പഞ്ചുള്ള പാട്ടുകള്‍ക്ക് മൊഞ്ചുള്ള ഈണവുമായി മുസ്തഫ മാസ്റ്റര്‍
മലപ്പുറം: ഏത് പാര്‍ട്ടിയായാലും കുഴപ്പമില്ല. തിരഞ്ഞെടുപ്പ് ഗാനം വേണമെങ്കില്‍ മുസ്തഫ മാസ്റ്ററെ സമീപിക്കാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഈണത്തില്‍ പാട്ട് റെഡി. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കൊപ്പം തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ എഴുതുന്ന തിരക്കിലാണ് എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂളിലെ അധ്യാപകന്‍ മുസ്തഫ. എല്ലാ പാര്‍ട്ടികള്‍ക്ക് വേണ്ടിയും പാട്ടെഴുതുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പാട്ടെഴുതണമെന്ന് ആവശ്യക്കാര്‍ സമീപിച്ചിട്ടുണ്ടെന്ന് അധ്യാപകന്‍ പറയുന്നു. സാമ്പത്തിക ശാസ്ത്രം അധ്യാപകനാണ്. ഇതുവരെ 50ലധികം പാട്ടുകള്‍ എഴുതികഴിഞ്ഞു. സ്വതന്ത്രരും ബിജെപി ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടിക്കാരും പാട്ട് എഴുതണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തി ഹത്യ നടത്തുകയോ മറ്റെതെങ്കിലും സ്ഥാനാര്‍ഥികളെ മോശമാക്കാനോ തന്റെ തൂലിക ചലിപ്പിക്കില്ലെന്ന് മാസ്റ്റര്‍ പറയുന്നു. വികസനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് എല്ലാ പാട്ടുകളും.
ഉപരോധം അവസാനിക്കുന്നു; കുവൈത്തിന് നന്ദി പറഞ്ഞ് ഖത്തര്‍, ഗള്‍ഫില്‍ സുപ്രധാന പ്രഖ്യാപനം ഉടന്‍
ഏത് വിഷയവും കാണുന്ന മാത്രയില്‍ പാട്ടാക്കി മാറ്റാനാണ് മാഷിന് ഇഷ്ടം. ആവശ്യക്കാര്‍ക്ക് പാട്ടുകള്‍ രചിച്ചു കൊടുക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടിരുന്നു. തുടര്‍ന്നാണ് ഇത്രയും ആവശ്യക്കാര്‍ എത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കെഎച്ച്എസ്ടിയു അധ്യാപകര്‍ക്കായി നടത്തിയ കവിത രചനാ മല്‍സരങ്ങളില്‍ ഈ ആധ്യാപകനായിരന്നു ഒന്നാം സ്ഥാനം. സ്‌കൂള്‍, കോളജ് കാലം മുതലേ കലാമേഖലയില്‍ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.
അടുത്ത മാസത്തോടെ ഇക്കണോമിക്‌സ് പാഠഭാഗങ്ങള്‍ പാട്ടുരൂപത്തില്‍ ഇറക്കാനാണ് തീരുമാനം. കുട്ടികള്‍ക്ക് പഠന മാര്‍ഗം എളുപ്പമാക്കുകയാണ് ഉദ്ദേശം. കൊറോണ കാലത്ത് വിദ്യാര്‍ഥികള്‍ നേരിട്ട പഠന തടസങ്ങള്‍ ഇതിലൂടെ മറികടക്കാനാകുമെന്നാണ് മുസ്തഫ മാസ്റ്ററുടെ അഭിപ്രായം.