• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അവാര്‍ഡുകളിലെ നൈഷ്ഠിക ബ്രഹ്മചര്യം സര്‍ക്കാര്‍ കാത്തു സൂക്ഷിച്ചുവെന്ന് പി ഗീത

  • By Desk

തൃശൂര്‍: അവാര്‍ഡുകളിലെ നൈഷ്ഠിക ബ്രഹ്മചര്യം സര്‍ക്കാര്‍ കാത്തു സൂക്ഷിച്ചു. പെണ്ണിനെ കൂട്ടി തൊടീച്ചിട്ടില്ല എന്ന് പി. ഗീത. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളില്‍ സ്ത്രീകളുടെ എണ്ണം കുറഞ്ഞതിനെതിരേ ഫേസ്ബുക്കിലാണ് അവര്‍ രോഷം പ്രകടിപ്പിച്ചത്. മലയാള സാഹിത്യത്തില്‍ എത്രയോ സീനിയര്‍ ആയവര്‍ കവിതയെഴുതുന്നവര്‍ സ്ത്രീകളുടെ കൂട്ടത്തില്‍ ഉണ്ട്. അവരുടെയൊന്നും കവിതകള്‍ ഒരിക്കലും മോശമല്ല.

ഇപ്പോള്‍ അവാര്‍ഡ് കിട്ടിയവരും മോശക്കാരല്ല. മികച്ച നോവലുകളെഴുതുന്നവരിലും നിരൂപണം എഴുതുന്നവരിലും ചെറുകഥ എഴുതുന്നവരിലും സ്ത്രീകളുണ്ട്. ഒരു വശത്ത് സ്ത്രീ സമത്വത്തിലും സ്വാതന്ത്ര്യത്തിലും ഊന്നിയുള്ള നവോത്ഥാനത്തെ കുറിച്ച് പറയുമ്പോഴും എങ്ങനെയാണ് അംഗീകാരത്തിന്റെ അവസ്ഥകളില്‍നിന്നും സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്നത് എന്നും അവര്‍ ചോദിച്ചു. നിങ്ങള്‍ വന്നാല്‍ ഞങ്ങള്‍ക്ക് എവിടെയാണ് അവസരമെന്ന് രാഷ്ട്രീയക്കാര്‍ ചോദിക്കുന്ന അതേ ചോദ്യം തന്നെയാണ് സാഹിത്യലോകത്തുനിന്നും ഉയരുന്നത്. സ്ത്രീകളും തുല്യ പദവിയിലുള്ളവരാണെന്നതും അതുകൂടിയാണ് ഈ സാഹിത്യത്തെ മുന്നോട്ട് നയിച്ചതെന്നതും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ഇപ്പോഴും പഴയതരത്തിലുള്ള ട്രാക്കില്‍ വീണു കിടക്കുകയാണ്.

 അവാര്‍ഡ് പുരുഷ കേന്ദ്രീകൃതം

അവാര്‍ഡ് പുരുഷ കേന്ദ്രീകൃതം

സമഗ്ര സംഭവാനയ്ക്കുള്ള ഒരു അവാര്‍ഡും വിവര്‍ത്തനത്തിനുള്ള അവാര്‍ഡും സ്ത്രീകള്‍ക്ക് നല്‍കിയതിനെ ഓട്ടയടയ്ക്കലായി മാത്രമായേ കാണാനാകൂ. മുഖ്യധാര അവാര്‍ഡ് നിര്‍ണയത്തില്‍ പുരുഷനെ കേന്ദ്രീകരിച്ചുള്ള അവാര്‍ഡ് നിര്‍ണയം തന്നെയാണ് നടന്നിട്ടുള്ളത്. ഇത്തവണ അവാര്‍ഡിന് അര്‍ഹനായ വീരാന്‍കുട്ടി നല്ല കവിയാണ്. എന്നാല്‍ വി .എം. ഗിരിജയുടെ കവിതകളും ഒരിക്കലും അതിനേക്കാള്‍ മോശമല്ല. ചെറുകഥയുടെ മണ്ഡലത്തിലാണെങ്കിലും നോവലിന്റെ മണ്ഡലത്തിലാണെങ്കിലും വിമര്‍ശനത്തിന്റെ മണ്ഡലത്തിലാണെങ്കിലും നാടകത്തിന്റെ മണ്ഡലത്തിലാണെങ്കിലുമൊക്കെ സെന്‍സിബിലിറ്റി ബ്രേക്ക് ചെയ്തിട്ടുള്ള എത്രയോ സ്ത്രീകളുണ്ട്.

ഒരിക്കല്‍ കിട്ടിയാല്‍ പിന്നീട് പരിഗിക്കേണ്ടതില്ല

ഒരിക്കല്‍ കിട്ടിയാല്‍ പിന്നീട് പരിഗിക്കേണ്ടതില്ല

ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ട് മൂന്ന് കൊല്ലമോ നാല് കൊല്ലമോ ആകുന്നതു വരെ പല കാരണങ്ങള്‍ പറഞ്ഞ് തട്ടിമുട്ടിപോകും. അതിന് ശേഷം ഇക്കൊല്ലം അവര്‍ക്ക് പുസ്തകമില്ലെന്ന് പറയും. പിന്നെ ആണധികാര സമൂഹം ചെയ്യുന്ന മറ്റൊരു കാര്യം എന്‍ഡോവ്‌മെന്റ് അവാര്‍ഡ് കിട്ടിയവരുടെ ലിസ്റ്റ് വച്ചിട്ട് അവാര്‍ഡ് കിട്ടിയെന്ന് രേഖപ്പെടുത്തും. ഒരിക്കല്‍ അവാര്‍ഡ് കിട്ടിയയാളെ വീണ്ടും പരിഗണിക്കേണ്ടതില്ല. സാഹിത്യനിരൂപണങ്ങളുടെ കൂട്ടത്തിലേക്ക് സാമൂഹിക നിരൂപണം ഉള്‍പ്പെടുത്തും. വേറെ ഒരു ഗണത്തിലായതുകൊണ്ടുതന്നെ സ്വാഭാവികമായും അത് അവാര്‍ഡിന് പരിഗണിക്കപ്പെടില്ല. ഇങ്ങനെ പലതരത്തിലുള്ള കുതന്ത്രങ്ങളിലൂടെയാണ് ഇവര്‍ പലപ്പോഴും സ്ത്രീകളെ ഒഴിവാക്കിയെടുക്കുന്നത്. രാഷ്ട്രീയബന്ധങ്ങളില്ലാത്ത സ്ത്രീകള്‍ സാധാരണഗതിയില്‍ ഇതിന് പിന്നാലെ പോകാറില്ല. എന്നാല്‍ പുരുഷന്മാര്‍ നിരവധി പേര്‍ ഇതിന് പിന്നാലെ പോകുന്നുമുണ്ട്. അനര്‍ഹര്‍ക്ക് മുഴുവന്‍ അവാര്‍ഡ് കൊടുത്തതിന് ശേഷം അവാര്‍ഡ് ലഭിച്ച എത്രയോ അര്‍ഹര്‍ ഇവിടെയുണ്ട്. അത്തരത്തിലുള്ള പലരും അവാര്‍ഡ് നിഷേധിച്ച പാരമ്പര്യവും ഇവിടെയുണ്ട്.

 എല്ലാത്തിനും പിന്നില്‍ ഗോസിപ്പ്

എല്ലാത്തിനും പിന്നില്‍ ഗോസിപ്പ്

ആണധികാര സമൂഹം ഗോസിപ്പ് ചെയ്താണ് രാജലക്ഷ്മിയെ ഒഴിവാക്കി നിര്‍ത്തിയത്. പിന്നീട് അവര്‍ക്ക് അവാര്‍ഡ് കൊടുത്തെങ്കിലും അവരോട് ചെയ്ത അതേ സംഗതി തന്നെയാണ് എഴുതിവരുന്ന സ്ത്രീകള്‍ക്കെതിരെ ഇവര്‍ ചെയ്യുന്നത്. കെ. സരസ്വതിയമ്മയെ പോലുള്ളവരെ എങ്ങനെയാണ് ഇവര്‍ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്ന് പരിശോധിച്ചാല്‍ ഇത് മനസിലാകും. അവരുടെ കൃതികള്‍ക്കൊന്നും രണ്ടാമത്തെ പ്രിന്റ് കൊടുക്കാതെ അവര്‍ക്ക് മാര്‍ക്കറ്റില്ലെന്നും അവരുടെ പുസ്തകങ്ങള്‍ ആളുകള്‍ വായിക്കുന്നില്ലെന്നും ഒക്കെ വരുത്തിതീര്‍ത്തിട്ടുണ്ട്. അവാര്‍ഡ് മോഹികളായ പുരുഷന്മാരെ ലോബി ചെയ്തിട്ട് സ്ത്രീകളെ പൊതുമണ്ഡലത്തില്‍ നിന്നും ഒഴിവാക്കുന്ന വലിയൊരു പ്രവണത രാഷ്ട്രീയത്തിലെന്നതുപോലെ ഒരുപക്ഷെ അതിനേക്കാള്‍ അധികം സാഹിത്യരംഗത്തും വികസിച്ചിട്ടുണ്ട്. ഇത് ഞാന്‍ വ്യക്തിപരമായും അനുഭവിച്ചിട്ടുണ്ട്. അതിനവര്‍ സദാചാരപരമായി ആക്രമിക്കും, കുടുംബത്തെ മുഴുവന്‍ ആക്രമിക്കും. ഏറ്റവുമൊടുവില്‍ ഇവര്‍ പറയുന്നത് ഭാര്യയും ഭര്‍ത്താവും തമ്മില്‍ ചേര്‍ച്ചയില്ലെന്നായിരിക്കും. ഇത്തവണ അവാര്‍ഡ് നേടിയവരുടെ ലിസ്റ്റില്‍ എന്റെ ഭര്‍ത്താവും ഉണ്ടെന്നതുകൂടി ഇവിടെ സൂചിപ്പിക്കുന്നുവെന്നും അവര്‍ പിന്നീട് വിശദമാക്കി. സ്ത്രീകളുടെ രചനകള്‍ ഇത്തവണ വളരെ ചുരുക്കമാണ് ലഭിച്ചതെന്ന്് പുരസ്‌കാര പ്രഖ്യാപന വേളയില്‍ ഇന്നലെ സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍ വ്യക്തമാക്കിയിരുന്നു.

Thrissur

English summary
P geetha against kerala sahithya academy award declaration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X