
കോന്നി മെഡിക്കൽ കോളജ് രണ്ടാം ഘട്ട വികസനം: ഡ്രോൺ സർവേ ആരംഭിച്ചു
പത്തനംതിട്ട: കോന്നി ഗവ.മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന സർവ്വേയിലൂടെ മെഡിക്കൽ കോളേജ് ഭൂമിയുടെ കൃത്യമായ രേഖപ്പെടുത്തലാണ് നടത്തുന്നത്. മെഡിക്കൽ കോളേജ് ഭൂമി പൂർണ്ണമായി സംരക്ഷിക്കുന്നതിനും, എല്ലാ തുടർ വികസന പ്രവർത്തനങ്ങൾക്കും ആവശ്യാനുസരണം ഭൂമി നീക്കിവയ്ക്കുന്നതിനും സർവ്വേ സഹായകമാകും. കോന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാൻറ് ആർക്ക് സർവ്വേ ടീം ആണ് സർവ്വേ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സി.വി.രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി. കെ. രഘു, ശ്രീകുമാർ, ഷീബ, രഘുനാഥ് ഇടത്തിട്ട, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, പത്തനംതിട്ട ജില്ലയിലെ 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. തിരുവല്ല നഗരസഭയുടേയും ആറ് ബ്ലോക്ക് പഞ്ചായത്തുകളുടെയും 13 ഗ്രാമപഞ്ചായത്തുകളുടെയും 2021-22 വാര്‍ഷിക പദ്ധതികളിലെ ഭേദഗതി പ്രോജക്ടുകള്‍ക്കാണ് കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.
ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ദിവ്യ എസ്. അയ്യര്‍ സന്നിഹിതയായിരുന്നു.
തിരുവല്ല നഗരസഭയുടേയും പറക്കോട്, ഇലന്തൂര്‍, കോയിപ്രം, പുളിക്കീഴ്, കോന്നി, മല്ലപ്പള്ളി എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും വടശേരിക്കര, മൈലപ്ര, പെരിങ്ങര, ഏറത്ത്, കടപ്ര, ഓമല്ലൂര്‍, കോട്ടാങ്ങല്‍, പന്തളം തെക്കേക്കര, ഏനാദിമംഗലം, കൊറ്റനാട്, വള്ളിക്കോട്, മല്ലപ്പുഴശേരി, ആനിക്കാട് എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ശുചിത്വ പ്രവര്‍ത്തന പ്രോജക്ടുകള്‍ക്ക് ഏകീകൃത സ്വഭാവം വേണമെന്നും അടുത്ത ആസൂത്രണ സമിതി യോഗം ഈ മാസം 8 ന് രാവിലെ 11 ന് കളക്ടറേറ്റില്‍ ചേരുമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.