Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ വിമാനം റോഡിലിറക്കി; ചെങ്കോട്ട സ്‌ഫോടനം; പ്രതികള്‍ ആസൂത്രണം ചെയ്തത് തുടര്‍ സ്‌ഫോടനങ്ങള്‍

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ചെറു വിമാനം റോഡിലിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ദേശീയ പാതയിലിറക്കിയത്. വ്യോമസേനയുടെ പരിശീലനപ്പറക്കലിനിടെയാണു സംഭവം. പൈലറ്റുമാര്‍ക്ക് നേരിയ പരുക്കേറ്റു.

ചെങ്കോട്ട കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് വലിയ ഭീകരാക്രമണ പദ്ധതികളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ചുരുളഴിക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു. 32 ഓളം പഴയ വാഹനങ്ങള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തയ്യാറാക്കിയിരുന്നു.

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് കശ്മീരിലെ ഡോ. ഉമർ ഉൻ നബി തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ ഇദ്ദേഹത്തിന്റെ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു. അതിനാൽ ഇയാളെ തിരിച്ചറിയാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല.

സ്ഫോടനത്തിൽ ഉപയോഗിച്ച വെള്ള ഹ്യുണ്ടായ് i20 കാർ 11 ദിവസം മുൻപ് വാങ്ങിയത് ഡോ. ഉമർ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ആദ്യമേ സംശയമുണ്ടായിരുന്നു. പുൽവാമ ജില്ലയിലുള്ള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ, കാറിൽ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങളുമായി പിന്നീട് ഒത്തുനോക്കി. സ്ഫോടനം നടന്ന സമയത്ത് കാർ ഓടിച്ചിരുന്നത് ഡോ. ഉമർ തന്നെയാണെന്ന് ഇതോടെയാണ് സ്ഥിരീകരിച്ചതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഐഎ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നടന്നത് ഭീകരാക്രമണം തന്നെയാണെന്ന് കേന്ദ്രസർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്രവാദികൾക്കെതിരെ കർശന നിലപാട് തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.

newproject89-1

ഇന്നത്തെ മറ്റ് പ്രധാനവാർത്തകൾ അറിയാം

Nov 14, 2025, 12:30 am IST

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. തോമസ് പി ചാക്കോ മത്സരിക്കുന്നത് പത്തനംതിട്ട നഗരസഭയിലെ 31ആം വാർഡിലാണ്. സിപിഎം പ്രാദേശിക നേതാവായിരുന്ന തോമസ് ചാക്കോ പാർട്ടിയിലെ ഒരു വിഭാഗവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. തുടർന്നാണ് പത്തനംതിട്ടയിലെ വീണ ജോർജിൻ്റെ എംഎൽഎ ഓഫീസിൽ നിന്ന് ഇയാളെ മാറ്റിയത്.
Nov 13, 2025, 11:44 pm IST

തിരുവനന്തപുരത്ത് നാളെ പ്രഖ്യാപിച്ച പ്രാദേശിക അവധിയിൽ മാറ്റമുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താക്കുറിപ്പ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ നാളെ ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കുമെന്നാണ് വിവരം. തിരുവനന്തപുരം, നെയ്യാറ്റിൻകര, താലൂക്കുകളിലെയും കാട്ടാക്കട താലൂക്കിലെ 10 വില്ലേജുകളുടെ പരിധിയിലെ സ്ഥാപനങ്ങളും പ്രവർത്തിക്കും. സ്ഥാപനങ്ങളെ അവധിയിൽ നിന്ന് ഒഴിവാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Nov 13, 2025, 11:32 pm IST

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവുകാരുടെ അക്രമം. ജീവനക്കാരനേയും മറ്റൊരു തടവുകാരനെയും ഇവർ ആക്രമിച്ചു. ജീവനക്കാരനായ അഭിജിത്ത്, തടവുകാരനായ റെജി എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിന് പിന്നാലെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാവോയിസ്‌റ്റ് കേസിലെ പ്രതി മനോജ്, കാപ്പാ കേസ് പ്രതി അസറുദ്ദീൻ എന്നിവരാണ് ആക്രമിച്ചത്.
Nov 13, 2025, 10:44 pm IST

കണ്ണൂര്‍ മുന്‍ എസിപി ടികെ രത്‌നകുമാര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് രത്‌നകുമാര്‍ ജനവിധി തേടുക. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരായ കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല രത്‌നകുമാറിനായിരുന്നു. കേസില്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെ രത്‌നകുമാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്‌തിരുന്നു.
Nov 13, 2025, 10:10 pm IST

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി രൂപീകരിച്ച കോര്‍ കമ്മിറ്റിയില്‍ നിന്ന് എസ്‌ടി, എസ്‌ടി വിഭാഗങ്ങളെ ഒഴിവാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കെപിസിസി പ്രസിഡന്റിനോട് പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിക്കുന്നു.
Nov 13, 2025, 9:29 pm IST

പിഎം ശ്രീയില്‍ സിപിഎമ്മും സിപിഐയും സംയുക്തമായാണ് തീരുമാനമെടുത്തതെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീയില്‍ സംയുക്ത തീരുമാനമാണ് എടുത്തതെന്നും അത് വീണ്ടും കുത്തിപ്പൊക്കാന്‍ സിപിഐയ്ക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലപാട് കത്ത് മുഖേന കേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞുവെന്നും ബിജെപിയുടെ പല നയങ്ങളോടും നേരിട്ട് പോരാടിയ ചരിത്രം സിപിഐയ്ക്കും സിപിഐഎമ്മിനും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Nov 13, 2025, 9:02 pm IST

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴിയാണെന്നും എൻക്രിപ്റ്റ് ചെയ്‌ത ആപ്ലിക്കേഷനായ 'ത്രീമ'യാണ് ഇതിനായി ഉപയോഗിച്ചതെന്നുമുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സ്ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ ഭൂപടങ്ങൾ, ആക്രമണ രീതികൾ, ബോംബ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ നിർണായക വിവരങ്ങളെല്ലാം ഈ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്.
Nov 13, 2025, 8:27 pm IST

കാനഡയിലെ ടൊറന്റോയിൽനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ടൊറന്റോയിൽ നിന്ന് പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ വിമാനം വൈകീട്ട് 3 മണിയോടെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി.
Nov 13, 2025, 7:49 pm IST

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 25 ശതമാനം വോട്ട് ഉറപ്പെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നും ഇല്ലെങ്കിൽ മുഖ്യ പ്രതിപക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയോട് ജനങ്ങൾക്ക് തൊട്ടുകൂടായ്‌മയില്ലെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ വർഗീയമുദ്ര ചാർത്താനുള്ള എതിരാളികളുടെ ശ്രമം പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി.
Nov 13, 2025, 7:18 pm IST

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി ഡീലെന്ന് ആരോപണം ഉന്നയിച്ച ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തുടര്‍ നടപടികള്‍ ജില്ലാ കമ്മിറ്റി സ്വീകരിക്കും. കഴക്കൂട്ടം എംഎല്‍എയും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ആനി അശോകന്‍ ഉന്നയിച്ചത്.
Nov 13, 2025, 6:48 pm IST

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്‌റ്റിലായ മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസു സത്യസന്ധനെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം കമ്മീഷണര്‍ ആയിരുന്ന കാലത്തെ ഫയലുകളുമായി ബന്ധപ്പെട്ടാണ് എന്‍ വാസുവിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രസിഡന്റ് ആയപ്പോള്‍ എന്‍ വാസു മറ്റ് ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നാണ് മന്ത്രിയായിരുന്ന കാലത്തെ തന്റെ ബോധ്യമെന്നും കടകംപള്ളി പറഞ്ഞു.
Nov 13, 2025, 6:10 pm IST

ആലപ്പുഴ അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ നിലംപതിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി. ഹരിപ്പാട് സ്വദേശിയായ രാജേഷിന്റെ മരണത്തില്‍ നിർമ്മാണ കമ്പനിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രാജേഷിന്റെ കുടുംബത്തിന് കരാർ കമ്പനി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Nov 13, 2025, 5:18 pm IST

ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി കോടതി. ഈ മാസം 27 വരെയാണ് നീട്ടിയത്. മുരാരി ബാബു, ഉണ്ണികൃഷ്‌ണൻ പോറ്റി എന്നിവരുടെ കസ്‌റ്റഡി കാലാവധിയാണ് നീട്ടിയത്. പത്തനംതിട്ട റാന്നി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്‌തത്‌.
Nov 13, 2025, 4:53 pm IST

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്ന് വ്യക്തമാക്കി മേയര്‍ ആര്യ രാജേന്ദ്രൻ. മത്സരിക്കേണ്ട എന്ന് തീരുമാനിക്കാൻ പാർട്ടിക്ക് അവസരമുണ്ടെന്നും പറഞ്ഞു. ഒരാൾക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാൽ പോരല്ലോ. പാർട്ടി തന്ന പദവിയിൽ ഉയർന്നുപ്രവർത്തിച്ചു എന്നാണ് വിശ്വാസമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
Nov 13, 2025, 4:08 pm IST

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. 17-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Nov 13, 2025, 3:07 pm IST

ഡൽഹി ചെങ്കോട്ട കാർ സ്ഫോടനക്കേസ് അന്വേഷണം ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയുടെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയിലേക്കും വ്യാപിപ്പിച്ച് അന്വേഷണ സംഘം. കേസിലെ പ്രധാന പ്രതികളായ ഡോ. ഷഹീൻ സയീദ്, ഡോ. മുജമ്മിൽ ഷക്കീൽ എന്നിവർ ഈ സർവകലാശാലയിലെ ജീവനക്കാരായിരുന്നു. സർവകലാശാലയുടെ ഫണ്ടിംഗുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്ഥാപനത്തിനെതിരെ പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. സിദ്ദിഖിക്കെതിരെയും അദ്ദേഹത്തിന്റെ കൂട്ടാളിയായ ജാവേദ് അഹമ്മദിനെതിരെയും വഞ്ചന, വിശ്വാസവഞ്ചന, വ്യാജരേഖകൾ ഉപയോഗിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഒരു പഴയ ക്രിമിനൽ കേസും നിലവിലുണ്ട്.
Nov 13, 2025, 2:16 pm IST

ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സ്ഫോടക വസ്തുക്കൾ കൊണ്ടുപോകാനും ബോംബുകൾ എത്തിക്കാനുമായി 32 കാറുകൾ ഭീകരർ ഒരുക്കിയിരുന്നതായി എൻഡിടിവി റിപ്പോർട്ട്. മാരുതി സുസൂക്കി ബ്രെസ, മാരുതി സ്വിഫ്റ്റ് ഡിസയർ, ഫോർഡ് ഇക്കോസ്പോർട്ട് എന്നിവ ഈ വാഹനങ്ങളിൽ ഉൾപ്പെടുന്നു. തിങ്കളാഴ്ച വൈകുന്നേരം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് i20 ഉൾപ്പെടെയുള്ള ഈ കാറുകൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതികാര ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികമായ ഡിസംബർ 6-ന് ഡൽഹിയിൽ മാത്രം ആറ് സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
Nov 13, 2025, 2:04 pm IST

ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർ കശ്മീരിൽ പുൽവാമ മോഡൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. എന്നാൽ, ഒരു സംശയത്തിന്റെ പേരിൽ നടത്തിയ അറസ്റ്റ് ഇവരുടെ പദ്ധതികൾക്ക് തടസ്സമായെന്നും ഇതോടെ അവർ തലസ്ഥാനത്തേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നുവെന്ന് സിഎൻഎൻ-ന്യൂസ്18 റിപ്പോർട്ട് ചെയ്തു. ഡൽഹി സ്ഫോടനത്തിൽ 13 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Nov 13, 2025, 1:28 pm IST

അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച പിക് അപ് വാനിന്റെ ഡ്രൈവർ രാജേഷിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. സംഭവത്തിൽ സർക്കാർ രാജേഷിന്റെ ആശ്രിതർക്ക് മതിയായ സഹായം ഉറപ്പാക്കണമെന്നും ആവശ്യം
Nov 13, 2025, 12:39 pm IST

പാലക്കാട് കണ്ടത് സംഘപരിവാർ അസഹിഷ്ണുതയുടെ പ്രതിഫലനം; വസീഫ് പാലക്കാട് നടത്തിയ വോട്ട് കവല പരിപാടിയിൽ പാനലിസ്റ്റായി പങ്കെടുത്ത പിഎം ആർഷോയെ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് വി വസീഫ്. പാലക്കാട് കണ്ടത് സംഘപരിവാർ അസഹിഷ്ണുതയുടെ പ്രതിഫലനം ആണെന്നും അദ്ദേഹം ഫേസ്ബുക്കിൽ വിമർശിച്ചു. 'മനോരമ ചാനൽ പാലക്കാട് നടത്തിയ വോട്ട് കവല പരിപാടിയിൽ പാനലിസ്റ്റായി പങ്കെടുക്കുകയായിരുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം ആർഷോയെ സഹപാനലിസ്റ്റായ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹമാണ്. സംഘപരിവാർ പിന്തുടരുന്ന ജനാധിപത്യവിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ് പാലക്കാട് കണ്ടത്. പാലക്കാട് നഗരസഭയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സംഘപരിവാർ നേതൃത്വം നൽകുന്ന നഗരസഭ ഭരണത്തിനെതിരെ ജനങ്ങളുടെ പരാതികൾ ചർച്ച ചെയ്യവെ വെല്ലുവിളികളും ആക്ഷേപങ്ങളും ഉയർത്തി ഒരു ചർച്ചയിൽ കാണിക്കേണ്ട സാമാന്യമായ മര്യാദ പോലും കാണിക്കാതെ ഗുണ്ടായിസം കാണിക്കുകയാണ് പ്രശാന്ത് ശിവൻ ചെയ്തത്.പ്രശാന്ത് ശിവൻ്റെ പെരുമാറ്റത്തിലൂടെ ആർഎസ്എസിന് കൂടുതൽ സ്വാധീനം ഉണ്ടായാൽ സംഭവിക്കാവുന്ന അപകടത്തിന്റെ സൂചനയാണ് കാണിക്കുന്നത്. അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും ആശയധാര പേറുന്ന വർഗീയ ശക്തികൾക്കെതിരെ നിരന്തരമായി നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ ആക്രമിച്ച് അഭിപ്രായങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്ന ഇത്തരം ജനാധിപത്യവിരുദ്ധരായ സംഘപരിവാർ നേതൃത്വത്തെ ജനം തിരിച്ചറിയും. ഇത്തരം കയ്യേറ്റങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. പി എം ആർഷോക്കെതിരെയുള്ള പ്രശാന്ത് ശിവൻ നടത്തിയ കയ്യേറ്റത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു', പോസ്റ്റിൽ പറഞ്ഞു.
Nov 13, 2025, 12:23 pm IST

ഗോവധക്കേസിൽ മൂന്നുപേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഗുജറാത്ത് സെഷൻസ് കോടതി.കാസിം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവർക്കാണ്. ജീവപര്യന്തം തടവും 18 ലക്ഷം പിഴയും കോടതി വിധിച്ചത്. ഗോസംരക്ഷണം എന്ന തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ വിധിയെന്ന് ഗുജറാത്ത് സർക്കാർ പ്രസ്താവനയിറക്കി.
Nov 13, 2025, 11:25 am IST

സംസ്ഥാനത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍ . വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നീക്കം. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് അടിയന്തിര പ്രാധാന്യമില്ല. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നുവെന്നും ഹർജിയിൽ പറയുന്നു
Nov 13, 2025, 11:01 am IST

ഡൽഹിയിലെ മഹിപാൽപൂരിൽ, റാഡിസൺ ഹോട്ടലിന് സമീപം സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി റിപ്പോർട്ട്. വിവരമറിഞ്ഞയുടൻ മൂന്ന് ഫയർ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് അയച്ചതായും അധികൃതർ അറിയിച്ചു.
Nov 13, 2025, 10:45 am IST

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ എച്ച്-1ബി വിസ നയം, ഉയർന്ന വൈദഗ്ധ്യമുള്ള ജോലികളിൽ അമേരിക്കൻ പൗരന്മാർക്ക് പരിശീലനം നൽകുന്നതിന് വേണ്ടി താത്കാലികമായി വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ളതാണെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ദീർഘകാലത്തേക്ക് വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. . അമേരിക്കയുടെ ഉൽപ്പാദന മേഖലയെ പുനരുജ്ജീവിപ്പിക്കണം. പതിറ്റാണ്ടുകളായി നടന്ന ഔട്ട്സോഴ്സിംഗിന് ശേഷം യുഎസ് നിർമ്മാണ മേഖലയെ പുനർനിർമ്മിക്കാനാണ് ഈ പുതിയ സമീപനം."കഴിഞ്ഞ 20-30 വർഷമായി ഞങ്ങൾ കൃത്യതയാർന്ന ഉൽപ്പാദന ജോലികൾ വിദേശത്തേക്ക് മാറ്റിയിട്ടില്ല. ഒറ്റരാത്രികൊണ്ട് കപ്പലുകൾ നിർമ്മിക്കാൻ ഞങ്ങൾക്ക് കഴിയില്ല. സെമികണ്ടക്ടർ വ്യവസായത്തെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അരിസോണയിൽ വലിയ സൗകര്യങ്ങൾ ഒരുങ്ങും," ബെസെന്റ് കൂട്ടിച്ചേർത്തു.
Nov 13, 2025, 9:47 am IST

ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടർമാർ ഉൾപ്പെട്ട ഭീകരസംഘം ഡിസംബർ 6-ന് ദേശീയ തലസ്ഥാന മേഖലയിലെ ആറ് സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട്. അന്വേൽണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബാബറി മസ്ജിദ് തകർത്തതിൻ്റെ പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീയതി തിരഞ്ഞെടുത്തതെന്ന് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരർ മൊഴി നൽകി. മുതിർന്ന ഇൻ്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ദേശീയ തലസ്ഥാന മേഖലയിൽ തുടർച്ചയായ സ്ഫോടനങ്ങൾ നടത്താൻ തങ്ങൾ ഘട്ടംഘട്ടമായുള്ള പദ്ധതി തയ്യാറാക്കിയിരുന്നതായി ഭീകരസംഘത്തിലെ അംഗങ്ങൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഒന്നാം ഘട്ടം: ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്ത്-ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഭീകരസംഘം രൂപീകരിക്കുക. രണ്ടാം ഘട്ടം: സ്ഫോടക വസ്തുക്കൾ (IEDs) നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളും വെടിമരുന്നുകളും ഹരിയാനയിലെ നൂഹ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുക. മൂന്നാം ഘട്ടം: മാരകമായ രാസവസ്തുക്കൾ ഉപയോഗിച്ച് IED-കൾ നിർമ്മിക്കുകയും ലക്ഷ്യമിടുന്ന സ്ഥലങ്ങൾ നിരീക്ഷിക്കുകയും ചെയ്യുക.നാലാം ഘട്ടം: നിരീക്ഷണത്തിന് ശേഷം നിർമ്മിച്ച ബോംബുകൾ സംഘത്തിലെ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുക. അഞ്ചാം ഘട്ടം (അന്തിമം): ഡൽഹിയിലെ ആറ് മുതൽ ഏഴ് സ്ഥലങ്ങളിൽ ഏകോപിപ്പിച്ച സ്ഫോടനങ്ങൾ നടത്തുക എന്നതായിരുന്നു. ഈ വർഷം ഓഗസ്റ്റിൽ ആക്രമണങ്ങൾ നടത്താനായിരുന്നു യഥാർത്ഥ പദ്ധതി. എന്നാൽ പ്രവർത്തനപരമായ കാലതാമസത്തെ തുടർന്ന് ബാബറി മസ്ജിദ് തകർത്തതിൻ്റെ വാർഷിക ദിനമായ ഡിസംബർ 6 പുതിയ തീയതിയായി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Nov 13, 2025, 9:03 am IST

അരൂർ തുറവൂർ ഉയരപ്പാത മേഖലയിൽ ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തി ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക്‌ വാഹനങ്ങൾ കടത്തി വിടുന്നില്ല. ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ആലപ്പുഴ ഭാഗത്തേക്ക് അരൂക്കുറ്റി വഴി തിരിഞ്ഞുപോകണം.
Nov 13, 2025, 7:50 am IST

ഷട്ട്ഡൗൺ അവസാനിപ്പിച്ചുകൊണ്ടുള്ള ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ . ഇതോടെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ അടച്ചുപൂട്ടലിന് താൽക്കാലികമായി അറുതിയായി. അവസാന കടമ്പയും കടന്നതോടെ ഈ വിഷയത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങി. റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സഭയിൽ ബുധനാഴ്ച വൈകുന്നേരം നടന്ന വോട്ടെടുപ്പിൽ 222 നിയമസഭാംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. ആറ് ഡെമോക്രാറ്റുകളും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, രണ്ട് റിപ്പബ്ലിക്കൻമാർ ഉൾപ്പെടെ 209 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു.
Nov 13, 2025, 6:48 am IST

അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഒരാൾ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. ചന്തിരൂരില്‍ പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+