മേയര്‍ക്ക് ചുവപ്പ് ബീക്കണ്‍ലൈറ്റ് വേണ്ടെന്ന്

Subscribe to Oneindia Malayalam

കോഴിക്കോട്: ആര്‍ടിഒ ഉത്തരവിനെ തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ എ കെ പ്രേമജം തന്റെ വാഹനത്തില്‍ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി. ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി നീല ലൈറ്റ് സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നാണ് ആര്‍ടിഒ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് നോട്ടീസ് മുഖേന ആവശ്യപ്പെട്ടിരുന്നത്. വിവാദം ഒഴിവാക്കുന്നതിനായി ലൈറ്റ് നീക്കുകയാണ് എന്നാണ് മേയര്‍ പിന്നീട് പറഞ്ഞത്.

1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് കോര്‍പ്പേറഷന്‍ മേയര്‍ക്ക് ചുവന്ന ബീക്കണ്‍ ലൈറ്റ് വച്ച വാഹം ഉപയോഗിക്കാന്‍ പാടില്ലെന്ന് ആര്‍ടിഒ രാജീവ് പുത്തലത്ത് പറയുന്നു. ഇത് വ്യക്തമാക്കിക്കൊണ്ടാണ് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്. നോട്ടീസ് കൈപ്പറ്റി മൂന്ന് ദിവസത്തിനകം ചുവപ്പ് ലൈറ്റ് മാറ്റി നീല ലൈറ്റ് സ്ഥാപിക്കണെമന്നാണ് ആവശ്യപ്പെട്ടിരുന്നത്.

2012 ലെ കേരള സംസ്ഥാന നോട്ടിഫിക്കേഷന്‍ പ്രകാരവും കോര്‍പ്പറേഷന്‍ മേയര്‍ക്ക് ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ പാടില്ല. ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് ജസ്റ്റിസ്, മന്ത്രിമാര്‍, കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വൈസ് ചെയര്‍മാന്‍, അഡ്വക്കറ്റ് ജനറല്‍, ലോകായുക്ത, ഉപ ലോകായുക്ത, ചീഫ് സെക്രട്ടറി, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, സര്‍ക്കാര്‍ ചീഫ് വിപ് എന്നിവര്‍ക്ക് മാത്രമേ ചുവപ്പ് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാവൂ.

ഈ നോട്ടിഫിക്കേഷന്‍ പ്രകാരം പിഎസ് സി ചെയര്‍മാര്‍, കോര്‍പ്പറേഷന്‍ മേയര്‍, എസ്പിയോ അതിന് മുകളിലോ ഉള്ള പോലീസ് ഉദ്യോസ്ഥര്‍ എന്നിവര്‍ക്ക് നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.

മേയര്‍മാര്‍ കൂട്ടമായി തൂരുമാനിച്ചതിന്റെ ഭാഗമായാണ് ചുവപ്പ് ബീക്കണ്‍ ലൈറ്റ് എടുത്ത് മാറ്റാതിരുന്നതെന്ന് മെയര്‍ എകെ പ്രേമജം പറഞ്ഞു. പ്രോട്ടോകോള്‍ പ്രകാരം ഡെപ്യൂട്ടി സ്പീക്കറുടെ പദവിയാണ് മേയര്‍ക്ക്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് മേയര്‍മാര്‍ കൂട്ടായി തീരുമാനമെടുത്തതെന്നും പ്രേമജം പറഞ്ഞു.

ചുവപ്പ് ബീക്കണ്‍ ലൈറ്റ് എടുത്ത് മാറ്റാന്‍ താന്‍ തീരുമാനിച്ചുവെന്ന് പ്രേമജം പറഞ്ഞു. എന്നാല്‍ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കില്ല. സര്‍ക്കാരിന്റെ വേര്‍തിരിവിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇതെന്നും പ്രേമജം പറഞ്ഞു.

English summary
Kozhikode corporation mayor A K Premajam, on Saturday, removed the red beacon light placed atop her vehicle after the regional transport officer served notice to the corporation secretary.
Please Wait while comments are loading...