കോഴിക്കോട് ലീഗ് സീറ്റുയര്‍ത്തും; കോണ്‍ഗ്രസ് ചരിത്രം തിരുത്തില്ല, ധര്‍മജന് തോല്‍വി, 24 ന്യൂസ് സര്‍വെ
കോഴിക്കോട്: കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയേല്‍ക്കുന്ന ജില്ലകളില്‍ ഒന്നാണ് കോഴിക്കോട്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 13 സീറ്റുകളില്‍ 2 എണ്ണത്തില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. അതും ലീഗ് സ്ഥാനാര്‍ത്ഥികള്‍. ജില്ലയില്‍ നിന്നൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചിട്ട് ഇരുപത് വര്‍ഷത്തോളമായി. ഇത്തവണ ഈ ചരിത്രം തിരുത്താനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇത്തവണയും കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കില്ലെന്നാണ് ട്വന്‍റി ഫോര്‍ ന്യൂസ് പ്രവചിക്കുന്നത്. എന്നാല്‍ ഇടതുപക്ഷത്ത് നിന്നും ഒരു സീറ്റ് ലീഗ് പിടിക്കുമെന്നും സര്‍വേ അവകാശപ്പെടുന്നു.
ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍

എല്‍ഡിഎഫ് 11, യുഡിഎഫ് 2
എല്‍ഡിഎഫ് 11, യുഡിഎഫ് 2 എന്നതാണ് കോഴിക്കോട് ജില്ലയിലെ നിലവിലെ സ്ഥിതി. എന്നാല്‍ ഇത്തവണ അത് എല്‍ഡിഎഫ് 9, യുഡിഎഫ് 3 എന്ന നിലയിലേക്ക് മാറുമെന്നാണ് 24 ന്യൂസ് സര്‍വെ പ്രവചിക്കുന്നത്. ഒരു മണ്ഡലത്തില്‍ ഇരു മുന്നണികളും തമ്മിലുള്ള മത്സരം ഒപ്പത്തിനൊപ്പമാണ്. യുഡിഎഫിലെ 3 സീറ്റും പിടിക്കുന്നത് മുസ്ലിം ലീഗാണ് എന്നതാണ് ശ്രദ്ധേയം.

കുറ്റ്യാടി മണ്ഡലം
എല്‍ഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് കുറ്റ്യാടി. പാര്‍ട്ടി അണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ സീറ്റ് സിപിഎമ്മിന് തിരിച്ചെടുക്കേണ്ടി വന്നു. എന്നാല്‍ ജോസ് വിഭാഗത്തില്‍ നിന്നും സീറ്റ് തിരിച്ചെടുത്ത് സിപിഎം തന്നെ മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ള വിജയിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്.

പാറക്കല്‍ അബ്ദുള്ള
പാറക്കല്‍ അബ്ദുള്ളയ്ക്ക് 47 ശതമാനം വോട്ട് പ്രവചിക്കുമ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ 45 ശതമാനം വോട്ടാണ് പ്രതീക്ഷിക്കുന്നത്. കെകെ രമയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ശ്രദ്ധേയമായ വടകരയിലാണ് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. എല്‍ജെഡിയിലെ മനയത്ത് ചന്ദ്രനാണ് ഇവിടെ ഇടത് സ്ഥാനാര്‍ത്ഥി.

നാദാപുരം, കൊയിലാണ്ടി
നാദാപുരം, കൊയിലാണ്ടി എന്നീ മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികളായി ഇകെ വിജയനും ജമീല കാനത്തിലും വിജയിക്കാനാണ് സാധ്യത. കൊയിലാണ്ടിയില്‍ 45 ശതമാനം വോട്ടാണ് ജമീല കാനത്തിന് പ്രവചിക്കുന്നത്. യുഡിഎഫിന്റെ എന്‍ സുബ്രഹ്മണ്യന്‍ 39 ശതമാനം വോട്ട് നേടിയേക്കും. പേരാമ്പ്രയില്‍ മത്സരം ശക്തമാണെങ്കിലും മന്ത്രി ടിപി രാമകൃഷ്ണന്‍ വീണ്ടും വിജയിക്കാനാണ് സാധ്യത.

പേരാമ്പ്രയും എലത്തൂരും
ടിപി രാമകൃഷ്ണന് 46 ശതമാനം വോട്ട് കിട്ടുമെന്നും സര്‍വേ. യുഡിഎഫിന്റെ സി എച്ച് ഇബ്രാഹിം കുട്ടിക്ക് 45 ശതമാനം വോട്ട് കിട്ടുമെന്നും പ്രവചനം. എലത്തൂര്‍ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എകെ ശശീന്ദ്രന് വലിയ വിജയമാണ് സര്‍വേ പ്രവചിക്കുന്നത്. 48 ശതമാനം വോട്ട് ഇദ്ദേഹത്തിന് ലഭിക്കുമ്പോള്‍ 32 ശതമാനം വോട്ട് മാത്രമേ യുഡിഎഫിന്റെ സുല്‍ഫിക്കര്‍ മയൂരി ലഭിക്കുകയുള്ളൂവെന്നും ഫലം.

ബാലുശ്ശേരിയില്‍
സിനിമ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മത്സരത്തിലൂടെ ശ്രദ്ധേയമായ മണ്ഡലമാണ് ബാലുശ്ശേരി. എന്നാല്‍ ധര്‍മ്മജന്‍ വന്നിട്ടും ബാലുശ്ശേരിയില്‍ യുഡിഎഫിന് വിജയ സാധ്യതയില്ലെന്നാണ് സര്‍വേ പ്രവചനം. കെഎം സച്ചിന്‍ ദേവിനാണ് ഇവിടം വിജയം പ്രവചിക്കുന്നത്. വോട്ട് നിലയില്‍ ആറ് ശതമാനത്തിന്‍റെ വ്യത്യാസമാണുള്ളത്.

ബേപ്പൂരില്‍
ബേപ്പൂരില്‍ എല്‍ഡിഎഫിന്റെ പി എ മുഹമ്മദ് റിയാസ് ജയിക്കുമെന്നാണ് സര്‍വേ ഫലം. 44 ശതമാനം വോട്ട് റിയാസിന് ലഭിക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ യുഡിഎഫിലെ പിഎം മുഹമ്മദ് നിയാസിന് 36 ശതമാനം വോട്ട് മാത്രമാണ് ലഭിക്കുക. കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തും. എല്‍ഡിഎഫിന് 44 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യുഡിഎഫി്നറെ കെഎം അഭിജിത്തിന് 36 ശതമാനം വോട്ടാണ് പ്രവചനം.

കോഴിക്കോട് സൗത്തില്‍
കോഴിക്കോട് സൗത്തില്‍ ശക്തമായ മത്സരം നിലനില്‍ക്കുന്നുണ്ടെങ്കിലും നേരിയ മുന്‍തൂക്കം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നൂര്‍ബിന റഷീദിനാണ്. എല്‍ഡിഎഫിന്റെ അഹമ്മദ് ദേവര്‍കോവിലുമായി ഒരു ശതമാനത്തിന്റെ വ്യത്യാസമാണുണ്ടാകുകയെന്നും പ്രവചനം. കുന്ദമംഗലത്തും തിരുവമ്പാടിയിലും ഇടത് മുന്നണിക്ക് തന്നെയാണ് സര്‍വേ വിജയ സാധ്യത പ്രവചിക്കുന്നത്.

കൊടുവള്ളി പിടിക്കും
എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റായ കൊടുവള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ മുനീര്‍ വിജയിക്കുമെന്ന് സര്‍വേ അവകാശപ്പെടുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കാരാട്ട് റസാഖുമായി മൂന്ന് ശതമാനം വോട്ടിന്റെ വ്യത്യാസമാണ് അദ്ദേഹത്തിനുള്ളത്. മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എംകെ മുനീര്‍ കോഴിക്കോട് സൗത്തില്‍ നിന്നും കൊടുവള്ളിയിലേക്ക് എത്തിയത്.
സൂപ്പർ കൂളായി മഞ്ജുഷ- ഏറ്റവും പുതിയ ചിത്രങ്ങൾ