പലസ്തീനില്‍ ഐക്യസര്‍ക്കാരിന് കളമൊരുങ്ങുന്നു; ഗാസ ഭരണസമിതി പിരിച്ചുവിടുമെന്ന് ഹമാസ്

  • Posted By:
Subscribe to Oneindia Malayalam

ഗസ സിറ്റി: പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫതഹ് വിഭാഗവുമായി സഹകരിച്ച് ഫലസ്തീനില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി, ഗസയില്‍ ഹമാസ് രൂപീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പിരിച്ചുവിടും.

ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം മേധാവി ഖാലിദ് ഫൗസിയുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കെയ്‌റോയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായതെന്ന് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. മുന്നുപാധികളൊന്നുമില്ലാതെയാണ് ഹമാസ് ഭരണസിമതി പിരിച്ചുവിടുക.

hamas

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഹമാസ് കമ്മിറ്റിക്ക് രൂപം നല്‍കിയത്. ഇതേത്തുടര്‍ന്ന് ഗസയിലേക്കുള്ള വൈദ്യുതി വിതരണം നിയന്ത്രിച്ചും മറ്റും ഹമാസിനെതിരേ ഫലസ്തീന്‍ അതോറിറ്റി നിലപാട് ശക്തമാക്കിയിരുന്നു.

ഫലസ്തീനില്‍ അനുരഞ്ജന സര്‍ക്കാരുണ്ടാക്കാനുള്ള ഈജിപ്ത് ഭരണകൂടത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഹമാസിന്റെ തീരുമാനമെന്ന് വക്താവ് പറഞ്ഞു. ഹമാസിന്റെ പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നീക്കത്തിന് എതിരുനില്‍ക്കാന്‍ ഫതഹിന് ന്യായീകരണമുണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

വെസ്റ്റ്ബാങ്കില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന മഹ്മൂദ് അബ്ബാസിന്റെ ഫതഹ് സര്‍ക്കാരില്‍നിന്ന് ഗസാപ്രദേശം പിടിച്ചെടുത്തതിനു ശേഷം ഒരു ദശകത്തിലേറെയായി ഹമാസ് ആണ് ഇവിടെ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇടക്കാലത്ത് നടന്ന അനുരഞ്ജന ശ്രമങ്ങളെല്ലാം പരാജയത്തില്‍ കലാശിക്കുകയായിരുന്നു.

അനുരഞ്ജന സര്‍ക്കാര്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഫതഹ് വിഭാഗവുമായി കെയ്‌റോയില്‍ വച്ച് എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, ഗസയിലെ ഭരണ സമിതി പിരിച്ചുവിടുകയും പ്രദേശത്തിന്റെ നിയന്തണം മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വിട്ടുകൊടുക്കുകയും ചെയ്താല്‍ മാത്രമേ ഹമാസിനെതിരായ നടപടികളില്‍ നിന്ന് പിന്‍മാറുകയുള്ളൂ എന്ന് ഗസയിലെ ഫതഹ് വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hamas chief Ismail Haniyeh has told Egyptian officials that he would dissolve a key body causing tension with rival Palestinian faction Fatah, an official said Tuesday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്