ജിഷ്ണുവിന്റെ മുഖത്തെ മുറിവ് ഉറപ്പിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്..മര്‍ദ്ദനമേറ്റെന്ന് ഉറപ്പ്!

  • Posted By:
Subscribe to Oneindia Malayalam

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റ് പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം ജിഷ്ണുവിന്റെ മൂക്കില്‍ മുറിവുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.

ജിഷ്ണുവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ മറ്റുപാടുകളൊന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താനായിട്ടില്ല. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങളാണ് ഫോറന്‍സിക് വിദഗ്ദര്‍ പൊലീസിന് കൈമാറിയിരിക്കുന്നത്.

അതേസമയം ജിഷ്ണു കോപ്പയടിച്ചതായി കോളേജ് അധികൃതരുടെ റിപ്പോർട്ട് സർവ്വകലാശാലയ്ക്ക് ലഭിച്ചിട്ടില്ലെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ജിഷ്ണുവിന്റെ മരണത്തിൽ കോളേജിനെതിരെ പ്രതിഷേധം കനക്കുകയാണ്. കെഎസ് യു ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്ഐ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും.   

മർദ്ദനമേറ്റെന്ന് ആരോപണം

കോപ്പിയടി ആരോപിച്ചുള്ള അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തത്. ജിഷ്ണുവിന് കോളേജില്‍ വെച്ച് മര്‍ദ്ദനമേറ്റമതായി സഹപാഠികളും മാതാപിതാക്കളും ആരോപിക്കുന്നുണ്ട്.

മുറിവിന് സ്ഥിരീകരണം

ജിഷ്ണുവിന്റെ മൂക്കില്‍ കണ്ടെത്തിയ മുറിവ് മര്‍ദ്ദനമേറ്റതിന്റെതാണ് എന്നാണ് സഹപാഠികളും മാതാപിതാക്കളും ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ മുറിവ് സ്ഥിരീകരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ അന്വേഷക സംഘം ഗൗരവത്തോടെയാണ് കാണുന്നത്.

കോളേജ് വാദം പൊളിയുന്നു

ഇടിമുറിയെന്ന് വിളിക്കുന്ന കോളേജിലെ മുറിയില്‍വെച്ച് ജിഷ്ണുവിന് മര്‍ദനമേറ്റിട്ടുണ്ട് എന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിളിച്ചുവരുത്തി ഉപദേശിച്ച് വിടുകയായിരുന്നു എന്നാണ് കോളേജ് അധികൃതരുടെ വാദം. ഈ വാദം തള്ളിക്കളയുന്നതാണ് ജിഷ്ണുവിന്റെ ദേഹത്തുള്ള മുറിപ്പാടുകള്‍.

മുറിവ് അന്വേഷിക്കും

ജിഷ്ണുവിന്റെ മുഖത്ത് കൂടാതെ ശരീരത്തിന്റെ പിറകുഭാഗത്തും ഉള്ളംകാലിലും മര്‍ദനമേറ്റ രീതിയിലുള്ള പാടുകളുണ്ട്. ഈ മുറിവുകള്‍ സംബന്ധിച്ചും ഫോറന്‍സിക് വിദഗ്ധരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടും. മുറിവിന്റെ പഴക്കം, മുറിവ് ഉണ്ടാവാനുള്ള കാരണം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും.

പ്രതിഷേധം പടരുന്നു

ജിഷ്ണുവിന്റെ മരണത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. ജസ്റ്റിസ് ഫോര്‍ ജിഷ്ണു ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ ആളിപ്പടരുകയാണ്. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തിരുന്നു.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ജിഷ്ണുവിന്റെ മരണത്തിന് ശേഷം കോളേജിലെ വിദ്യാര്‍ത്ഥി പീഡനത്തെ സംബന്ധിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നിട്ടുള്ളത്. വിദ്യാര്‍ത്ഥികളെ മര്‍ദിക്കാന്‍ കോളേജില്‍ ഇടിമുറിയുണ്ടെന്ന വെളിപ്പെടുത്തലാണ് ഏറ്റവും ഞെട്ടിച്ചത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളടക്കം ഇത് സ്ഥിരീകരിച്ച് രംഗത്ത് വന്നു.

സംശയത്തിൻ നിഴലിൽ

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെപി വിശ്വനാഥന്റെ മകനായ സഞ്ജിത്താണ് കോളേജ് പിആര്‍ഒ. സഞ്ജിത്തിന്റെ നേതൃത്വത്തിലാണ് എതിര്‍ ശബ്ദമുന്നയിക്കുന്ന വിദ്യാര്‍ത്ഥികളെ ഇടിമുറിയില്‍ മര്‍ദനത്തിന് വിധേയരാക്കുന്നത് എന്നാണ് ആരോപണം.

English summary
Forensic department has given the postmortem report of Jishnu to Police. The Report confirms suicide and it also pointed out the scar on his nose.
Please Wait while comments are loading...