കണ്ണൂരിലെ ആദിവാസി യുവതിയുടെ കൊലപാതകം: പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി!!
കണ്ണുർ: ആദിവാസി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്. കാമുകിയായിരുന്ന യുവതിയെ കൊന്ന് കെട്ടി തൂക്കി രണ്ട് ദിവസത്തിന് ശേഷം യുവാവ് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.
1.4 ലക്ഷം ഒഴിവുകള്‍; വന്‍ റിക്രൂട്ട്മെന്റിനൊരുങ്ങി റെയില്‍വേ, പരീക്ഷ ഡിസംബര്‍ 15 മുതല്‍
കേസിലെ പ്രതിയായ യുവാവിനെയും കൊണ്ടു കൊല നടത്തിയ മാലൂർ തോലമ്പ്ര ഭാഗങ്ങളിൽ കേളകം പോലീസ് തെളിവെടുപ്പ് നടത്തി. നേരത്തെ ബന്ധമുണ്ടായിരുന്ന 37 വയസുകാരിയെ ഒഴിവാക്കുകയും പുതുതായി പ്രണയത്തിലേർപ്പെട്ട 20 വയസുകാരിയെ വിവാഹം കഴിച്ചു സ്വന്തമാക്കുന്നതിനുമാണ് ഓട്ടോ ഡ്രൈവറായ 24 വയസുകാരനായ യുവാവ് അരുംകൊല നടത്തിയത്.
ഇരിട്ടി നഗരത്തിൽ ഓട്ടോ ഡ്രൈവറായ കോളയാട്ടെ കെ വിപിൻ (35) കാമുകിയായ ശോഭയെ വിളിച്ചു വരുത്തി കൈയ്യിൽ കരുതിയ ഷാൾ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ മരിച്ച യുവതിയെ കെട്ടി തൂക്കിയപ്പോൾ കാൽനിലത്തു മുട്ടിയതാണ് സംശയത്തിനിടയാക്കിയത്. ഇതിനിടെയിൽ ബലപ്രയോഗത്തിനിടയിൽ യുവതിയുടെ ദേഹത്തുണ്ടായ അസ്വാഭാവിക മുറിവുകളും ഉടുത്തിരുന്ന വസ്ത്രത്തിലുണ്ടായ കീറലുകളും പൊലിസിൽ സംശയം ജനിപ്പിച്ചിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന്റെ സാധ്യതകൾ കൃത്യമായി രേഖപ്പെടുത്തിയതോടെയാണ് പോലീസ് യുവതിയുമായി അടുപ്പമുള്ളവരിലേക്ക് അന്വേഷണവുമായെത്തിയത്. ഇതിനിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നുവെങ്കിലും ടവർ ലൊക്കെഷനും നമ്പറും കേന്ദ്രീകരിച്ചുള്ള അന്വേഷണം കേസിൽ തുമ്പുണ്ടാക്കി. ഇതോടെയാണ് വിപിനുമായുള്ള യുവതിക്കുള്ള ബന്ധം പുറത്താവുന്നത്.
കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതിയായ ശോഭയുടെ മരണത്തിൽ ഇതോടെയാണ് കോളയാട് സ്വദേശിയായ യുവാവിനെ കേളകം പോലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതക കുറ്റം ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തു ദിവസം മുൻപാണ് 37 കാരിയായ ശോഭയെ തോലമ്പ്ര വനമേഖലയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണവും മൊബൈലും വിപിൻ കൈക്കലാക്കിയിരുന്നു.
വിപിനും ശോഭയും ഇയാളുടെ മറ്റൊരു ബന്ധത്തിനെ തുടർന്ന് തർക്കമുണ്ടാവുകയായിരുന്നു.
ഇതിനിടെയിൽ വഴക്കു തീർക്കാനെന്ന വ്യാജേനെ ഒത്തുതീർപ്പാക്കി സംസാരിക്കാനെന്ന് പറഞ്ഞാണ് കഴിഞ്ഞ 24-ന് ശോഭയെ പ്രതി മാലൂരിലെ തോലമ്പ്രയിൽ ആളൊഴിഞ്ഞ പറമ്പില്‍ വിളിച്ചു വരുത്തിയത്. പിന്നീട് ഇവിടെ നടന്ന വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞ് വിപിൻ ഒന്നുമറിയാത്തതുപോലെ പുതിയ പ്രണയിനിയെ വിവാഹം ചെയ്യുകയും ചെയ്തു. കൊലപാതകം നടന്ന വേളയിൽ ഇയാൾ കൈക്കലാക്കിയ സ്വർണവും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്.