ചരിത്ര നിമിഷം,ആ സ്വപ്നം യാഥാർത്ഥ്യമായി! കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു....

  • By: afeef
Subscribe to Oneindia Malayalam

കൊച്ചി:ഒടുവിൽ ആ ചരിത്രനിമിഷത്തിന് ലോകം സാക്ഷ്യംവഹിച്ചു,കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ പ്രധാനമന്ത്രിനരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കലൂർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്വിച്ച് ഓൺ ചെയ്താണ് പ്രധാനമന്ത്രി കൊച്ചിമെട്രോ ഉദ്ഘാടനം ചെയ്തത്.

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുന്ന മെട്രോയിൽ പൊതുഗതാഗത മാർഗങ്ങൾ ഒന്നിക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ 50ഓളം നഗരങ്ങൾ മെട്രോ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിൽ സദസിനെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിന്റെ ഉപഹാരം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു, ശേഷം സദസിനെ കൈവീശി കാണിച്ചാണ് അദ്ദേഹം വേദി വിട്ടത്.

kochimetro

പ്രാർത്ഥനയോടെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. കെഎംആർഎൽ എംഡിഏലിയാസ് ജോർജ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. കേന്ദ്രമന്ത്രി വെങ്കയ്യനായിഡു അദ്ധ്യക്ഷത വഹിച്ചു. മലയാളത്തിൽസദസിനെ അഭിവാദ്യം ചെയ്താണ് വെങ്കയ്യനായിഡു പ്രസംഗം ആരംഭിച്ചത്. കൊച്ചി മെട്രോയുടെ ആക്സിസ് ബാങ്ക് വൺകാർഡും അദ്ദേഹം പുറത്തിറക്കി. രാജ്യത്ത് ഏറ്റവും വേഗത്തിൽ യാത്രാസജ്ജമായ മെട്രോയാണ് കൊച്ചിയിലേതെന്ന് വെങ്കയ്യനായിഡു പറഞ്ഞു. മെട്രോ മാൻ ഇ ശ്രീധരനെയും സംസ്ഥാന സർക്കാരിനെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് സമയം കണ്ടെത്തിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ടാാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം ആരംഭിച്ചത്. ഉദ്ഘാടനം വിവാദമാക്കാൻ ശ്രമിച്ചവർക്ക് നിരാശപ്പെടേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രത്യേകിച്ച് ഇ ശ്രീധരനെയും കൊച്ചിക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. വികസനപ്രവർത്തനങ്ങളിൽ ഒന്നിച്ച് കൈകോർത്ത് നവകേരളം സൃഷ്ടിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇ ശ്രീധരൻ, മേയർ സൗമിനി ജെയിൻ, മന്ത്രി തോമസ് ചാണ്ടി തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു.

നാവികസേന വിമാനത്താവളത്തിൽ നിന്നും റോഡ് മാർഗം പ്രധാനമന്ത്രി നരേന്ദ്രമോദി പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തി. പാലാരിവട്ടം സ്റ്റേഷന്റെ ഉദ്ഘാടനം നാട മുറിച്ച് നിർവഹിച്ച ശേഷം അദ്ദേഹം പാലാരിവട്ടത്ത് നിന്നും പത്തടിപ്പാലം വരെ മെട്രോ ട്രെയിനിൽ സഞ്ചരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യനായിഡ‍ു, ഗവർണർ പി സദാശിവം, കെവി തോമസ് എംപി, ഡിഎംആർസി ഉപദേഷ്ടാവ് ഇ ശ്രീധരൻ, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം മെട്രോ യാത്രയിൽ പങ്കുചേർന്നു.

രാവിലെ 10.15ഓടെയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. നാവികസേന വിമാനത്താവളത്തിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം കെവി തോമസ് എംപി, സുരേഷ് ഗോപി എംപി, മേയർ സൗമിനി ജെയിൻ, ബിജെപി നേതാക്കൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

കലൂർ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. രാവിലെ 10.15ന് കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ആദ്യം പാലാരിവട്ടം സ്റ്റേഷനിൽ നിന്നും മെട്രോയിൽ യാത്ര ചെയ്യും.

11 മണിയോടെ കലൂരിലെ വേദിയിലെത്തുന്ന പ്രധാനമന്ത്രി സ്വിച്ച് ഓൺ ചെയ്ത് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രരാജീവ് ഗൗബെ, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ പങ്കാളികളാകും. ശനിയാഴ്ച ഉദ്ഘാടനം ചെയ്യുമെങ്കിലും യാത്രാ സർവ്വീസുകൾ തിങ്കളാഴ്ച മുതലേ ആരംഭിക്കുകയുള്ളൂ. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിശിഷ്ടാതിഥികൾക്കായി യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചയും ക്ഷണിക്കപ്പെട്ട അതിഥികൾക്ക് തന്നെയാണ് യാത്ര ചെയ്യാനാകുക. സ്നേഹ യാത്ര എന്നപേരിൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ യാത്രകളിൽ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളും വൃദ്ധസദനങ്ങളിലെ അന്തേവാസികളുമെല്ലാം സന്നിഹിതരാകും. തിങ്കളാഴ്ച മുതൽ എല്ലാവർക്കും സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റെടുത്ത് മെട്രോയിൽ പറക്കാം.

English summary
kochi metro inauguration by prime minister narendra modi.
Please Wait while comments are loading...