• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമല മണ്ഡല മകരവിളക്ക് നടത്താൻ തീരുമാനം, നിശ്ചിത എണ്ണം തീർത്ഥാടകർക്ക് മാത്രം അനുമതി

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനം കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് നടത്താൻ സർക്കാർ തീരുമാനം. ഓരോ ദിവസവും നിശ്ചിത എണ്ണം തീർത്ഥാടകരെ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. ഓരോ തീർത്ഥാടകനും എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നൽകും.

ഓരോ സംസ്ഥാനത്ത് നിന്നും ദിനംപ്രതി എത്ര തീർത്ഥാടകരെ വരെ പ്രവേശിപ്പിക്കാം എന്നത് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകും. കൂടുതൽ വകുപ്പ് സെക്രട്ടറിമാരെ സമിതിയിൽ ഉൾപ്പെടുത്തുന്ന കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കും. മറ്റു സംസ്ഥാനങ്ങളിൽ ആവശ്യമെങ്കിൽ പ്രചരണാർത്ഥം ഉദ്യോഗസ്ഥരെ അയച്ച് ചർച്ചകൾ നടത്തും.

കോവിഡ് -19 രോഗ ബാധിതർ തീർത്ഥാടനത്തിന് എത്തുന്നില്ലെന്ന് ഉറപ്പു വരുത്തും. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആന്റിജൻ ടെസ്റ്റ് നടത്തും. തീർഥാടകർക്ക് ശബരിമലയിൽ എത്തി ദർശനം നടത്തി ഉടനെ മല ഇറങ്ങാനുള്ള രീതിയിൽ തീർത്ഥാടനം ക്രമീകരിക്കും. പമ്പയിലും സന്നിധാനത്തും തീർത്ഥാടകരെ വിരിവയ്ക്കാനോ തങ്ങാനോ അനുവദിക്കില്ല. നിലയ്ക്കലിൽ പരിമിതമായ രീതിയിൽ വിരിവയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. കുടിവെള്ള വിതരണത്തിന് പ്രത്യേക സംവിധാനമായിരിക്കും.

100 രൂപ പമ്പയിൽ അടച്ച് സ്റ്റീൽ പാത്രത്തിൽ വെള്ളം വാങ്ങാം. മടങ്ങി വന്ന് പാത്രം ഏൽപ്പിക്കുമ്പോൾ തുക തിരികെ നൽകും. തീർത്ഥാടകർക്ക് നേരത്തെ ഉള്ളത് പോലെ വലിയ തോതിലുള്ള അന്നദാനം നടത്തില്ല. നിശ്ചിത സമയത്ത് വരുന്നവർക്ക് മാത്രം പേപ്പർ പ്‌ളേറ്റിൽ അന്നദാനം നൽകും.

സാനിറ്റേഷൻ സൊസൈറ്റി വഴി തമിഴ്‌നാട്ടിലെ തൊഴിലാളികളെ വിന്യസിച്ചായിരുന്നു മുൻ വർഷങ്ങളിൽ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവൃത്തികൾ നടത്തിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തീർത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്നതിന് അനുസരിച്ച് എത്ര തൊഴിലാളികളെ ലഭ്യമാക്കണം എന്ന കാര്യം തീരുമാനിക്കും.

അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്ക് കടകളുടെ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറഞ്ഞതിനാൽ കൺസ്യൂമർഫെഡ്, സപ്ലൈകോ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കും. കെ.എസ്.ആർ.ടിസി ബസിൽ തീർത്ഥാടകർക്ക് സാമൂഹ്യ അകലം പാലിച്ച് യാത്ര ചെയ്യുന്നതിന് കൂടുതൽ ബസുകൾ ഏർപ്പെടുത്തും. തീർത്ഥാടകർ മല കയറുമ്പോൾ മാസ്‌ക്ക് നിർബന്ധമാക്കുന്നതിന്റെ ആരോഗ്യവശം ആരോഗ്യവകുപ്പ് പരിശോധിക്കും.

നെയ്യഭിഷേകത്തിനുള്ള നെയ്യ് ദേവസ്വം ബോർഡ് നിശ്ചയിക്കുന്ന സ്ഥലത്ത് ശേഖരിച്ച് പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കാൻ പ്രത്യേക ക്രമീകരണം നടത്തുന്നത് പരിഗണിക്കും. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂർണ്ണമായും കോവിഡ് പ്രോട്ടോക്കാൾ പാലിച്ച് നടത്തും. പമ്പ, എരുമേലി എന്നിവിടങ്ങളിൽ സ്‌നാനഘട്ടങ്ങളിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ സ്പ്രിംഗ്‌ളർ/ഷവർ സംവിധാനം ഏർപ്പെടുത്തും.

English summary
Sabarimala pilgrimage to organize under Covid protocol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X