• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലയനത്തോടെ ചെറുകിട വായ്പകൾ ഇല്ലാതായി; എസ്ബിഐയ്‌ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ പഴയ എസ്ബിടി ജീവനക്കാർ

  • By Desk

തിരുവനന്തപുരം: ബാങ്ക് ലയനത്തോടെ ചെറുകിട വായ്പകൾ ഇല്ലാതായതായി ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് ജീവനക്കാർ എസ്ബിഐ മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. മെയ് 12 ന് ആണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനം ആരംഭിക്കുന്നത്.

ലയനം കേരളത്തിന് നഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കിയതെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത അസ്സോസിയേഷൻ ജനറൽ സെക്രട്ടറി കെഎസ് കൃഷ്ണ ആരോപിച്ചു. ലയനശേഷം മാത്രം കേരളത്തിന് ആറായിരം കോടിയുടെ വായ്പകൾ ഇല്ലാതായതായി അസ്സോസിയേഷൻ പ്രസിഡന്റ് അനിയൻ മാത്യു ആരോപിച്ചു.

ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസിന്റെ സംസ്ഥാന സമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇടപാടുകാർ നോക്കി കാണുന്നത്. ബാങ്ക് ലയനത്തിന് പിന്നാലെ ജനവിരുദ്ധനയങ്ങൾ നടപ്പിലാക്കുന്നു എന്ന ആരോപിക്കപ്പെടുന്ന എസ്ബിഐ മാനേജ്‌മെന്റിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ട്രാവൻകൂർ സ്‌റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയത്. നടപ്പിലാക്കിയ പല ജനവിരുദ്ധനയങ്ങൾ പിൻവലിക്കാൻ എസ്ബിഐ നിർബന്ധിതരായതിന് പിന്നിൽ പഴയ എസ്ബിടി ജീവനക്കാരുടെ ശക്തമായ പ്രതിഷേധവും കാരണമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതുകൊണ്ടുതന്നെ അടുത്ത ദിവസം തുടങ്ങുന്ന പഴയ എസ്ബിടി ജീവനക്കാരുടെ സംസ്ഥാന സമ്മേളനത്തിൽ ബാങ്ക് ഇടപാടുകാർ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. അസോസിയേഷൻ സംസ്ഥാന സമ്മേളനം 12, 13 തീയതികളിൽ തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയം, ഗാന്ധി പാർക്ക് എന്നിവിടങ്ങളിലാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിനിധികൾ ഇരുപത്തിയൊമ്പതാം സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ലനയശേഷം നടക്കുന്ന ആദ്യ സംസ്ഥാന സമ്മേളനം എന്ന പ്രത്യേകതയും സമ്മേളനത്തിനുണ്ട്.

രാജ്യത്തെ ബാങ്കിങ്ങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ഘടകമാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ.

മെയ് 12 ശനിയാഴ്ച രാവിലെ 8 മണിക്ക് ദീപശിഖാറാലിയോടെ ആരംഭിക്കുന്ന സമ്മേളനം പത്ത് മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പത്തരയ്ക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം ഉദ്ഘാടനം ചെയ്യും. ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ റിപ്പോർട്ട് അവതരിപ്പിക്കും.

വൈകുന്നേരം 4.45ന് പാളയം രക്തസാക്ഷി മണ്ഡപം മുതൽ ഗാന്ധിപാർക്ക് വരെ പ്രകടനം. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുൻ എംപി പന്ന്യൻ രവീന്ദ്രൻ സ്വാഗതം പറയും. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.

ആറ് പതിറ്റാണ്ടിലേറെയായി ട്രാവൻകൂർ ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്നീ ബാങ്കുകളിൽ പ്രവർത്തിച്ച സംഘടന എസ്ബിടി-എസ്ബിഐ ലയനത്തിനുശേഷം ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്റെ ഘടകമായി പ്രവർത്തിക്കുകയാണ്. ബാങ്ക് ലയനത്തെ തുടക്കംമുതൽ തന്നെ എതിർത്ത് പോന്ന ടി.എസ്.ബി.ഇ.എ സംസ്ഥാന സമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രതിനിധികൾ നോക്കി കാണുന്നത്.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ, സെമിനാറുകൾ, ചിത്രപ്രദർശനങ്ങൾ, പ്രചരണജാഥകൾ, കലാ-സാഹിത്യ- ലേഖന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു.

എസ്ബിഐയെ ആഗോള ബാങ്കായി മാറ്റാനുള്ള ശ്രമത്തിനിടയിൽ ശാഖകൾ അടച്ചുപൂട്ടുക, സേവനനിരക്കുകൾ വർദ്ധിപ്പിക്കുക, നിക്ഷേപ പലിശനിരക്ക് കുറയ്ക്കുക, മിനിമം ബാലൻസ് നിബന്ധനകൾ ചുമത്തുക, ചെറുകിട ഇടപാടുകാരെ അവഗണിക്കുക തുടങ്ങിയ ജനവിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ടിഎസ്ബിഇഎ ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ പറഞ്ഞു. കോർപ്പറേറ്റുകൾക്ക് നൽകിയ വായ്പകൾ കിട്ടാക്കടങ്ങളായി മാറിയെന്നും കൃഷി, ചെറുകിട വ്യവസായം, സ്വയംതൊഴിൽ, ഗ്രാമവികസനം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് താങ്ങാവുന്ന പലിശനിരക്കുകളിൽ വായ്പകൾ നൽകാൻ എസ്ബിഐയ്ക്ക് താത്പര്യമില്ലെന്നും കെഎസ് കൃഷ്ണ ആരോപിച്ചു.

ലയനത്തിന് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ജീവനക്കാരുടെ സംഘടന ഉന്നയിച്ച ആശങ്കകൾ ശരിവെയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നത്. സേവന നിരക്കു വർദ്ധനയും ശാഖകൾ അടച്ചുപൂട്ടുന്ന വാർത്തകളും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതായി അസോസിയേഷൻ പ്രസിഡന്റ് അനിയൻ മാത്യു പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ലയനം നടന്നതിന് പിന്നാലെ നടപ്പിലാക്കിയ സേവന നിരക്കുകൾ, അഞ്ച് വർഷത്തിനുശേഷം പുനഃസ്ഥാപിച്ച മിനിമം ബാലൻസ് നിബന്ധനകൾ, അത് പാലിച്ചില്ലെങ്കിൽ ഈടാക്കുന്ന പിഴകൾ തുടങ്ങിയവ ഇടപാടുകാരെ ബാധിച്ചതായി ജീവനക്കാർ വ്യക്തമാക്കുന്നു. അസോസിയേറ്റ് ബാങ്ക്- എസ്ബിഐ ലയനത്തിനുശേഷം 2017 ഡിസംബർ 31 വരെയുള്ള കാലയളവിൽ 2416 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ബാങ്കിന്റെ നിക്ഷേപ വളർച്ച ഗണ്യമായി കുറഞ്ഞതായും ആരോപണമുണ്ട്. സേവനങ്ങളിൽ അതൃപ്തരായ ഇടപാടുകാർ അക്കൗണ്ട് ക്ലോസ് ചെയ്ത് ബാങ്കുമായുള്ള ബന്ധം അവസാനിപ്പിച്ചു. 41 ലക്ഷം അക്കൗണ്ടുകൾ ക്ലോസ് ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കേരളത്തിൽ മാത്രം ആറായിരം കോടിയുടെ വായ്പകൾ കുറഞ്ഞതായാണ് റിപ്പോർട്ട്. കൂടാതെ സേവിങ്ങ് ബാങ്ക് പലിശ അര ശതമാനം കുറച്ചതും ഇടപാടുകാരെ ബാധിച്ചു. ഇതുവഴി ബാങ്കിന് ലഭിച്ചത് 4230 കോടി രൂപയാണ് ബാങ്ക് ലാഭിച്ചത്. കൂടാതെ മിനിമം ബാലൻസ് നിബന്ധനകൾ പാലിക്കാത്ത ഇടപാടുകാരിൽനിന്ന് പിഴ ഈടാക്കാൻ തുടങ്ങിയതും കടുത്ത പ്രതിഷേധം വിളിച്ചുവരുത്തി. 1770 കോടി രൂപയാണ് കഴിഞ്ഞ വർഷം നവംബർ വരെ മാത്രം ബാങ്ക് പിഴ ഇനത്തിൽ മാത്രം ലാഭിച്ചത്. പ്രതിഷേധം ശക്തമാക്കിയതോടെ പിഴ നിരക്കുകൽ ഇളവുവരുത്താൻ ബാങ്ക് മാനേജ്മെന്റ് നിർബന്ധിതരായി.

ചെറുകിട വായ്പകളോട് മുഖംതിരിക്കുന്ന എസ്ബിഐ മാനേജ്മെന്റ് വൻകിട കമ്പനികൾക്കും വ്യവസായ മേഖലകൾക്കും വൻതോതിൽ വായ്പ നൽകുന്നതും പ്രതിഷേധാർഹമാണ്. സ്വകാര്യ വ്യവസായികൾക്ക് നൽകിയ വൻകിട വായ്പകൾ കിട്ടാക്കടങ്ങളായി മാറിയ യാഥാർത്ഥ്യം മറച്ചുവെച്ചാണ് കൂടുതൽ വൻകിട വായ്പകൾ നൽകാൻ എസ്ബിഐ തയ്യാറെടുക്കുന്നത്. ചെറുകിട വായ്പകൾ തിരിച്ചടവിൽ മുൻപന്തിയിലാണ് എന്ന വസ്തുത മറുവെച്ചാണ് വൻകിടക്കാർക്ക് വേണ്ടി എസ്ബിഐ മാനേജ്മെന്റ് നിലകൊള്ളുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു.

ബാങ്കുകളുടെ നിക്ഷേപത്തിൽ പത്ത് ശതമാനം മാത്രമാണ് കോർപ്പറേറ്റുകൾ നടത്തിയിട്ടുള്ളത്. എന്നാൽ വായ്പകയിൽ 60 ശതമാനവും കോർപ്പറേറ്റുകൾക്കാണെന്നും ഇത് സാധാരണക്കാരെ ബാങ്കിൽനിന്ന് അകറ്റാൻ കാരണമാക്കിയെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. സർക്കാർ ഉടമസ്ഥതയും നിയന്ത്രണങ്ങളും നഷ്ടമാകുമ്പോൾ ജനക്ഷേമ ബാങ്കിംഗ് സങ്കൽപ്പങ്ങളും പ്രയോഗങ്ങളും ഇല്ലാതാകുമെന്നും ജനകീയ ബാങ്കിംഗ് നയപരിപാടികളെ തകർക്കുന്നതിലേയ്ക്ക ഇത് നയിക്കുമെന്നും ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു.

കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളെ നഷ്ടത്തിലാക്കുന്നു. ഈ നഷ്ടം തികത്താൻ വേണ്ടിയാണ് സേവന നിരക്കുകൾ വർദ്ധിപ്പിച്ചും മിനിമം ബാലൻസ് നിബന്ധനകൾ ശക്തമാക്കിയും ബാങ്ക് മാനേജ്മെന്റുകൾ ജനവിരുദ്ധമുഖം പ്രകടമാക്കുകയാണെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. സേവന മേഖലയിലെ പരിഷ്‌കാരങ്ങളും മിനിമം ബാലൻസ് നിബന്ധനകളും സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത സംഘടനാ ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ പറഞ്ഞു.

സർക്കാർ ഉടമസ്ഥതയും നിയന്ത്രണങ്ങളഉം നിലനിർത്തി ജനകീയ പൊതുമേഖലാ ബാങ്കിംഗ് സംവിധാനങ്ങളെയും സമ്പ്രദായങ്ങളെയും ശക്തിപ്പെടുത്തുക, എല്ലാ ഗ്രാമങ്ങളിലും ബാങ്ക് ശാഖകൾ ആരംഭിക്കുക, ലയന നയങ്ങൾ റദ്ദാക്കുക, വൻകിട വായ്പാ കുടിശിക ക്രിമിനൽ കുറ്റമാക്കുക, വായ്പാ കുടിശിക വരുത്തിയ വൻകിടക്കാരുടെ പേരുകൾ പരസ്യപ്പെടുത്തുക, വൻകിട വായ്പകൾ എഴുതി തള്ളാതിരിക്കുക, അന്യായ സേവന നിരക്കുകൾ പിൻവലിക്കുക, സേവിംഗ്സ് ബാങ്ക് നിക്ഷേപ പലിശ വർദ്ധിപ്പിക്കുക, കൃഷി ഉൾപ്പെടെയുള്ള ചെറുകിട വ്യവസായങ്ങൾക്ക് ഉദാരമായി വായ്പ അനുവദിക്കുക, ഗ്രാമീണ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചതായി ജീവനക്കാർ വ്യക്തമാക്കുന്നു.

ബാങ്കിംഗ് സേവനങ്ങൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത അനിയൻ മാത്യു, കെ എസ് കൃഷ്ണ, ആർ ചന്ദ്രശേഖരൻ, എസ് സുരേഷ്‌കുമാർ, സയൻ ഡി ജോസഫ് എന്നിവർ ആവശ്യപ്പെട്ടു. മെയ് 12, 13 തീയതികളിലാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ഇരുപത്തിയൊമ്പതാമത് സംസ്ഥാന സമ്മേളനം നടക്കുന്നത്. ലയനശേഷം നടക്കുന്ന ആദ്യ സംസ്ഥാന സമ്മേളനം എന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്. സ്ഥാപന നേതാവായ ടികെവി നഗറിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്.

English summary
Travancore State Bank Association State Conference on Ma12, and 13 at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more