പാർവ്വതി ഒരു 'ലേഡീ ജയസൂര്യ' പോലുമല്ല, അമ്മയിലെ രാജിക്ക് പുല്ലുവില, പാർവ്വതിക്കെതിരെ സംവിധായകൻ
കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്നും നടി പാർവ്വതി തിരുവോത്തിന്റെ മലയാള സിനിമയിൽ പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തുറന്നിരിക്കുകയാണ്. ഭാവനയെ കുറിച്ചുളള അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് പാർവ്വതി രാജി വെച്ചത്.
നിരവധി പേർ സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും പാർവ്വതിയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം പാർവ്വതിയെ അധിക്ഷേപിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ ജോൺ ഡിറ്റോ. 2016ൽ പുറത്തിറങ്ങിയ സഹപാഠി 1975 എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജോൺ ഡിറ്റോ.

മുഖത്ത് വല്ലാത്ത ധാർമ്മിക രോഷം
സംവിധായകൻ ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' പ്രിയപ്പെട്ട പാർവ്വതി, അമ്മയെന്ന സംഘടനയിൽ നിന്ന് രാജി വച്ചതായി ഒരു പ്രഖ്യാപനം കണ്ടു. വളരെ നല്ല കാര്യം. പാർവ്വതിയെ ഞാൻ വളരെ നാളായി ശ്രദ്ധിക്കുന്നു; മുഖത്ത് വല്ലാത്ത ധാർമ്മിക രോഷം തുളുമ്പുന്നുണ്ട്.. ആരോടൊക്കെയോ പ്രതികാരം ചെയ്യുന്നതു പോലാണ് പ്രതികരണങ്ങൾ. ഒരിക്കൽ കുഴൽ വച്ച് ഹുക്ക വലിച്ചു കൊണ്ട് അഭിമുഖം നൽകുന്നതും കണ്ടു.

അസ്സൽ മറുപടി
സിനിമയിൽ താനഭിനയിച്ച കഥാപാത്രങ്ങൾ വിട്ടുപോവാത്ത "മാടമ്പള്ളി മാനസികാവസ്ഥ" യാണോ ഇത് എന്നറിയില്ല.. അല്ലെങ്കിൽ പാവം ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട് രോഷം കൊളളുമോ? 20 twenty പോലെ അമ്മ വീണ്ടും ഒരു സിനിമ പിടിക്കുന്നു. അതിൽ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് "മരിച്ചു പോയവരേയും രാജിവച്ചു പോയവരേയും എങ്ങനെ വീണ്ടും അഭിനയിപ്പിക്കും " എന്ന അസ്സൽ മറുപടിയാണ് ഇടവേള നൽകിയത്.

WCC എന്ന സംഘടന എവിടെ?
അത് പാർവ്വതിക്കുട്ടിക്ക് പിടിച്ചില്ല. അമ്മയിൽ അംഗത്വമുപേക്ഷിച്ചയാൾ എന്നതു മാത്രമല്ല 20 /20യിൽ ഭാവനയുടെ കഥാപാത്രം ജീവച്ഛവമായി പോകുകയുമാണ്. പിന്നെന്തു മറുപടിയാണ് നൽകേണ്ടത് ? ഇടവേള ബാബു വലിയ നടനൊന്നുമല്ലായിരിക്കാം.. പക്ഷെ അളവറ്റ ഈഗോയും മറ്റുമുള്ള ഒരു താരസംഘടനയെ ഇത്രയും കാലം നയിക്കുക എന്നത് നിസ്സാര കാര്യമല്ല. പത്തു പെണ്ണുങ്ങളെയും കൊണ്ട് നടത്തിയ WCC എന്ന സംഘടന എവിടെ?

സിനിമയിലെ പുരുഷൻമാർക്കെതിര്
വിമൺ കളക്റ്റീവ് എന്ന സംഘടനാ നാമം തന്നെ സിനിമയിലെ പുരുഷൻമാർക്കെതിരായിരുന്നു. സ്ത്രീകൾക്കു മാത്രമായി സിനിമയിലൊരിടം ഉണ്ടോ? ഒരു സംവിധായകന്റെ വർഷങ്ങൾ നീളുന്ന വേദനകളുടേയും വിയർപ്പിന്റേയും വിലയാണു പാർവ്വതിക്കുഞ്ഞേ സിനിമ . എല്ലാമൊരുക്കി വയ്ക്കുമ്പോൾ മേക്കപ്പിട്ട് വന്ന് അഭിനയിച്ച് പോകുന്ന നടിമാർക്ക് കിട്ടുന്നതോ സെലിബ്രിറ്റി സ്റ്റാറ്റസ്. ഒരു സിനിമയേ ചെയ്തുള്ളുവെങ്കിലും ഇരുപതു വർഷക്കാലം സിനിമയുടെയുള്ളിൽ നിൽക്കുന്ന എനിക്കറിയാം പല സംഭവങ്ങൾ..

മലയാള സിനിമ മുന്നോട്ട് പോകും
പലരുടേയും എൻട്രിയുടെ രഹസ്യങ്ങൾ. നിലനിൽപ്പിന്റെ നീക്കുപോക്കുകൾ... കണ്ണീരിന്റേയും അപമാനത്തിന്റേയും വേദനകൾ.. പാർവ്വതിക്കുഞ്ഞേ .. നിന്റെ രാജിക്ക് പുല്ലുവിലയേ കലാലോകം നൽകുന്നുള്ളൂ. നീയില്ലെങ്കിലും മലയാള സിനിമ മുന്നോട്ട് പോകും. രേവതിയില്ലാതെ മലയാള സിനിമകൾ എത്രയെണ്ണം വന്നു !! മഞ്ജു വാര്യരെ മലയാളികൾ ലേഡി മോഹൻലാലെന്നു വിളിക്കുന്നു. അത് കഴിവിനുള്ള അംഗീകാരം മാത്രമല്ല അവർ പൊതുസമൂഹത്തിൽ പുലർത്തുന്ന മര്യാദ കൊണ്ടു കൂടിയാണ്.

ഒരു "ലേഡീ ജയസൂര്യ " പോലുമല്ല
പാർവ്വതി ഒരു "ലേഡീ ജയസൂര്യ " പോലുമല്ല എന്നോർക്കണം. അമ്മ സംഘടനയിൽ നിന്ന് മാസാമാസം കിട്ടുന്ന കൈനീട്ടം കൊണ്ട് ജീവിതത്തിന്റെ തീ കെടുത്തുന്ന അനേകം പാവം നടീ നടൻമാരുണ്ട്. അത് ലഭിക്കുന്നത് ആ സംഘടനയുള്ളതിനാലാണ്. അവിവാഹിതനായ ഇടവേള ബാബുവിന്റെ സമയവും അനുനയ സ്വഭാവവും നയവുമൊക്കെയാണ് അമ്മ സംഘടനയുടെ ഒരു പ്രധാന ഇന്ധനം.

അതിനുളള ധൈര്യമുണ്ടോ?
പാർവ്വതി മുന്നേ രാജി വയ്ക്കേണ്ടതായിരുന്നു. പാർവ്വതിക്കുഞ്ഞേ... മോളു നല്ല നടിയാണ്. അതിലെനിക്ക് സംശയമില്ല. അമ്മയിൽ നിന്ന് രാജിവച്ച സ്ഥിതിക്ക് പാർവ്വതി ഒരു കാര്യം കൂടി പ്രഖ്യാപിക്കണം.. അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന്.. അതിനുളള ധൈര്യമുണ്ടോ? എങ്കിൽ ഉശിരുള്ള പെൺകുട്ടിയാണ് പാർവ്വതി എന്ന് ഞാൻ പറയാം...''

പ്രതിഷേധിച്ച് രാജി
ഭാവനയ്ക്ക് എതിരെയുളള ഇടവേള ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് പാർവ്വതി അമ്മയിൽ നിന്ന് രാജി വെച്ചത്. പാർവ്വതിയുടെ രാജിക്കത്ത് വായിക്കാം: '' 2018 ൽ എന്റെ സുഹൃത്തുക്കൾ എഎംഎംഎയിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്.

മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഉപേക്ഷിക്കുന്നു
പക്ഷെ എഎംഎംഎ ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.

അറപ്പുളവാക്കുന്ന മനോഭാവം
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

ആകാംക്ഷയോടെ നോക്കി കാണുന്നു
ഞാൻ എഎംഎംഎയിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു'' എന്നാണ് പാർവ്വതി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.