രക്തബാങ്കിന്റെ പ്രവർത്തനം തടസപ്പെട്ടാൽ പാലക്കാട് നേരിടേണ്ടി വരിക ഗുരുതര പ്രതിസന്ധി

  • Posted By: Desk
Subscribe to Oneindia Malayalam

പാലക്കാട് : ഉപകരണം പണിമുടക്കി രക്തബാങ്കിന്റെ പ്രവർത്തനം തടസപ്പെട്ടാൽ ജില്ല നേരിടേണ്ടിവരിക അതീവ ഗുരുതര പ്രതിസന്ധി. യഥാസമയം രക്തവും അനുബന്ധ ഘടകങ്ങളും ലഭിക്കാതെ രോഗികളുടെ ജീവൻ വരെ ഇതുമൂലം അപകടത്തിലായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ജില്ലാ രക്ത ബാങ്കിലെ അമിത ലോഡ് കാരണം റഫ്രിജറേറ്റഡ് ക്രയോഫ്യൂജ് അടക്കമുള്ള ഉപകരണങ്ങൾ ഏതു സമയത്തും പണിമുടക്കാവുന്ന സ്ഥിതിയിലാണ്.

bloodbank-

ഇങ്ങനെ സംഭവിച്ചാൽ ജില്ലയ്ക്കാവശ്യമായ രക്തത്തിനായി മെഡിക്കൽ കോളജുകളെയും ഇതര ജില്ലകളെയും ആശ്രയിക്കേണ്ടിവരും. അവിടെ നിന്ന് ആവശ്യത്തിനു രക്തം ഉറപ്പാക്കാനാകുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ജില്ലാ രക്തബാങ്ക് വഴി ഒരു മാസം 900 യൂണിറ്റിലേറെ രക്തം വിതരണം ചെയ്യുന്നുണ്ട്. ഇതു മുഴുവൻ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ജില്ലാ രക്ത ബാങ്കിലാണ്.

അട്ടപ്പാടി മേഖലയിലേക്കു മാത്രം ഒരു മാസം 140–150 യൂണിറ്റ് ആവശ്യമാണ്. ഒറ്റപ്പാലം ആശുപത്രിയിൽ 40–45 യൂണിറ്റ് രക്തം വേണം. മണ്ണാർക്കാട്, ആലത്തൂർ കേന്ദ്രങ്ങളിൽ 30 മുതൽ 40 യൂണിറ്റ് വരെ രക്തം ആവശ്യമായി വരുന്നുണ്ട്. ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളും രക്തസംബന്ധമായ ആവശ്യത്തിനു ജില്ലാ രക്ത ബാങ്കിനെയാണ് ആശ്രയിക്കുന്നത്.

ഇത്രയും അടിയന്തര പ്രാധാന്യം ഉണ്ടായിട്ടും രക്തബാങ്കിലേക്ക് പകരം ഒരു യൂണിറ്റ് ഉപകരണങ്ങൾ ലഭ്യമാക്കാൻ ഇതുവരെ കാര്യമായ ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നതും ഗുരുതരമാണെന്ന് അധികൃതർ തന്നെ പറയുന്നു. ജില്ല രക്ത ബാങ്കിലേക്ക് ആവശ്യമായ ഉപകരണം ലഭ്യമാക്കാൻ ഷാഫി പറമ്പിൽ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ കത്തു നൽകിയെങ്കിലും ആസ്തി വികസന ഫണ്ടിന്റെ ധന വിനിയോഗ മാർഗരേഖകളിൽ ഇത്തരം നിർദേശങ്ങളില്ലെന്ന കാരണത്താൽ ധന വകുപ്പ് ഇതുവരെ അനുമതി നൽകിട്ടില്ല. 2017 ജൂൺ ആറിനാണ് ഇതു സംബന്ധിച്ചു കത്തു നൽകിയതെന്ന് എംഎൽഎ അറിയിച്ചു.

ഫണ്ടു വിനിയോഗത്തിനു പ്രത്യേകാനുമതി ആവശ്യപ്പെട്ട് ധനകാര്യവകുപ്പിനു നൽകിയ കത്ത് അഭിപ്രായം തേടി ആരോഗ്യവകുപ്പിനു കൈമാറിയെങ്കിലും നിലവിലുള്ള മാർഗനിർദേശ പ്രകാരം അനുവദനീയമല്ലെന്ന മറുപടിയാണു ലഭിച്ചത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ആരോഗ്യമേഖലയിൽ ഡയാലിസിസ് ഉപകരണങ്ങൾ വാങ്ങുന്നതിനു മാത്രമേ അനുമതിയുള്ളൂ. സർക്കാർ പ്രത്യേകാനുമതി നൽകിയാൽ ഇത്തരം സാങ്കേതികത്വങ്ങൾ മറികടക്കാനാകുമെങ്കിലും അത്തരം ശ്രമം ഉണ്ടായില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
palakad blood bank lacking good equipment

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്