എപി സുന്നി വോട്ട് കണ്ട് സിപിഎം പനിക്കണ്ടാ!! 2004ലെ കണക്കല്ല 2017ല്‍; പരിധി മാറി, വോട്ടും മാറി

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകളുമായി സിപിഎമ്മും മുസ്ലീം ലീഗും. മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തില്‍ ഈ വോട്ടുകളില്‍ ഭിന്നതയുണ്ടായാലേ മുസ്ലീം ലീഗ് പതറുകയുള്ളൂ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു അവസ്ഥയില്ലെന്നാണ് നിരീക്ഷണം.

2004ല്‍ മുസ്ലീം ലീഗിനെ മറിച്ചിട്ട് സിപിഎം മഞ്ചേരി മണ്ഡലത്തില്‍ വെന്നിക്കൊടി നാട്ടിയിരുന്നു. ആ മഞ്ചേരിയാണിപ്പോള്‍ മലപ്പുറം മണ്ഡലമായിരിക്കുന്നത്. എന്നാല്‍ പേരില്‍ മാത്രമല്ല മാറ്റം. ഭൂപരിധിയിലും മാറ്റം വന്നിട്ടുണ്ട്. ഇതാണ് കണക്കുകള്‍ മാറ്റി മറിക്കുന്നത്.

മാറ്റം മുസ്ലീം ലീഗിന് അനുകൂലം

ഭൂപരിധിയില്‍ വന്ന മാറ്റം മുസ്ലീം ലീഗിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ 2004ലെ കണക്ക് വച്ച് കാര്യങ്ങള്‍ വിശകലനം ചെയ്തിട്ട് കാര്യമില്ല. പിന്നീടുണ്ടായ മണ്ഡല പുനര്‍നിര്‍ണയങ്ങള്‍ വഴി എത്തിയ പ്രദേശമെല്ലാം മുസ്ലീം ഭൂരിപക്ഷമാണ്.

2004ല്‍ സംഭവിച്ചത്

2004ല്‍ ടികെ ഹംസയായിരുന്നു മഞ്ചേരിയില്‍ ഇടത് സ്ഥാനാര്‍ഥി. മുസ്ലീം ലീഗിന്റെതാവട്ടെ, കെപിഎ മജീദും. കെപിഎ മജീദ് മുജാഹിദുകാരനാണെന്ന പ്രചാരണവും മുസ്ലീം ലീഗിനെതിരേ നിലനിന്ന വിരുദ്ധ വികാരവുമെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.

എപി സുന്നി വിഭാഗത്തിന്റെ വോട്ട് കിട്ടുമോ?

എപി സുന്നി വിഭാഗത്തിന്റെ പിന്തുണ നേടാനായതാണ് അന്ന് ഹംസക്ക് ഗുണം ചെയ്തത്. അതുവഴി സിപിഎമ്മിനും. പക്ഷേ ഇന്ന് സാഹചര്യം അതല്ല. എപി വിഭാഗം സുന്നികള്‍ സിപിഎമ്മിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന സാഹചര്യം ഇപ്പോഴില്ല.

മുസ്ലീം ലീഗിന്റെ പൊന്നാപുരം കോട്ട

2009ലാണ് മഞ്ചേരി പേര് മാറി മലപ്പുറമായത്. ഇബ്രാഹീം സുലൈമാന്‍ സേട്ടുവും ബനാത്ത് വാലയും ഇ അഹമ്മദും ജയിച്ചുകയറിയ മണ്ഡലം. പിന്നീട് മലപ്പുറമായപ്പോഴും മുസ്ലീം ലീഗിനൊപ്പം തന്നെ നിന്നു.

കണക്കുകള്‍ ഇങ്ങനെ

2004ല്‍ ഹംസക്ക് തുണയായത് എപി സുന്നി വിഭാഗം മാത്രമല്ല, ലോക്‌സഭാ മണ്ഡലത്തിലുണ്ടായിരുന്ന നിയമസഭാ മണ്ഡല പരിധി കൂടിയായിരുന്നു. പക്ഷേ അന്നുണ്ടായിരുന്ന നിലമ്പൂരും വണ്ടൂരുമൊന്നും ഇപ്പോഴില്ല. പഴയ മഞ്ചേരിയില്‍ 51 ശതമാനം മുസ്ലീം വോട്ട്, 40 ശതമാനം ഹിന്ദു വോട്ട്, 9 ശതമാനം ക്രിസ്ത്യന്‍ വോട്ട് എന്നിങ്ങനെയായിരുന്നു കണക്ക്.

ഇപ്പോള്‍ മുസ്ലീം ഭൂരിപക്ഷമാണ്

മണ്ഡല പുനര്‍നിര്‍ണയ ശേഷം മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ മലപ്പുറത്ത് തന്നെ നിലയുറപ്പിച്ചു. മങ്കടയും പെരിന്തല്‍മണ്ണയും കൂടെ. പിന്നെ വന്ന വേങ്ങരയും വള്ളിക്കുന്നുമാകട്ടെ മുസ്ലീം ഭൂരിപക്ഷവുമാണ്.

അഹമ്മദിന്റെ ഭൂരിപക്ഷം കൂടാന്‍ കാരണം

ക്രിസ്ത്യന്‍ വോട്ട് കുറയുകയും മുസ്ലീം വോട്ട് കൂടുകയും ചെയ്തുവെന്ന് സാരം. തുടര്‍ന്നാണ് 2014ല്‍ ഇ അഹമ്മദിന്റെ ഭൂരിപക്ഷം 1.94 ലക്ഷമായത്. പാര്‍ട്ടിയില്‍ അവസാന നിമിഷം വരെ അസ്വാരസ്യങ്ങള്‍ ഉണ്ടായ ശേഷമാണ് അന്ന് അഹമ്മദിന്റെ സ്ഥാനാര്‍തിത്വം പ്രഖ്യാപിച്ചത്. എന്നിട്ടും ഭൂരിപക്ഷം കൂടാന്‍ കാരണമിതായിരുന്നു.

എപി വിഭാഗത്തിന് എതിര്‍പ്പില്ല

പുതിയ സാഹചര്യത്തില്‍ എപി വിഭാഗം സുന്നികള്‍ക്ക് മുസ്ലീം ലീഗിനോട് പ്രത്യക്ഷത്തില്‍ എതിര്‍പ്പില്ല. പ്രത്യേകിച്ച് ലീഗ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയോട്. മാത്രമല്ല, സുന്നികള്‍ തമ്മിലുള്ള അനുനയത്തിന്റെ സംസാരം ചില കോണുകളില്‍ നിന്ന് അടുത്തിടെ ഉയരുകയും ചെയ്തിരുന്നു. ആരോടും പ്രത്യേക മമതയില്ലെന്നാണ് എപി വിഭാഗം നേതാക്കളുടെ പ്രതികരണം.

2004 ആവര്‍ത്തിക്കാന്‍ സാധ്യതയില്ല

ഇരുവിഭാഗവും ലയിക്കാന്‍ സാധ്യത വിരളമാണെങ്കിലും മുസ്ലീം ലീഗിനോടുള്ള ശത്രുത മനോഭാവം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എപി വിഭാഗത്തിന്റെ വോട്ട് സിപിഎം സ്ഥാനാര്‍ഥിക്ക് പൂര്‍ണമായി കിട്ടുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. അതുകൊണ്ട് തന്നെ 2004 ആവര്‍ത്തിക്കുമെന്ന വാദം വിശ്വസിക്കാനാവില്ല.

മുജാഹിദുകളുടെ ലയനം

മുജാഹിദ് വിഭാഗം എന്നും ലീഗിനൊപ്പം നിന്നവരാണ്. ഇരുവിഭാഗം മുജാഹിദുകള്‍ ഇപ്പോള്‍ ലയിച്ച് ഒന്നാവുകയും ചെയ്തു. ഈ ലയനത്തിന് ചുക്കാന്‍ പിടിച്ചതും മുസ്ലീം ലീഗായിരുന്നു. അതുകൊണ്ട് തന്നെ മുജാഹിദ് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാവുമെന്ന പ്രതീക്ഷയും അസ്ഥാനത്താണ്.

ഫൈസല്‍ അട്ടിമറിക്കുമോ?

ഇടത് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം പിബി ഫൈസലാണ്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ പോലുള്ള ശക്തനായ സ്ഥാനാര്‍ഥിയെ നേരിടാന്‍ ഫൈസലിന് സാധിക്കുമോ എന്ന് കണ്ടറിയണം.

English summary
Malappuram Muslim majority constituency. MB Faisal to be contest for LDF, byelection in April 12.
Please Wait while comments are loading...