ഓര്‍മ്മയിലെ ഓണം: അമ്മയുടെ മുഖമാണ് ഓരോ ഓണത്തിന്റെയും തുടക്കം- കൃഷ്ണപ്രിയ എഴുതുന്നു
കൃഷ്ണപ്രിയ
ഉറക്കച്ചടവ് മാറണേന് മുൻപ് വിളിച്ചെണീപ്പിക്കുന്ന അമ്മയുടെ മുഖമാണ് ഓരോ ഓണത്തിന്റെയും തുടക്കം.ഉണർന്നു വരുമ്പോഴേയ്ക്കും പൂക്കളൊക്കെ പറിച്ച് പൂക്കളമിടാൻ പാകത്തിന് അമ്മ ഒരുക്കിവെക്കുമായിരുന്നു.അമ്മ തന്നെ നട്ടുവളർത്തിയ പൂക്കൾ തെല്ലു വിഷമത്തോടെയാണെങ്കിലും പറിച്ചുവെച്ച് പൂക്കളം ഞങ്ങൾ കളറാക്കുമായിരുന്നു.. തൊടിയിലെ തുമ്പപ്പൂ മുതൽ പേരറിയാത്ത ഒരുപിടി കാട്ടുചെടികൾ വരെ പൂക്കളത്തിൽ ഇടം പിടിക്കും.
പിന്നെ അവിടെ നടക്കുക ആശയങ്ങളുടെ യുദ്ധമാണ്. അമ്മയ്ക്ക് നല്ലതെന്ന് തോന്നി ഇടുന്ന പൂകളൊക്കെയും എനിക്ക് നല്ലതായി തോന്നില്ല.അതെടുത്ത് മാറ്റി വേറെ പൂക്കൾ ഇട്ടു അമ്മയെ ദേഷ്യം പിടിപ്പിക്കുകയെന്നത് ആ സമയത്തെ പ്രധാന കലാപരിപാടി ആയിരുന്നു. ഓർമയിലെ ഓരോ ഓണവും ഞാനും അമ്മയും അത്രമേൽ ആഘോഷിച്ചിരുന്നു. തിരുവോണ ദിവസം മാത്രമാണ് അച്ഛന് റോൾ ഉള്ളത്. ഞങ്ങടെ ഓരോ വർഷത്തെയും തിരുവോണ ദിവസത്തെ പൂക്കളം അച്ഛന്റെ കലാ പ്രകടനത്തിന്റെ വേദി കൂടിയാണ്.
അളന്ന് മുറിച്ച് കൃത്യം കണക്ക് വെച്ച് അച്ഛൻ പറഞ്ഞു തരുന്ന പോലെ വേണം പൂക്കളമിടാൻ. പൂക്കളമിട്ടു കഴിഞ്ഞാൽ പിന്നെയുള്ള പ്രധാന ആധി തൊട്ടപ്പുറത്ത് വീട്ടിലെ പൂക്കളം ഓർത്താണ്. കളം കുറച്ചു കൂടിയാലോ പുതിയ ഡിസൈൻ വല്ലതും ഇട്ടുകാണുമോ എന്നൊക്കെ നൂറായിരം ചിന്തകൾ മനസിലങ്ങനെ മിന്നിമറഞ്ഞു പോകും. അടുത്തത് ഓണക്കോടി ഉടുത്ത് നാട്ടുകാരെ കാണിക്കലാണ്. അതും കഴിഞ്ഞു അമ്മ ഒരുക്കിയ ഓണസദ്യ കഴിച്ചു ഒരു ഉച്ചയുറക്കം കഴിഞ്ഞു എണീറ്റാൽ പിന്നെ തല പൊക്കാൻ തോന്നില്ല.
മറന്നു വച്ച സ്വപ്നങ്ങളുടെ നിരാർദ്രതയിലേയ്ക്ക് ഓണം ഓർമ്മകൾ പിന്നെയും- രമ്യ നടരാജന് എഴുതുന്നു
എങ്കിലും ഞങ്ങൾ ഇങ്ങ് തെക്കോട്ട് ഉള്ളവർക്ക് പടക്കമില്ലാതെ എന്ത് ഓണം.. രണ്ട് മത്താപ്പൂവും കമ്പി തിരിയും കത്തിച്ചു ആ വർഷത്തെ ഓണത്തിന് ഞങ്ങൾ തിരശീലയിടും. എന്നാൽ, ഇന്ന് ഓണവുമില്ല പൂക്കളവുമില്ല.. ആകെയുള്ളത് കലണ്ടറിലെ കുറച്ചു ചുവന്ന അക്കങ്ങൾ മാത്രമാണ്.. നിലവിലെ സാഹചര്യത്തിൽ ഈ തിരുവോണം കുടുംബത്തോടെ ഒരുമിച്ചു ചേരാൻ കഴിയില്ലെങ്കിലും അച്ഛനും അമ്മയും ചേർന്നുള്ള തിരുവോണ നാളുകളുടെ സുഗന്ധം എന്നെ ഓർമകളുടെ ആ നല്ല കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്..
ഓര്‍മ്മയിലെ ഓണം: നിറവയറിന്റെയും പൂക്കളുടേയും ആഘോഷ ദിനങ്ങള്‍- സുരേഷ് കനവ് എഴുതുന്നു