സര്‍ക്കാര്‍ ഭൂമിവില്‍ക്കാന്‍ വ്യാജരേഖ; വയനാട്ടില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

  • Posted By: Desk
Subscribe to Oneindia Malayalam

  വയനാട്; വ്യാജ ഭൂനികുതി രസീതും കൈവശാവകാശ സര്‍ട്ടിഫിക്കേറ്റും തയ്യാറാക്കി സ്വകാര്യ വ്യക്തിക്ക് മിച്ചഭൂമി കൈമാറാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരനും ഭൂമികൈവശം വെച്ചിരുന്നയാളുമായ പയ്യമ്പള്ളി പുതിയിടം നികുഞ്ജം പ്രകാശന്‍(45) ആണ് അറസ്റ്റിലായത്. മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ പികെ മണിയും സംഘവുമാണ് ഇയാളെ വെള്ളിയാഴ്ച രാത്രിയോടെ പിടികൂടിയത്.നേരത്തെ കേസിലെ മറ്റൊരു പ്രതിയായ വെളളമുണ്ട ബാണാസുര സാഗര്‍ ഇറിഗേഷന്‍ പ്രൊജക്ട് സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് അജയ് സിറിള്‍ (55) നെ അറസ്റ്റ് ചെയ്തിരുന്നു.

prakasahan

മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് സന്തോഷ് ശിവനാരായണനും കേസിലെ പ്രതിയാണ്. പയ്യമ്പളളി വില്ലേജില്‍ പുതിയിടത്ത് രണ്ട് ഹെക്ടറോളം സ്ഥലത്തിന്റെ നികുതി സ്വീകരിച്ചതായാണ് ഇയ്യാള്‍ വ്യാജരേഖ ഉണ്ടാക്കിയത്. മിച്ചഭൂമി കേസില്‍ ഹൈക്കോടതിയില്‍ സ്റ്റേ നിലനില്‍ക്കുന്ന സ്ഥലത്തിനായാണ് വ്യാജ രേഖകള്‍ ഉണ്ടാക്കിയത്.സംഭവത്തെക്കുറിച്ച് തഹസില്‍ദാര്‍ എന്‍.ഐ ഷാജു ജില്ലാകലക്ടര്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് സന്തോഷ് ശിവനാരായണന്‍, വെള്ളമുണ്ട ബാണാസുര ഇറിഗേഷന്‍ പ്രൊജക്ട് സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് അജയ് സിറിള്‍ എന്നിവരെ കളക്ടര്‍ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതോടൊപ്പം വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ മാനന്തവാടി പോലീസിലും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ക്രൈം നമ്പര്‍ 317/18 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നേരത്തെ അജയ് സിറിലും ഇപ്പോള്‍ പ്രകാശനും പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രകാശനെ റിമാണ്ട് ചെയ്തു. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടത്തി വരുന്നതായി പോലീസ് വ്യക്തമാക്കി. അതേസമയം, ജില്ലയിലെ മിച്ചഭൂമി കച്ചവടം നടത്തുന്നതുമായി ബന്ധപ്പെട്ട് റവന്യുവകുപ്പ് ശക്തമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
fake document for selling government land; one more person arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്