ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ
പാർട്ടിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ നാട്ടിക എം.എൽ.എ സി.സി. മുകുന്ദനെ സി.പി.ഐ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. നേരത്തെ പാര്‍ട്ടി പദവിയില്‍ നിന്നും മുകുന്ദന്‍ രാജിവെച്ചിരുന്നു. നാട്ടികയിൽ ഗീത ഗോപിനാഥിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിക്ഷേധിച്ചാണ് മുകുന്ദൻ പാർട്ടിക്കെതിരെ രംഗത്തെത്തിയത്. ഗീതയുടേത് പെയ്മെന്റ് സീറ്റ് ആണെന്ന ആരോപണമാണ് പ്രധാനമായും ഉന്നയിച്ചത്.
നാട്ടികയിൽ തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. അങ്ങിനെ വന്നാൽ പിന്തുണക്കുന്നത് സംബന്ധിച്ച് ചില കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും അവർ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നുമാണ് മുകുന്ദൻ പറഞ്ഞത്. അതേസമയം, സി.പി.ഐ ഉപേക്ഷിച്ച മുകുന്ദനെ കോൺഗ്രസിനു വേണ്ടെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നേതാക്കളും രംഗത്തെത്തി.
മറ്റ് പാർട്ടികളിൽനിന്ന് പുറന്തള്ളുന്ന സ്‌ക്രാപ് കോൺഗ്രസ് എടുക്കേണ്ടതില്ലെന്നും നാട്ടിക തിരിച്ചു പിടിക്കാൻ മുകുന്ദൻ വേണ്ട എന്നുമാണ് കോൺഗ്രസ് താന്ന്യം മണ്ഡലം പ്രസിഡന്റ് ആന്റോ തുറയിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷൈൻ നാട്ടിക എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകരുടെ നിലപാട്.

പട്ടികജാതി സംവരണ മണ്ഡലമായ നാട്ടികയിൽ സി.പി.ഐയുടെ സ്ഥാനാർഥി നിർണയത്തിൽ കടുത്ത അഭിപ്രായ ഭിന്നതയാണ് ഉടലെടുത്തത്. നിലവിലെ എം.എൽ.എ സി.സി. മുകുന്ദനെ തഴഞ്ഞ് മുൻ എം.എൽ.എ ഗീത ഗോപിയെ സ്ഥാനാർഥിയാക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതാണ് ഭിന്നതക്ക് ഇടയാക്കിയത്. മകൾക്ക് വിവാഹ സമ്മാനമായി 225 പവൻ സ്വർണം നൽകിയവരെയാണ് പാർട്ടിക്ക് വേണ്ടതെന്ന ഗുരുതര ആരോപണമാണ് മുകുന്ദൻ ഉന്നയിച്ചത്.
പണം പിരിച്ചു നല്‍കാനുള്ള ഗീതയുടെ കഴിവാണ് പാർട്ടി മാനദണ്ഡമാക്കിയത്. ഒരു തവണ മാത്രം മത്സരിപ്പിച്ച് വൻ ഭൂരിപക്ഷം നേടി എം.എൽ.എയായി വൻ വികസനപ്രവർത്തനങ്ങൾ നടത്തിയ പാവപ്പെട്ട തന്നെ രണ്ടാമതും മത്സരിപ്പിക്കാൻ പാർട്ടി തയാറാകുന്നില്ല. നേതാക്കളായ രണ്ട് പേരാണ് സീറ്റ് നിഷേധിക്കാൻ കാരണം. പാർട്ടി സമ്മേളനത്തിലും തന്നെ ഇവർ വെട്ടി. നവകേരള സദസ്സിലെ പദ്ധതി നടപ്പാക്കാത്തത് ചോദ്യം ചെയ്ത് വിമർശിച്ചതിന്റെ പേരിലാണ് ഈ ഒറ്റപ്പെടുത്തൽ. പാർട്ടി ചേർപ്പ്, നാട്ടിക മണ്ഡലം കമ്മിറ്റികളിൽ ചിലർ തന്നെ തേജോവധം ചെയ്യുകയാണ്. ജില്ല എക്സിക്യൂട്ടിവിലും ജില്ല കൗൺസിലിലും രണ്ട് നേതാക്കൾ തനിക്ക് നേരെ തിരിഞ്ഞെന്നും ഇവരുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്നും മുകുന്ദൻ പറയുന്നു.
കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും തന്നെ ഫോണിൽ ബന്ധപ്പെട്ട് സ്വതന്ത്രനായി മത്സരിച്ചാൽ യു.ഡി.എഫ് പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് മുകുന്ദൻ അവകാശപ്പെടുന്നത്. ബി.ജെ.പിയിലേക്ക് പോകുകയോ അവരുടെ സ്ഥാനാർഥിയാകുകയോ ചെയ്യില്ലെന്നും നാട്ടികയിൽ യു.ഡി.എഫ് പിന്തുണയോടെ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നുമാണ് മുകുന്ദൻ പറയുന്നത്.
സി.പി.ഐയിൽ നിന്നും അനുനയനീക്കമൊന്നും ഉണ്ടാകാഞ്ഞതിനെ തുടർന്ന് കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂർ, കോൺഗ്രസ് നേതാവ് ശോഭ സുബിൻ എന്നിവരുമായി മുകുന്ദൻ ചർച്ചയും നടത്തിയിരുന്നു. പാർട്ടി നേതൃത്വം അറിയിച്ചതിനെ തുടർന്നായിരുന്നു ചർച്ചയെന്നും പിന്തുണയുടെ കാര്യം തീരുമാനിക്കേണ്ടത് നേതൃത്വമാണെന്നുമായിരുന്നു ജോസ് വള്ളൂരിന്റെ പ്രതികരണം.
ഈ സാഹചര്യത്തിലാണ് മുകുന്ദനെ പിന്തുണക്കുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്. 'താന്ന്യം മണ്ഡലത്തിലെ 19 വാർഡ് പ്രസിഡന്റുമാരെയും ബന്ധപ്പെട്ടിരുന്നു. മുകുന്ദനെ സ്ഥാനാർഥിയാക്കുന്ന കാര്യം അവർക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. സി.പി.ഐയിൽ നിന്നും വരുന്ന സ്‌ക്രാപ്പുകളെ എടുക്കേണ്ടന്നാണ് പലരും സംസാരിച്ചത്. ആ അർഥത്തിലാണ് നമ്മൾ ഇതിനെ കാണുന്നത്. അതേസമയം, പാർട്ടിയെ ധിക്കരിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടുപോകില്ല. പക്ഷേ വിയോജിപ്പ് ഞങ്ങൾ വ്യക്തമാക്കും' -ആന്റോ തുറയിൽ വ്യക്തമാക്കി.
രണ്ട് എം.എൽ.എമാരും പ്രശസ്തരായത് വികസന പ്രവർത്തനത്തിലൂടെയല്ലെന്ന് ഷൈൻ നാട്ടിക വ്യക്തമാക്കി. 'മകൾക്ക് സ്ത്രീധനം 300 പവൻ കൊടുത്തു എന്നതിലൂടെയാണ് ഗീത ഗോപി പ്രശസ്തയായത്. വീട്ടിൽ മഴവെള്ളം തട്ടി തെന്നിവീണാണ് മുകുന്ദൻ പ്രശസ്തനായത്. ഇവിടെ നല്ല കോൺഗ്രസുകാർ ഒരുപാടുണ്ട്. സി.സി. മുകുന്ദൻ ഇല്ലെങ്കിലും കോൺഗ്രസിന് ഇവിടെ ജയിക്കാൻ കഴിയും. കൈപ്പത്തി ചിഹ്നത്തിൽ ജയിക്കുന്ന ഒരാൾ മത്സരിക്കണം' -ഷൈൻ നാട്ടിക പറഞ്ഞു.
മണ്ഡലത്തിലെ കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ എതിർപ്പിലും സി.സി. മുകുന്ദൻ പ്രതികരിച്ചു. 'ചിലർ മാത്രമാണ് എനിക്കെതിരെ എതിർപ്പുമായി രംഗത്ത് വന്നിട്ടുള്ളത്. ഞാൻ ഉപയോഗമുള്ള ആളാണോ ഉപയോഗശൂന്യമായ ആളാണോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം തെളിയും. ആരെങ്കിലും വിവരമില്ലാതെ പറയുന്നതിനോട് പ്രതികരിക്കാനില്ല' - മുകുന്ദൻ പറഞ്ഞു.
-
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത് -
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications