കളി മാറിയെന്ന് സിറിയ; ആക്രമണം തുടര്‍ന്നാല്‍ മറുപടിയില്‍ ഇസ്രായേല്‍ ഞെട്ടും

  • Posted By: Desk
Subscribe to Oneindia Malayalam

ദമസ്‌ക്കസ്: സിറിയയ്‌ക്കെതിരേ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഞെട്ടിക്കുന്ന തിരിച്ചടികളുണ്ടാകുമെന്ന് മുന്നറിയിപ്പ്. സിറിയന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയാണ് പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശ സഹായത്തോടെ രാജ്യത്തിനകത്ത് വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ സിറിയയുടെ പ്രത്യാക്രമണ ശേഷി നശിപ്പിച്ചുവെന്ന് ഇസ്രായേല്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിയതായും അദ്ദേഹം വ്യക്തമാക്കി. 'അവര്‍ ഇനിയും സിറിയയെ ആക്രമിക്കാന്‍ ശ്രമിക്കുന്ന പക്ഷം, ദൈവം സഹായിച്ചാല്‍, നടുക്കുന്ന കൂടുതല്‍ പ്രതികരണങ്ങള്‍ അവര്‍ കാണുക തന്നെ ചെയ്യും'- അദ്ദേഹം പറഞ്ഞു.

ദക്ഷിണ കൊറിയ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് കിം ജോംഗ് ഉന്‍

കഴിഞ്ഞ ദിവസം സിറിയയിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയ ഇസ്രായേല്‍ യുദ്ധവിമാനം സിറിയന്‍ സൈനികര്‍ വെടിവച്ച് വീഴ്ത്തിയിരുന്നു. ഇസ്രായേല്‍ സിറിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇടയ്ക്കിടെ ഇത്തരം ആക്രമണങ്ങള്‍ നടത്തുക പതിവാണെങ്കിലും യുദ്ധവിമാനം തകര്‍ക്കപ്പെടുന്നത് ആദ്യമായാണ്. എന്നാല്‍, സിറിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ഇനിയും തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് സിറിയന്‍ ഉപവിദേശകാര്യമന്ത്രിയുടെ പ്രതികരണം.

israeljet

അതിനിടെ, ഇസ്രായേല്‍ യുദ്ധവിമാനം തകര്‍ത്ത സിറിയന്‍ സൈന്യത്തിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് ലബനാന്‍ രംഗത്തെത്തി. കാലങ്ങളായി തുടരുന്ന ഇസ്രായേല്‍ അതിക്രമങ്ങളുടെ കാര്യത്തില്‍ വലിയൊരു വഴിത്തിരിവാണ് സംഭവമെന്നും പുതിയ ബലതന്ത്രം മേഖലയില്‍ രൂപപ്പെട്ടുകഴിഞ്ഞതായും ലബനാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെറി പറഞ്ഞു. ഫലസ്തീന്‍ പോരാളി വിഭാഗമായ ഹമാസും സിറിയന്‍ നടപടിയെ ന്യായീകരിച്ചു. ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരേ പ്രതിരോധിക്കാനുള്ള അവകാശം സിറിയയ്ക്കുണ്ടെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസ്മാഈല്‍ റദ്‌വാന്‍ പറഞ്ഞു. ഇസ്രായേലി അതിക്രമത്തിനെതിരായ സിറിയന്‍ പ്രതികരണത്തെ തങ്ങള്‍ അനുമോദിക്കുന്നു. ഇക്കാര്യത്തില്‍ സിറിയയുടെ കൂടെയാണ് ഫലസ്തീനെന്നും അദ്ദേഹം പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് ഒരു ദുരന്തമെന്ന് മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ്

സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാനെന്ന പേരില്‍ ആക്രമണം നടത്താനെത്തിയ ഇസ്രായേല്‍ യുദ്ധവിമാനങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം സിറിയന്‍ സേന വെടിവച്ചിട്ടത്. ഇസ്രയേലിന്റെ എഫ്16 യുദ്ധവിമാനമാണ് വിമാനവേധ തോക്കുകളുപയോഗിച്ച് സിറിയന്‍സേന തകര്‍ത്തത്. ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളില്‍ തകര്‍ന്നുവീണ വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റിരുന്നു. സിറിയന്‍ കേന്ദ്രത്തില്‍ നിന്നെത്തിയ ഇറാന്റെ ആളില്ലാ ഡ്രോണ്‍ വിമാനം തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി ആരോപിച്ചായിരുന്നു ഇസ്രായേല്‍ സിറിയയ്‌ക്കെതിരേ പുതിയ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്.

English summary
The Syrian government has warned the Israeli military of “more surprises” should Tel Aviv commit any further acts of aggression against the Arab country plagued by foreign-sponsored militancy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്