന്തമായി ഒമ്പത് തവണയാണ് അദ്ദേഹം മത്സരിച്ചത്. മഹാനന്ദ പാല്‍ ഫെഡറേഷനില്‍ അദ്ദേഹത്തിന്റെ ഭാര്യ ചെയര്‍മാനാണ്. ഒരു കുടുംബത്തിന് എത്ര പദവികളാണ് നല്‍കുകയെന്നും പാട്ടീല്‍ ചോദിച്ചു.

എനിക്ക് അര്‍ഹതയുണ്ട്
ബിജെപിയില്‍ എനിക്ക് ബഹുമാനത്തിന് അര്‍ഹതയുണ്ട്. കാരണം കഠിനാധ്വാനവും കൂറും എനിക്കുണ്ട്. ചന്ദ്രകാന്ത് പാട്ടീല്‍ ആറ് വര്‍ഷം മുമ്പാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. അതും ദില്ലി നേതൃത്വത്തിന്റെ പിന്തുണയോടെയാണ് വന്നത്. ബിജെപിയുടെ വളര്‍ച്ചയ്ക്ക് എന്താണ് അദ്ദേഹത്തിന്റെ സംഭാവന. സ്വന്തം ജില്ലയായ കോലാപൂരില്‍ നിന്ന് ഓടിപ്പോയയാളാണ് അദ്ദേഹം. ഇപ്പോള്‍ പൂനെയിലാണ് മത്സരിക്കുന്നത്. ബിജെപി എംഎല്‍എയുടെ സേഫ് സീറ്റായിരുന്നു അത്. പാട്ടീല്‍ എന്ന രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ഖഡ്‌സെ തിരിച്ചടിച്ചു.

ബിജെപി രണ്ട് തട്ടില്‍
ഫട്‌നാവിസിന്റെ ഗ്രൂപ്പിലുള്ളവരും ഖഡ്‌സെ അനുകൂലികളും രാഷ്ട്രീയം മാറ്റാനുള്ള ഒരുക്കത്തിലാണ്. രാം ഷിന്‍ഡെ പങ്കജ മുണ്ടെയ്ക്കും പാട്ടീലിനുമെതിരെ രംഗത്ത് വന്നിരിക്കുകയാണ്. മുണ്ടെ നേതൃത്വത്തെ ഭീഷണിപ്പെടുത്തിയാണ് രമേശ് കാരാട്ടിന് സീറ്റ് ലഭിക്കാന്‍ ഇടയാക്കിയതെന്ന് രാം ഷിന്‍ഡെ പറയുന്നു. ഷിന്‍ഡെ ഫട്‌നാവിസിന്റെ അടുപ്പക്കാരനാണ്. അതേസമയം തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്ക് സീറ്റ് നല്‍കാത്തത് കൊണ്ടാണ് ഷിന്‍ഡെയെ ഒഴിവാക്കിയതെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. എന്നാല്‍ ഇതൊന്നും ആരും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

കോണ്‍ഗ്രസിന്റെ ഓഫര്‍
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റ് ഏക്‌നാഥ് ഖഡ്‌സെയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുകയാണെങ്കില്‍ ഖഡ്‌സെയെ സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്ന് തോററ്റ് പറഞ്ഞു. അതേസമയം തോററ്റും മുന്‍ ബിജെപി നേതാവാണ്. ഖഡ്‌സെയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ ചുക്കാന്‍ പിടിക്കുന്നതും തോററ്റ് തന്നെയാണ്. ഫട്‌നാവിസുമായി അടങ്ങാത്ത പകയുമുണ്ട് തോററ്റിന്. പാര്‍ട്ടി വിടാന്‍ കാരണവും ഫട്‌നാവിസായിരുന്നു.

സഖ്യത്തില്‍ സംശയം
ബിജെപിയില്‍ നിന്ന് നേതാക്കളെ കൊണ്ടുവരാന്‍ എന്‍സിപിക്കും ശിവസേനയ്ക്കും താല്‍പര്യമില്ല. പ്രധാന കാരണം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം കൂറുമാറിയ നേതാക്കളെല്ലാം പരാജയപ്പെട്ടതാണ്. എന്നാല്‍ നിരവധി നേതാക്കളെ നേരത്തെ ബിജെപി കൊണ്ടുപോയിട്ടുണ്ട്. ഇതില്‍ കുറച്ചെങ്കിലും തിരിച്ചെത്തിക്കാനായാല്‍ പ്രവര്‍ത്തനത്തില്‍ ശക്തിപ്പെടാന്‍ സാധിക്കും. തോററ്റൊക്കെ അതിശക്തനായ നേതാവായത് കോണ്‍ഗ്രസില്‍ നിന്നുകൊണ്ടാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ഇതേ നീക്കവുമായി മുന്നോട്ട് പോവാനൊരുങ്ങുകയാണ്.

ഫട്‌നാവിസിന്റെ തോല്‍വി
ഫട്‌നാവിസ് പാര്‍ട്ടിയില്‍ അമിതമായി ഇടപെടാന്‍ തുടങ്ങിയതാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. ചന്ദ്രകാന്ത് പാട്ടീലിനെ മുന്‍നിര്‍ത്തിയാണ് ഗെയിം പ്ലേ. എന്നാല്‍ പാട്ടീല്‍ ജനപിന്തുണ തീരെയില്ലാത്ത നേതാവാണ്. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ കൊണ്ടുവരാനുള്ള പാട്ടീലിന്റെ ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്. ഫട്‌നാവിസ് ബ്രാഹ്മണ-മറാത്ത കേന്ദ്രീകൃത പാര്‍ട്ടിയായി ബിജെപിയെ മാറ്റാനൊരുങ്ങുകയാണ്. എന്നാല്‍ ഇത് വലിയ വീഴ്ച്ചയാണ്. കാരണം വളരെ ചെറിയവ വോട്ടുബാങ്കാണ് ഇവര്‍. ഒബിസി വിഭാഗം കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം പോയതാണ് ഫട്‌നാവിസിന്റെ വീഴ്ച്ചയ്ക്ക് പ്രധാന കാരണം.
കേരളത്തിന്റെ റോക്ക്സ്റ്റാര്‍, കെകെ ശൈലജയെ പുകഴ്ത്തി ഗാര്ഡിയന്, ആരോഗ്യമന്ത്രിയെ കുറിച്ച് പറയുന്നത്
രാഹുലിന്റെ കൗണ്ടര്‍ അറ്റാക്ക്....ഒരൊറ്റ ലക്ഷ്യം, തുടക്കമിട്ടു, അവരെ എന്ത് വന്നാലും കൈവിടില്ല!!