തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപൂര്‍വയിനം ചിലന്തിയെ കണ്ടെത്തി; വംശമറ്റുപോയി എന്നു കരുതിയിരുന്ന ചിലന്തിയാണ് പ്രത്യക്ഷപ്പെട്ടത്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വംശമറ്റുപോയി എന്നു കരുതിയിരുന്ന അപൂര്‍വയിനം ചലന്തിയുടെ പെണ്‍ചിലന്തിയെ ആദ്യമായി ഭൂമുഖത്തുനിന്നും കണ്ടെത്തി. 150 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1868ല്‍ ജര്‍മനിയിലെ ബെര്‍ലിന്‍ സുവോളജിക്കല്‍ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ. ഫെര്‍ഡിനാന്റ് ആന്റണ്‍ ഫ്രാന്‍സ് കാര്‍ഷ് ഗുജറാത്തിലെ പരിയെജ് വന്യജീവി സങ്കേതത്തില്‍ നിന്നും കണ്ടെത്തിയ ആണ്‍ ചിലന്തിയുടെ പെണ്‍ ചിലന്തിയെയാണ് ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലയ്ക്കു അഭിമാനമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നും കണ്ടെത്തിയത്.

'ചാട്ടച്ചിലന്തി' കുടുംബത്തില്‍ വരുന്ന ഇതിന്റെ ശാസ്ത്രനാമം ക്രൈസിലവോളുപസ് എന്നാണ്. പെണ്‍ചിലന്തിയുടെ തലയുടെ മുകള്‍ഭാഗം നീലനിറത്തിലുളള ശല്‍ക്കങ്ങള്‍കൊണ്ടു പൊതിഞ്ഞിരിക്കുന്നു. പാര്‍ശ്വങ്ങളിലായി ഓറഞ്ചു നിറത്തിലുളള രോമങ്ങള്‍ കൊണ്ടും പൊതിഞ്ഞിരിക്കുന്നു. ഇതിന്റെ അടിഭാഗത്തായി വെളുത്ത നിറത്തിലുളള വരകളുണ്ട്. ഉദരത്തിന്റെ മുകള്‍ഭാഗം കറുപ്പും തിളങ്ങുന്ന നീലയും ഇടകലര്‍ന്നതാണ്. മഞ്ഞനിറത്തിലുളള കാലുകളില്‍ ഇടവിട്ട കറുത്ത വളയങ്ങളുണ്ട്.

chrysilla-female

കറുത്ത നിറത്തിലുളള എട്ടു കണ്ണുകള്‍ തലയുടെ മുന്നിലായും വശങ്ങളിലായും ആണ് കാണുന്നത്. കണ്ണുകള്‍ക്കു ചുറ്റും മുകളിലായി ചുവന്ന നിറത്തിലുളള കണ്‍പീലികളും താഴെയായി വെളുത്ത കണ്‍പീലികളും കാണാം. പെണ്‍ ചിലന്തിയെ അപേക്ഷിച്ച് ആണ്‍ ചിലന്തയുടെ ശരീരം മെലിഞ്ഞതാണ്. ഓറഞ്ചു നിറത്തിലുളള തലയുടെ മുകള്‍ ഭാഗത്തായി നീലനിറത്തിലുളള രണ്ടു വരകളുണ്ട്. ഉദരഭാഗം ഓറഞ്ചും നീലയും ഇടകലര്‍ന്നതാണ്. കാലുകള്‍ തിളങ്ങുന്ന നീലനിറത്തിലുളളതാണ്. കുറ്റിചെടികളുടെ ഇലകള്‍ ചേര്‍ത്തുവെച്ചാണ് ഇവ കൂടുണ്ടാക്കുന്നത്.

സാധാരണയായി പെണ്‍ ചിലന്തി അഞ്ചോ ആറോ മുട്ടകളിടുന്നു. ജൈവവൈവിധ്യ ഗവേഷണ കേന്ദ്രം മേധാവി ഡോ. സുധികുമാര്‍ എ.വിയുടെ നേതൃത്വത്തില്‍ ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തികൊണ്ടിരിക്കുന്ന സംയുക്ത പഠനത്തില്‍ കൊല്‍ക്കത്ത സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഗവേഷകനായ ഡോ.ജോണ്‍ കലേബ് ബാംഗ്ലൂര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലെ ഗവേഷകരായ രാജേഷ് സനപ് കൗശല്‍ പാട്ടേല്‍, ക്രൈസ്റ്റ് കോളജിലെ ചിലന്തി ഗവേഷണ വിദ്യാര്‍ഥികളായ പി.പി സുധിന്‍, കെ.എസ് നഫിന്‍ എന്നിവര്‍ പങ്കാളികളായി.

chrysilla-male

ഈ കണ്ടുപിടുത്തം റഷ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആര്‍ത്രോപോടസെലക്റ്റ എന്ന രാജ്യാന്തര ശാസ്ത്ര മാസികയുടെ അവസാന ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്ര നിയമങ്ങളനുസരിച്ച് ഒരു ജീവജാലത്തെ 100 വര്‍ഷം കണ്ടില്ല എങ്കില്‍ അതിന് വംശനാശം സംഭവിച്ചു എന്ന് അനുമാനിക്കാം. ഇന്ത്യയിലെ ഇനിയും വെളിപ്പെടാത്ത ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ കണ്ടുപിടുത്തം തെളിയിക്കുന്നത് എന്ന് ഡോ. സുധികുമാര്‍ അഭിപ്രായപ്പെട്ടു.


Thrissur
English summary
Thrissur Local News about spider
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X