കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിതപരിശോധനയില്‍ മാറ്റമില്ല; സ്വാതന്ത്ര്യത്തിനായി എന്തു വിലയും നല്‍കാന്‍ തയ്യാറെന്ന് ബര്‍സാനി

  • By Desk
Google Oneindia Malayalam News

ഇര്‍ബില്‍: മുന്‍ നിശ്ചയപ്രകാരം തിങ്കളാഴ്ച തന്നെ കുര്‍ദ് സ്വാതന്ത്ര്യ ഹിതപ്പരിശോധന നടത്തുമെന്ന് കുര്‍ദ് നേതാവും കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റ് പ്രസിഡന്റുമായ മസൂദ് ബര്‍സാനി. വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കാനുള്ള എല്ലാ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെയും തള്ളിക്കൊണ്ടാണ് കുര്‍ദ് നേതാവിന്റെ പ്രഖ്യാപനം.

കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവമെന്റിന്റെ ഭാഗമായ മൂന്ന് ഗവര്‍ണറേറ്റുകള്‍ക്കു പുറമെ, ഇറാഖിന്റെ ഭാഗവും എണ്ണ സമ്പന്ന പ്രദേശവുമായ കിര്‍ക്കുക്കിലും വടക്കന്‍ പ്രവിശ്യയായ നിനേവെയുടെ ഭാഗങ്ങളിലുമാണ് സപ്തംബര്‍ 25ന് സ്വാതന്ത്ര്യ ഹിതപ്പരിശോധന നടത്താന്‍ കുര്‍ദുകള്‍ തീരുമാനിച്ചിരിക്കുന്നത്.

ഹിതപ്പരിശോധനാ തീരുമാനം ജനങ്ങളുടെ കൈകളില്‍

ഹിതപ്പരിശോധനാ തീരുമാനം ജനങ്ങളുടെ കൈകളില്‍

ഹിതപ്പരിശോധനാ തീരുമാനം രാഷ്ട്രീയ പാര്‍ട്ടികളുടെയോ കുര്‍ദ് ഭരണകൂടത്തിന്റെയോ കൈയിലല്ലെന്നും അത് ജനങ്ങളുടെ കൈയിലാണെന്നും ബര്‍സാനി പറഞ്ഞു. കുര്‍ദിസ്താന്‍ തലസ്ഥാനമായ ഇര്‍ബിലിലെ തിങ്ങിനിറഞ്ഞ ഫ്രാന്‍സോ ഹരീരി സ്‌റ്റേഡിയത്തില്‍ ഇളകിമറിയുന്ന ആയിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് ബര്‍സാനി ഇങ്ങനെ പറഞ്ഞത്. സ്വാതന്ത്ര്യത്തിന് എന്തു വില നല്‍കാനും ഞങ്ങള്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന ആരും തന്നെ എന്തിനാണ് ഹിതപ്പരിശോധന നടത്തുന്നതെന്ന് ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പഴയ അബദ്ധം ആവര്‍ത്തിക്കില്ല

പഴയ അബദ്ധം ആവര്‍ത്തിക്കില്ല

ഹിതപ്പരിശോധന നിര്‍ത്തിവയ്ക്കാനോ നീട്ടിവയ്ക്കാനോ ആണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും എന്നാല്‍ പഴയ അബദ്ധം ഇത്തവണ ആവര്‍ത്തിക്കില്ലെന്നും ബര്‍സാനി പറഞ്ഞു. ഇനി നീട്ടിവയ്ക്കാന്‍ കഴിയാത്ത വിധം സമയം അതിക്രമിച്ചുപോയെന്നും വോട്ടെടുപ്പിന് ശേഷം ഇറാഖുമായി ഗൗരവതരമായ ചര്‍ച്ചയ്ക്ക് തങ്ങള്‍ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഹിതപ്പരിശോധനയെത്തുടര്‍ന്ന് സ്വാതന്ത്ര്യ പ്രഖ്യാപനമല്ല തങ്ങളുദ്ദേശിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ട ഗൗരവതരമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ബര്‍സാനി പറഞ്ഞു.

ഇറാഖ് പറഞ്ഞത് പോയി തുലയാന്‍

ഇറാഖ് പറഞ്ഞത് പോയി തുലയാന്‍

കുര്‍ദുകള്‍ക്കെതിരേ ബഗ്ദാദ് ചെയ്തത് വാഷിംഗ്ടണ്‍ ടെക്‌സാസിനോട് ചെയ്തിരുന്നുവെങ്കില്‍ അവരൊരിക്കലും വാഷിംഗ്ടണിലേക്ക് തിരിച്ചുപോകുമായിരുന്നില്ലെന്ന്, ഇറാഖിന്റെ നിഷേധാത്മക സമീപനത്തെക്കുറിച്ച് ബര്‍സാനി പറഞ്ഞു. കുര്‍ദിസ്താനുമായി അധികാരം പങ്കുവയ്ക്കുന്നതില്‍ ഇറാഖ് ഭരണകൂടം പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. ഇറാഖ് രൂപംകൊണ്ട അന്നു മുതല്‍ കുര്‍ദുകള്‍ മാന്യമായ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒരു തവണയല്ല, പല തവണ. എന്നാല്‍ പോയി തുലയാനാണ് അവര്‍ ഞങ്ങളോട് പറഞ്ഞതെന്നും ബര്‍സാനി തുറന്നടിച്ചു. സപ്തംബര്‍ 25ന് എല്ലാവരും പോളിംഗ് സ്‌റ്റേഷനിലെത്തണം എന്ന് ആഹ്വാനം ചെയ്താണ് ബര്‍സാനി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ഹിതപ്പരിശോധനയ്‌ക്കെതിരേ പ്രതിഷേധം

ഹിതപ്പരിശോധനയ്‌ക്കെതിരേ പ്രതിഷേധം

ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ മുന്നോടിയായി കുര്‍ദുകള്‍ നടത്തുന്ന വോട്ടെടുപ്പിനെതിരേ നിനേവെ പ്രവിശ്യയില്‍ ആയിരങ്ങള്‍ പ്രകടനം നടത്തി. ഇറാഖ് പതാകയും രാജ്യത്തെ വിഭജിക്കാന്‍ സമ്മതിക്കില്ലെന്ന പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രകടനം. പ്രവിശ്യയുടെ കുര്‍ദ് ഭൂരിപക്ഷ പ്രദേശങ്ങളും വോട്ടെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. ഇറാഖിന്റെ ഭാഗവും എന്നാല്‍ കുര്‍ദ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളതുമായ കിര്‍ക്കുക്കിലും പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. ഇവിടെ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

ഇസ്രായേലൊഴികെ എല്ലാവരും എതിര്

ഇസ്രായേലൊഴികെ എല്ലാവരും എതിര്

ഇസ്രായേല്‍ മാത്രമാണ് കുര്‍ദ് ഹിതപ്പരിശോധനയെ പിന്തുണച്ച് രംഗത്തുവന്നത്. നീക്കം ഉപേക്ഷിക്കാന്‍ ഇറാഖ് പാര്‍ലമെന്റ് നേരത്തേ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇറാഖ് സുപ്രിംകോടതിയും ഇതേ ആവശ്യമുന്നയിക്കുകയുണ്ടായി. യു.എന്നിനു പുറമെ, അമേരിക്ക, ബ്രിട്ടന്‍, സൗദി അറേബ്യ തുടങ്ങി പ്രധാന വിദേശ രാജ്യങ്ങളും തുര്‍ക്കി, ഇറാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളും ഹിതപ്പരിശോധനയ്‌ക്കെതിരാണ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യോജിച്ച പോരാട്ടം നടക്കുന്ന ഈ സമയത്ത് ഹിതപ്പരിശോധന നടത്തുന്നത് പോരാട്ടത്തെ ക്ഷീണിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ശക്തികള്‍ ഇതിനെ എതിര്‍ക്കുന്നത്. മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന തീരുമാനമാണിതെന്ന് അയല്‍രാജ്യങ്ങളും കരുതുന്നു.

രാജ്യമില്ലാത്ത കുര്‍ദുകള്‍

രാജ്യമില്ലാത്ത കുര്‍ദുകള്‍

25 ദശലക്ഷത്തോളം വരുന്ന കുര്‍ദ് ജനവിഭാഗങ്ങള്‍ ഇറാഖിനു പുറമെ, തുര്‍ക്കി, ഇറാന്‍, സിറിയ എന്നീ രാജ്യങ്ങളിലായി ചിതറിക്കിടക്കുകയാണ്. അവരുടെ സ്വാതന്ത്ര്യവാഞ്ഛയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തങ്ങളുടെ ചിരകാല സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള ഏറ്റവും നല്ല അവസരമായാണ് കുര്‍ദുകള്‍ ഹിതപ്പരിശോധനയെ കാണുന്നത്. ഹിതപ്പരിശോധനയെ വരവേല്‍ക്കുതിന്റെ ഭാഗമായി കുര്‍ദ് പതാകയുമേന്തി രാത്രികാലങ്ങളില്‍ പോലും തെരുവുകളില്‍ ആനന്ദനൃത്തം ചവിട്ടുന്ന പതിനായിരങ്ങള്‍ വിളിച്ചോതുന്നതും മറ്റൊന്നല്ല. എന്നാല്‍ തങ്ങളുടെ രാജ്യങ്ങളിലെ കുര്‍ദുകളും വിഘടനവാദം ഉന്നയിക്കാന്‍ കുര്‍ദ് ഹിതപ്പരിശോധന പ്രേരകമാവുമോ എന്ന പേടിയിലാണ് തുര്‍ക്കി, ഇറാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങള്‍.

English summary
kurd region poll to occur despite opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X