ഓലക്കുട ചൂടി ചായം പൂശി മണി കിലുക്കി ഇക്കുറി ഓണപ്പൊട്ടനെത്തില്ല, കാത്തിരിപ്പിലാണ് മലബാർ
കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട ആഘോഷങ്ങളെല്ലാം സമീപകാലത്തായി ദുരന്തങ്ങള്‍ക്കൊപ്പമാണ്. പ്രളയകാലത്തിന് ശേഷം ഇക്കുറി ഓണം മലയാളി കൊവിഡിനൊപ്പമാണ് ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ പഴയ ആവേശവും ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം ഇക്കുറി ഓര്‍മ്മ മാത്രമാണ്. മലബാറുകാര്‍ക്ക് ഓണം ഏറെ വിശേഷപ്പെട്ടതാണ്. ഓണപ്പൊട്ടനില്ലാതെ മലബാറിന് ഒരോണമില്ല.
ഓണനാളുകളില്‍ വീടുകള്‍ തോറും എത്തുന്ന ഓണപ്പൊട്ടന്‍ മലബാറുകാരന് ദൈവമാണ്. ഇക്കുറി കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വീടുകള്‍ തോറും കയറി ഇറങ്ങാന്‍ ഓണപ്പൊട്ടനുണ്ടാകില്ല. മണി കിലുക്കി, ഓലക്കുടയും ചൂടി ഓണപ്പൊട്ടന്‍ വരുന്നതും കാത്തിരിക്കുന്ന മലബാറിലെ കുട്ടികള്‍ക്ക് ഇക്കുറി നിരാശയാണ് ഫലം.
ഓണപ്പൊട്ടനായി മാറുക എളുപ്പമല്ല. അതിനായി അത്തം മുതല്‍ തിരുവോണം വരെയുളള പത്ത് ദിവസം വ്രതമെടുക്കണം. ഓണപ്പൊട്ടന്റെ വരവിന് മുന്‍പ് വേറെയും ഉണ്ട് മലബാറിന്, പ്രത്യേകിച്ച് കടത്തനാട്ടിന് മാത്രം സ്വന്തമായിട്ടുളള ചിലത്. മിഥുനമാസം അവസാനത്തില്‍ വേടന്‍ പാട്ടുണ്ട്. അത് കഴിഞ്ഞ് കര്‍ക്കിടകത്തില്‍ കാലന്‍ പാട്ട്. അതും കഴിഞ്ഞ് ശീപോതി പാട്ട്. അതിനും ശേഷമാണ് മണി കിലുക്കി ഓണപ്പൊട്ടന്റെ വരവ്.
ദയ അല്ല, വേണ്ടത് നീതി! മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷൺ, പിന്തുണച്ച് കേന്ദ്രം, ശിക്ഷ പിന്നീട്!
എല്ലാവര്‍ക്കും ഓണപ്പൊട്ടനാകാന്‍ കഴിയില്ല. അതിന് നിയോഗിക്കപ്പെട്ടവരുണ്ട്. അവരാണ് മലയ സമുദായക്കാര്‍. പത്ത് ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി തിരുവോണ നാളില്‍ ചായം പൂശി, ഉരിയാടാതെ, മണി കിലുക്കി, ഓലക്കുട കയ്യിലെടുത്ത് ഓണപ്പൊട്ടന്‍ വീടുകള്‍ തേടിയെത്തും. ഓണത്തിന് വീടുകള്‍ തോറും കയറി ഇറങ്ങുമ്പോള്‍ വീട്ടുകാര്‍ അരിയും തേങ്ങയും എണ്ണയും നല്‍കും. മലയ സമുദായക്കാര്‍ക്കുളള ജീവിതോപാദി കൂടിയാണിത്. എന്നാല്‍ കൊവിഡ് കാരണം ഇക്കുറി ആ വഴിയും മലയ സമുദായക്കാര്‍ക്ക് മുന്നില്‍ അടഞ്ഞിരിക്കുകയാണ്. മഹാമാരിയുടെ കാലം കഴിഞ്ഞ് മണി കിലുക്കി ഓണപ്പൊട്ടന്മാർ വീണ്ടും എത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് മലബാർ.