ആരാണ് ഹൂത്തികള്‍, അവര്‍ എവിടെ നിന്ന് വന്നു, അവര്‍ക്കെന്താണ് വേണ്ടത്?

  • Posted By:
Subscribe to Oneindia Malayalam

സനാ: ഹൂത്തികളെ വിട്ട് സൗദി പക്ഷത്തേക്ക് കൂറുമാറിയ യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് തുടര്‍ന്നുണ്ടായ തെരുവ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതോടെ അന്താരാഷ്ട്ര തലത്തില്‍ ഹൂത്തികള്‍ സജീവമായ ചര്‍ച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. രാജ്യദ്രോഹക്കുറ്റത്തിനാണ് തങ്ങള്‍ സാലിഹിനെ വധിച്ചതെന്ന് ഹൂത്തി നേതാവ് അബ്ദുല്‍ മലിക് അല്‍ ഹൂത്തി പറയുകയുമുണ്ടായി. സാലിഹിന്റെ പിന്തുണ സൗദി സഖ്യം സ്വാഗതം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് മൂന്ന് പതിറ്റാണ്ടിലേറെ യമന്‍ ഭരിച്ച തന്ത്രശാലിയായ മുന്‍ പ്രസിഡന്റ് തെരുവില്‍ കൊല്ലപ്പെട്ടത്.

വിവേചനത്തിനെതിരേ ഹൂത്തികള്‍?

വിവേചനത്തിനെതിരേ ഹൂത്തികള്‍?

യമനിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഗോത്ര വര്‍ഗക്കാരാണ് പ്രധാനമായും ഹൂത്തികള്‍. അലി അബ്ദുല്ല സാലിഹിന്റെ ഭരണകാലത്ത് വടക്കന്‍ മേഖലയോടുള്ള കേന്ദ്ര ഭരണകൂടത്തിന്റെ കടുത്ത അവഗണനയിലും വിവേചനത്തിലും പ്രതിഷേധിച്ചാണ് ഹൂത്തികള്‍ കലാപക്കൊടി ഉയര്‍ത്തിയത്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, ഹൂത്തി എതിര്‍പ്പുകളെ അടിച്ചമര്‍ത്താനായിരുന്നു സാലിഹ് ഭരണകൂടം ശ്രമിച്ചത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച സാലിഹ് ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് ജനങ്ങളുടെ ശക്തമായ പിന്തുണയും നേടാനായി.

ആരാണ് സൈദികള്‍

ആരാണ് സൈദികള്‍

ശിയാ വിഭാഗത്തിലെ ഒരു ഉപവിഭാഗമായ സൈദിസത്തിന്റെ അനുയായികളാണ് വടക്കന്‍ യമനിലെ 35 ശതമാനത്തോളം ജനങ്ങള്‍. 1990കളിലാണ് സൈദി ശിയാ പാരമ്പര്യ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുന്നത്. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സാദയില്‍ നിന്നാണ് സൈദികളുടെ ഉല്‍ഭവം. ഇറാനിലെ ശിയാക്കളുടെ വിശ്വാസത്തെക്കാള്‍ സുന്നി ആശയങ്ങളോട് അടുത്തുനില്‍ക്കുന്നതാണ് സൈദികളുടെ രീതികള്‍.

രാജ്യത്തിന്റെ സമ്പത്ത് തങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്നും അത് തങ്ങള്‍ക്കു കൂടി തുല്യമായി വിഭജിക്കണമെന്നുമാവശ്യപ്പെട്ടാണ് യമനിലെ കേന്ദ്രഭരണകൂടത്തിനെതിരേ ഇവര്‍ രംഗത്തെത്തിയത്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അവരുമായി സഖ്യം ചേരുകയും ചെയ്യുന്ന ഭരണകൂട നിലപാടുകളെയും അവര്‍ എതിര്‍ത്തു.

 ഹൂത്തി എന്ന പേരിനു പിന്നില്‍

ഹൂത്തി എന്ന പേരിനു പിന്നില്‍

1990കളിലെ ഹൂത്തികളുടെ സ്ഥാപകനേതാവായിരുന്ന ഹുസൈന്‍ ബദ്‌റുദ്ദീന്‍ അല്‍ ഹൂത്തിയില്‍ നിന്നാണ് ഇവര്‍ക്ക് ഹൂത്തികള്‍ എന്ന പേര് ലഭിച്ചത്. അന്‍സാറുല്ലാഹ് (ദൈവത്തിന്റെ സഹായികള്‍) എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നുണ്ട്. സാലിഹ് ഭരണകൂടത്തിന്റെ അഴിമതിക്കും വിവേചനത്തിനുമെതിരേ പടനയിച്ച ഹുസൈന്‍ അല്‍ ഹൂത്തിയെ 2004ല്‍ സാലിഹിന്റെ സൈന്യം വധിക്കുകയായിരുന്നു. അതിനു ശേഷം ഗറില്ലാ യുദ്ധ രീതികളിലേക്ക് തിരിഞ്ഞ ഹൂത്തികള്‍ക്കെതിരേ ആറു തവണയാണ് സാലിഹ് ഭരണകൂടം സൈനിക നീക്കം നടത്തിയത്. എന്നാല്‍ ഹൂത്തികളെ നിഷ്‌ക്കാസനം ചെയ്യാന്‍ ഈ സൈനിക നടപകള്‍ കൊണ്ട് സാധിച്ചില്ല.

2011ലെ അറബ് വസന്തം

2011ലെ അറബ് വസന്തം

2011ല്‍ അറബ് നാടുകളില്‍ അലയടിച്ച സ്വാതന്ത്ര്യ വിപ്ലവം യമനിലും ശക്തമായിരുന്നു. ഹൂത്തികളായിരുന്നു ഇതിന്റെ മുന്നിലുണ്ടായിരുന്നത്. നേരത്തേ സാദ പ്രവിശ്യയില്‍ മാത്രം സ്വാധീനമുണ്ടായിരുന്ന ഹൂത്തികള്‍ക്ക് സുന്നി മേഖലകളിലേക്കും അത് വ്യാപിപ്പിക്കാന്‍ സര്‍ക്കാരിനെതിരായ വിപ്ലവം സഹായകമായി. ഹുസൈന്‍ ഹൂത്തിയുടെ ഇളയ സഹോദരനായ അബ്ദുല്‍ മലിക്ക് നേതൃത്വത്തിലെത്തിയതോടെയാണ് ഹൂത്തികള്‍ ശക്തമായ സൈനിക സാന്നിധ്യമായി വളര്‍ന്നത്. 2012ല്‍ അന്താരാഷ്ട്ര മധ്യസ്ഥതയെ തുടര്‍ന്ന് സാലിഹ് പുറത്താക്കപ്പെടുകയും അബ്ദുറബ് മന്‍സൂര്‍ ഹാദി അധികാരത്തിലെത്തുകയും ചെയ്തു.

2014ല്‍ ഹൂത്തി മുന്നേറ്റം

2014ല്‍ ഹൂത്തി മുന്നേറ്റം

2014ല്‍ ഭരണകൂടം എണ്ണ സബ്‌സിഡി വെട്ടിക്കുറച്ചതിനെ തുടര്‍ന്നുണ്ടായ ജനകീയ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത ഹൂത്തികള്‍ വ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും അതേത്തുടര്‍ന്ന് തലസ്ഥാന നഗരിയായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയുമായിരുന്നു. പ്രസിഡന്റ് ഹാദി ഇതോടെ സൗദിയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. ഈ സമയത്താണ് ഹൂത്തികള്‍ അലി അബ്ദുല്ല സാലിഹുമായി സഖ്യത്തിലെത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം സൗദി പക്ഷത്തേക്ക് കൂറി മാറി ദിവസങ്ങള്‍ക്കകം തന്നെ അദ്ദേഹം വധിക്കപ്പെടുകയായിരുന്നു.

English summary
The situation in Yemen, a country crippled by war, took a dramatic turn on Monday with the killing of Ali Abdullah Saleh, the former president

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്