• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവരുടെ ശക്തിദുര്‍ഗങ്ങളിലേക്കാണ് നമ്മളീ യുദ്ധം നയിക്കേണ്ടത്.. വിജു കൃഷ്ണൻ സംസാരിക്കുന്നു

മഹാരാഷ്ട്രയിലെ ഐതിഹാസികമായ കർഷക സമരം ഒരു തുടക്കം മാത്രമാണ്. നിങ്ങൾ അരികുകളിലേക്ക് പിഴുതെറിഞ്ഞാലും ചവിട്ടിയരച്ചാലും, ചില സ്വപ്നങ്ങൾക്ക് മുളച്ച് പൊന്താനൊരു ചാറ്റൽ മഴ എവിടെയെങ്കിലും പെയ്യാതിരിക്കില്ലെന്ന പ്രതീക്ഷയുടെ തുടക്കം. ഒരു ചെറുവിത്തു മതി ഒരു വസന്തകാലം കൊണ്ടുവരാനെന്ന ആത്മവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന പോരാട്ടം. കാലിൽ ചെളി പുരണ്ടിരുന്നുവെങ്കിലും, കാൽപ്പാദം വിണ്ട് കീറിയിരുന്നുവെങ്കിലും അവർ പൊരിവെയിലിൽ കിലോമീറ്ററുകൾ താണ്ടിയത് ഉറച്ച മനസ്സോടെയായിരുന്നു. അവകാശങ്ങൾ ചോദിച്ച് വാങ്ങാൻ ഈ എല്ലുന്തിയ ശരീരങ്ങൾക്കാവുമോ എന്ന എല്ലാ പുച്ഛഭാവങ്ങളേയും കാറ്റിൽപ്പറത്തി ഒടുക്കം ആ മനുഷ്യർ വിജയം നേടുകയും ചെയ്തു.

ആദ്യം മുഖം തിരിച്ചവർക്കെല്ലാം ആ പോരാട്ടത്തെ അംഗീകരിക്കേണ്ടതായി വന്നു. കർഷക ആത്മഹത്യകൾ ഒരു വാർത്തയേ അല്ലാതായിത്തീർന്നൊരു സംസ്ഥാനത്ത് ഇനിയും മരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് കർഷകർ തെരുവിലിറങ്ങിയപ്പോൾ കൈകളിലേന്തിയത് ചെങ്കൊടിയായിരുന്നു. മോദി മാജികിന് പിറകെ മുഖ്യധാരാ മാധ്യമങ്ങൾ കണ്ണുമടച്ച് ഓടുമ്പോൾ ഗ്രാമങ്ങളിൽ നിശബ്ദമായ വിപ്ലവങ്ങൾ നടക്കുന്നത് അവരറിഞ്ഞിതേ ഇല്ല. ഓൾ ഇന്ത്യ കിസാൻ സഭയുടെ സഖാക്കൾ വിശ്രമമില്ലാതെ ഓടി നടന്നതിന്റെ ഫലം കൂടിയാണ് മഹാരാഷ്ട്രയിലെ കർഷകസമരത്തിന്റെ വിജയം. കർഷകരുടെ ലോംഗ് മാർച്ചിന്റെ മുന്നണിപ്പോരാളികളിലൊരാളായ വിജു കൃഷ്ണൻ പറയുന്നത് ഈ വിജയം എണ്ണമില്ലാത്ത സമരങ്ങളുടെ തുടക്കം മാത്രമാണെന്നാണ്.

പാർട്ടിയുടെ പിരിവ് ബക്കറ്റിൽ നോട്ടിനൊപ്പം ഹൃദയം കൂടി നിക്ഷേപിക്കുന്നവരാണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാർ. ചുവപ്പിന്റെ പോരാട്ട ഭൂമികയായ കരിവള്ളൂരിൽ നിന്നുമാണ് ഭരണകൂടത്തെ വിറപ്പിച്ച കർഷക സമരത്തിന്റെ അമരക്കാരനിലേക്കുള്ള വിജു കൃഷ്ണൻ എന്ന സഖാവിന്റെ വളർച്ച. നീ എകെജിയപ്പോലെയാകണം എന്ന കോൺഗ്രസുകാരിയായ അമ്മമ്മയുടെ വാക്കുകൾ ഓരോ പോരാട്ട ഭൂമിയിലും വിജു കൃഷ്ണൻ നെഞ്ചേറ്റുന്നു. ജെഎൻയുവിലെ വിദ്യാഭ്യാസ കാലത്തെ എസ്എഫ്ഐ പ്രവർത്തനമാണ് വിജുവിന് അധ്യാപക ജോലി വലിച്ചെറിഞ്ഞ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനുള്ള കരുത്തായത്. 2009 ജനുവരി തൊട്ട് പൂര്‍ണമായും കര്‍ഷക സംഘത്തിനൊപ്പമാണ് പ്രവര്‍ത്തനം. ലോംഗ് മാർച്ചിനെക്കുറിച്ചും ഇനി രാജ്യം കാണാൻ പോകുന്ന പുതിയ പോരാട്ടങ്ങളെക്കുറിച്ചും വിജു കൃഷ്ണൻ സംസാരിക്കുന്നു.

ഇടതുപക്ഷം അവിടെയുണ്ട്

ഇടതുപക്ഷം അവിടെയുണ്ട്

സ്വാതന്ത്ര്യസമരകാലഘട്ടം മുതല്‍ക്കേ തന്നെ ഇടതുപക്ഷത്തിന്റെ വലിയൊരു സാന്നിധ്യം മഹാരാഷ്ട്രയിലുണ്ട്. വലിയ സമരങ്ങള്‍ ഇടതുപക്ഷം മുന്നിൽ നിന്ന് നടത്തിയിട്ടുണ്ട്. നാസികിന് അടുത്ത് വര്‍ളിയില്‍ നാല്‍പ്പതുകളില്‍ കിസാൻ സഭയുടെ നേതൃത്വത്തിൽ ആദിവാസി സമരമുണ്ടായിരുന്നു. അനവധി ട്രേഡ് യൂണിയന്‍ സമരങ്ങളുണ്ടായി. അങ്ങനെയൊരു ചരിത്രമുണ്ട് മഹാരാഷ്ട്രയിലെ ഇടതുപക്ഷത്തിന്. തീര്‍ച്ചയായും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമില്ലെന്നത് ശരി തന്നെ.

എന്നാല്‍ കര്‍ഷകരുടെ വിഷയങ്ങളും ആദിവാസികളുടെ പ്രശ്‌നങ്ങളും തങ്ങള്‍ നിരന്തരമായി ഏറ്റെടുക്കുന്ന വിഷയങ്ങളാണ്. 80,000 മുതല്‍ ഒരു ലക്ഷത്തോളം കർഷകർ റോഡ് ഉപരോധിച്ച് ഒന്ന് രണ്ട് ദിവസം ഇരിക്കുക, മന്ത്രിമാരുടെ വീടുകള്‍ വളഞ്ഞ് ഇരിക്കുക, അങ്ങനെയുള്ള സമരരീതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കര്‍ഷകരുടേയും ആദിവാസികളുടേയും സ്ഥിതി അത്രയ്ക്കും മോശമാണ്. അവര്‍ക്ക് ഭൂമിയില്ല, കടത്തിലാണ്. കടം വാങ്ങുന്നത് വട്ടിപലിശക്കാർക്ക് വന്‍ തുക പലിശ നല്‍കിയാണ്. പോഷകാഹാരക്കുറവ് മൂലം നമുക്കൊന്നും ഊഹിക്കാന്‍ പറ്റാത്ത അത്രയും കുട്ടികള്‍ മരിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകളെടുത്താല്‍ 25000ത്തിലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചിട്ടുണ്ട്. അതും അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍. കൂടുതലും ആദിവാസി മേഖലകളിലാണ്. ഇത്തരം വിഷയങ്ങളൊക്കെ ഏറ്റെടുത്ത് കിസാന്‍ സഭ സജീവമായി ഇടപെടുന്നുണ്ട്.

മഹാരാഷ്ട്രയിലെ കര്‍ഷക സംഘത്തിന്റെ സെക്രട്ടറി അജിത് നാവ്‌ലെ, കര്‍ഷക സംഘം നേതാവും എംഎല്‍എയുമായ ജെപി ഗാവിത്, അഖിലേന്ത്യാ പ്രസിഡണ്ട് അശോക് ധാവ്‌ലെ, വൈസ് പ്രസിഡണ്ടായ കിഷന്‍ ഗുജര്‍ എന്നീ സഖാക്കളെല്ലാമാണ് വളരെ നാളുകളായി കര്‍ഷകർക്കിടയിൽ പ്രവർത്തിക്കുന്നത്. ഈ സമരത്തിന് കർഷകരെ സജ്ജരാക്കുന്നതിന് വേണ്ടി ഒരു മാസത്തിലധികമാണ് പ്രവര്‍ത്തനം നടത്തിയത്. അതുകൊണ്ടാണ് കിസാന്‍ ലോംഗ് മാര്‍ച്ചില്‍ ഇത്ര വലിയ ഒരു പങ്കാളിത്തം ഉണ്ടാക്കാന്‍ സാധിച്ചതും. അത് കൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മഹാരാഷ്ട്ര പിടിച്ചെടുക്കും എന്നല്ല. എന്നാല്‍ ജനങ്ങളുടെ ജീവന്‍മരണ പോരാട്ടത്തില്‍ കൂടെ ഇടതുപക്ഷമുണ്ട് എന്ന വിശ്വാസം അവർക്കിപ്പോഴുണ്ട്.

പൊരുതി നേടിയ പിന്തുണ

പൊരുതി നേടിയ പിന്തുണ

കേരളത്തിലൊരു സമരം നടന്നാൽ മാധ്യമങ്ങള്‍ പൊതുവെ അവഗണിക്കാറില്ല. നെഗറ്റീവായോ പോസിറ്റീവായോ വാര്‍ത്തകള്‍ വരും. എന്നാല്‍ ദില്ലിയിലൊക്കെ നടക്കുന്ന സമരങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ഒരു വരി പോലും എഴുതാറില്ല. വലിയൊരു ജാഥയുടെ വാര്‍ത്ത വരിക നഗരത്തില്‍ ട്രാഫിക് ജാമുണ്ടായി എന്നായിരിക്കും. എന്നാല്‍ ലോംഗ് മാര്‍ച്ചില്‍ എല്ലാ കഷ്ടപ്പാടുകളും സഹിച്ച് പൊരിവെയിലത്ത് ചെരിപ്പ് പോലുമില്ലാതെ, കാലുകളില്‍ ചോര പൊടിഞ്ഞ് അവര്‍ നടന്നപ്പോള്‍ മീഡിയ വാര്‍ത്ത നല്‍കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

അവസാനദിവസങ്ങളിൽ കര്‍ഷകരെ സഹായിക്കാന്‍ എല്ലാ മേഖലകളില്‍ നിന്നും ആളുകളെത്തി. വെള്ളവും ഭക്ഷണവും വിതരണം ചെയ്യാനും കര്‍ഷകര്‍ക്ക് ചെരിപ്പ് വാങ്ങി നല്‍കാനുമൊക്കെ ആളുകളുണ്ടായിരുന്നു. മാര്‍ച്ച് മുംബൈയില്‍ പ്രവേശിച്ചപ്പോള്‍ കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ നിന്നും ആളുകള്‍ പൂക്കളെറിഞ്ഞ് സ്വാഗതം ചെയ്തു. മീഡിയ മാത്രമല്ല, മാര്‍ച്ചിനെ അവഗണിച്ചാലുള്ള ദോഷം തങ്ങള്‍ക്കാണെന്ന് തിരിച്ചറിഞ്ഞ, കര്‍ഷക വിരുദ്ധമായ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടതായി വന്നു. സോഷ്യല്‍ മീഡിയ വലിയ രീതിയിലാണ് പ്രചാരണം ഏറ്റെടുത്തത്.

ആൾക്കൂട്ടത്തെ ഭയന്ന് തുടങ്ങിയിരിക്കുന്നു

ആൾക്കൂട്ടത്തെ ഭയന്ന് തുടങ്ങിയിരിക്കുന്നു

കര്‍ഷക മാര്‍ച്ചിനെക്കുറിച്ച് വാര്‍ത്ത നല്‍കേണ്ടി വന്നപ്പോഴും സിപിഎം എന്നോ ഇടതുപക്ഷമെന്നോ പറയാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അതുകൊണ്ട് കാര്യമൊന്നുമില്ല. ചെങ്കൊടിയും അരിവാള്‍ ചുറ്റികയും കണ്ടാല്‍ ജനങ്ങള്‍ക്കറിയാം അതേത് പക്ഷമാണ് എന്ന്. കിസാന്‍ സഭയുടെ നേതാക്കള്‍ കര്‍ഷകര്‍ക്കിടയില്‍ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് അവരെ ഈ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. സോഷ്യല്‍ മീഡിയയില്‍ കിസാന്‍ താങ്ക്‌സ് ദേവേന്ദ്ര എന്ന് അവര്‍ വ്യാജ ട്രെന്‍ഡ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് അതിനായി മാത്രം വലിയൊരു ആര്‍മിയുണ്ട്. അതുകൊണ്ട് തന്നെ വ്യജമായ അവകാശവാദങ്ങള്‍ അവരുണ്ടാക്കും. എന്നാല്‍ എല്ലാവര്‍ക്കുമറിയാം എന്താണ് യാഥാര്‍ത്ഥ്യമെന്ന്.

കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും നേരത്തെ തന്നെ സർക്കാർ നടപ്പാക്കിയെന്നും ഇത് കര്‍ഷകമാര്‍ച്ചല്ലെന്നും പറഞ്ഞ മുഖ്യമന്ത്രിക്കാണ് പിറ്റേദിവസം കരാറില്‍ ഒപ്പിടേണ്ടതായി വന്നത്.അവര്‍ക്ക് മനസ്സിലായിട്ടുണ്ട്, ഇന്ന് കര്‍ഷകരുടെ മനസ്സിന് വളരെ ഉറച്ച തീരുമാനമെടുക്കാനുള്ള കഴിവുണ്ടെന്ന്. ഇനി തെരഞ്ഞെടുപ്പുകള്‍ വരാനുണ്ട് എന്നതിനാല്‍ അവര്‍ ഭയന്നിരിക്കുന്നു. ഈ ആള്‍ക്കൂട്ടം ഭരണകൂടത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ മാനിക്കണമെന്ന് ആര്‍എസ്എസിന് പോലും പറയേണ്ടി വന്നുവെന്നോർക്കണം.

പിന്തുണ വേണ്ട, അപമാനിക്കരുത്

പിന്തുണ വേണ്ട, അപമാനിക്കരുത്

പൂനം മഹാജന്‍ പറയുന്നു സമരക്കാർ നഗരമാവോയിസ്റ്റുകളാണ് എന്ന്. അതേസമയം കെ സുരേന്ദ്രന്‍ പറയുന്നു കലാപമുണ്ടാക്കാനുള്ള ശ്രമമാണ് എന്ന്. പാവപ്പെട്ട കര്‍ഷകരേയും ആദിവാസികളേയും അവര്‍ അപമാനിക്കുകയാണ്. ഒരു അരമണിക്കൂറെങ്കിലും സുരേന്ദ്രന്‍ വന്ന് ഈ കര്‍ഷകര്‍ക്കൊപ്പം നടന്നിരുന്നുവെങ്കില്‍ അവരുടെ സ്ഥിതി മനസ്സിലാകുമായിരുന്നു. ഓരോ കര്‍ഷകനും ആദിവാസിക്കും ഓരോ ദിനവും പോരാട്ടത്തിന്റെതാണ്. അവര്‍ക്ക് റേഷന്‍ കിട്ടുന്നില്ല. അവരുടെ കുഞ്ഞുങ്ങള്‍ക്ക് അംഗന്‍വാടികളില്ല. ആരോഗ്യ സംവിധാനങ്ങളില്ല. ഭൂമിയില്ല. വനാവകാശമില്ല. ഇതൊക്കെയുണ്ടായാലേ അവര്‍ക്കൊരു ജീവിതമുള്ളൂ. അതുകൊണ്ടാണവര്‍ ഇത്രയും കിലോമീറ്ററുകള്‍ വരണ്ട് പൊട്ടിയ കാലുകള്‍ നീട്ടിവലിച്ച് നടന്നത്. ആ നടത്തം അവര്‍ക്കൊന്നുമല്ല. കാരണം അതിനേക്കാള്‍ ദുരന്തപൂര്‍ണമായ ജീവിതമാണ് അവരുടേത്.

കിസാന്‍ വിരോധിയാണ് ബിജെപിയും മോദിയും

കിസാന്‍ വിരോധിയാണ് ബിജെപിയും മോദിയും

സമരം തുടങ്ങുന്നതിന് മുന്‍പ് ഫട്‌നാവിസിന്റെ മന്ത്രി വന്ന് ആവശ്യങ്ങളെല്ലാം നടപ്പിലാക്കാം എന്ന് പറഞ്ഞതൊക്കെ വെറും വാക്കാണെന്ന് കിസാന്‍ സഭയ്ക്ക് ഉറപ്പായിരുന്നു. മുന്‍പും അത്തരം വാഗ്ദാനങ്ങള്‍ ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. കിസാന്‍ സഭ വലിയ സമരങ്ങള്‍ നടത്തുകയും ഒരു ദിവസം മുഴുവന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരുമായി ചര്‍ച്ച ചെയ്യുകയുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്നലെ ഒപ്പിട്ടത് പോലൊരു കരാറുണ്ടാക്കാന്‍ അന്നവര്‍ തയ്യാറായില്ല. കര്‍ഷകരുടെ ആവശ്യങ്ങളൊക്കെ തങ്ങള്‍ നടപ്പിലാക്കിയിട്ടുള്ളതാണ് എന്ന മട്ടിലായിരുന്നു സര്‍ക്കാരിന്റെ ഇടപെടല്‍. ഇത്രയുമധികം ആളുകള്‍ പങ്കെടുത്ത ഒരു പ്രക്ഷോഭത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് ഇന്നവര്‍ക്ക് മുട്ടുമടക്കേണ്ടി വന്നത്.

എന്നാല്‍ മോദിയുടെ കീഴിലുള്ള ബിജെപി സര്‍ക്കാരുകളെ വിശ്വസിച്ച് കണ്ണുമടച്ചിരിക്കാന്‍ അല്ല കിസാന്‍ സഭ ഉദ്ദേശിക്കുന്നത്. അവര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലേ എന്ന കാര്യം ഉറപ്പ് വരുത്താന്‍ കിസാന്‍ സഭ ശ്രദ്ധ പുലർത്തും. അതിന് വേണ്ടിയുള്ള പ്രചാരണങ്ങള്‍ ഏറ്റെടുത്ത് നടത്തും. വരുന്ന തെരഞ്ഞെടുപ്പുകളില്‍ കര്‍ഷകരുടെ രോഷത്തിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ബിജെപിക്ക് നല്ല ബോധ്യമുണ്ട്. വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയാല്‍ ഇതിലും വലിയൊരു പ്രക്ഷോഭമേ ഉണ്ടാകൂ. കിസാന്‍ വിരോധിയാണ് ബിജെപിയും മോദിയുമെന്ന് കര്‍ഷകര്‍ക്ക് മനസ്സിലായിട്ടുണ്ട്. ആ വികാരം, അതിനിയും ശക്തമാവും. അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ മോദിക്കും കൂട്ടര്‍ക്കും താങ്ങാനായെന്ന് വരില്ല.

എവിടെ മോദിയുടെ അച്ഛാ ദിൻ

എവിടെ മോദിയുടെ അച്ഛാ ദിൻ

ലോംഗ് മാര്‍ച്ച് കര്‍ഷകരുടേതല്ല, പട്ടയത്തിന് വേണ്ടിയുള്ള ആദിവാസി സമരമാണ് എന്നാണ് ഫട്‌നാവിസ് ആവര്‍ത്തിച്ച് പറയുന്നത്. പണ്ട് മുതലേയുള്ള കൃഷിക്കാരായ ആദിവാസികൾ കര്‍ഷകരല്ല എന്ന് മുഖ്യമന്ത്രി പറയുന്നത് മനസ്സിലാവുന്നില്ല. അവര്‍ ഭൂമി ആവശ്യപ്പെടുന്നത് കൃഷി ചെയ്യാനാണ്. സ്വന്തം പേരില്‍ അവര്‍ക്ക് ഭൂമി വേണം. ഭൂമി പാട്ടത്തിന് എടുത്ത് കൊണ്ടുള്ള കൃഷിയല്ല വേണ്ടത്. അവരെ കര്‍ഷകരല്ലെന്ന് ചിത്രീകരിക്കുന്നത് മനപ്പൂര്‍വ്വമാണ്. ഇന്ത്യയുടെ ഗ്രൗണ്ട് റിയാലിറ്റി അറിയാത്തത് പോലെയാണ് മുഖ്യമന്ത്രിയുടെ സംസാരം. കഴിഞ്ഞ ദിവസം ഒരു ബിജെപി വക്താവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് തങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടി കുറേ ആപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്. മൊബൈല്‍ ആപ്പുകള്‍ കൊണ്ട് നെല്ലും ഗോതമ്പും വിളയുമോ എന്ന് ബിജെപി പറയണം. ഈ തരത്തിലാണ് കര്‍ഷകരോടുള്ള ബിജെപിയുടെ സമീപനം. ഇന്ന് കെ സുരേന്ദ്രന്‍ പറഞ്ഞതും ഇന്നലെ പൂനം മഹാജന്‍ പറഞ്ഞതുമെല്ലാം അതിനുദാഹരണമാണ്.

അവര്‍ അവകാശപ്പെടുന്നത് പോലെ കര്‍ഷകര്‍ക്ക് വേണ്ടി കോടികള്‍ സര്‍ക്കാര്‍ ചെലവാക്കിയിട്ടുണ്ട് എങ്കില്‍, മോദി പറഞ്ഞത് പോലെ കർഷകർക്ക് അച്ഛാ ദിന്‍ ആണെങ്കില്‍ എന്തിനാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ ഈ സമരത്തിന് ഇറങ്ങിത്തിരിച്ചത്? ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ നോക്കിയാല്‍ കഴിഞ്ഞ വര്‍ഷം മാത്രം മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായിരത്തിലധികമാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ഒരു വര്‍ഷം മാത്രം ഇത്രയും കര്‍ഷക ആത്മഹത്യകളുണ്ടായിട്ടില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സര്‍ക്കാരുള്ളപ്പോഴാണിത് സംഭവിച്ചിരിക്കുന്നത്. പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന മരണങ്ങളുടെ കണക്ക് എവിടെയും വരുന്നില്ല. കര്‍ഷകര്‍ക്കുള്ള ലോണുകളെല്ലാം വലിയ നഗരങ്ങളിലേക്കാണ് പോകുന്നത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവരുടെ കടം ഇരുപതിനായിരവും അന്‍പതിനായിരവുമൊക്കെയാണ്. കൂടിപ്പോയാല്‍ ഒരു ലക്ഷം. വലിയ വായ്പകളൊന്നും സാധാരണ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അവര്‍ക്ക് പലിശക്കാരെ ആശ്രയിക്കേണ്ടി വരുന്നു.

കേരളമല്ല ഉത്തരേന്ത്യ

കേരളമല്ല ഉത്തരേന്ത്യ

നിലവിലെ ബിജെപി സര്‍ക്കാരും അതിന് മുന്‍പുണ്ടായിരുന്ന സര്‍ക്കാരുകളും കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള ജലസേചന പദ്ധതികളില്‍ വലിയ തോതിലാണ് അഴിമതി നടത്തിയത്. ഉള്ള പദ്ധതികളുടെ വിപുലീകരണം നടക്കുന്നില്ല. തറക്കല്ലിടല്‍ മാത്രമാണ് പല പദ്ധതികളുടേയും സ്ഥിതി. തൊഴിലുറപ്പ് പദ്ധതികളില്‍ വേണ്ടത്ര തൊഴിലവസരങ്ങളില്ല. വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, വാട്ടര്‍ ഷെഡ് ഡെവലപ്‌മെന്റ് പോലുള്ളവയ്ക്ക് പ്രധാന്യം കൊടുക്കേണ്ടതുണ്ട്. ഇതൊന്നുമില്ലാത്തത് കര്‍ഷകരുടെ പ്രതിസന്ധിയുടെ ആഴം കൂട്ടി. കഴിഞ്ഞ നാല് വര്‍ഷങ്ങളിൽ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍ 60 ശതമാനത്തിലധികം കര്‍ഷക ആത്മഹത്യകളും നടക്കുന്നത് അവിടങ്ങളിലാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലാണ് കര്‍ഷകര്‍ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയും പിന്നിലല്ല.

കേരളത്തില്‍ നെല്ല് ഒരു ക്വിന്റലിനുള്ള താങ്ങുവില 2350 രൂപയാണ്. 1550 ആണ് കേന്ദ്രത്തിന്റേത്. 800 രൂപ കേരള സര്‍ക്കാര്‍ അധികം കൊടുക്കാനുള്ള സന്നദ്ധത കാണിക്കുന്നു. 1100 രൂപ കര്‍ഷക പെന്‍ഷനുണ്ട്.കരിവെള്ളൂർ പഞ്ചായത്തിൽ 1 ഹെക്ടറിന് നെല്‍കൃഷി ഇന്‍സെന്റീവായി 17000 രൂപ കൊടുക്കുമ്പോള്‍, ഒരു സര്‍വ്വേ പ്രകാരം 17 സംസ്ഥാനങ്ങളില്‍ കര്‍ഷകന്റെ ഒരു കൊല്ലത്തെ ആവറേജ് വരുമാനം വെറും 20000 രൂപ മാത്രമാണ്. കേരളത്തില്‍ സര്‍ക്കാരും പഞ്ചായത്തുകളും സഹകരണ മേഖലയുമെല്ലാം കര്‍ഷകര്‍ക്കൊപ്പമുണ്ട്. എന്നാലതല്ല മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി.

കിസാൻ സഭയുടെ പോരാട്ടങ്ങൾ

കിസാൻ സഭയുടെ പോരാട്ടങ്ങൾ

മഹാരാഷ്ട്രയിലെ കര്‍ഷക സമരം കിസാന്‍ സഭ രാജ്യത്തെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. രാജസ്ഥാനില്‍ വലിയ സമരങ്ങളുണ്ടായിരുന്നു. വൈദ്യുതി നിരക്ക് 40 ശതമാനം കൂട്ടിയതിന് എതിരെയാണ് ആദ്യ സമരം നടന്നത്. അതോടെ സര്‍ക്കാരിന് തീരുമാനം പിന്‍വലിക്കേണ്ടി വന്നു. പിന്നീട് സ്വാമിനാഥന്‍ കമ്മീഷന്‍ പ്രകാരമുള്ള വില, കേരള മോഡല്‍ കമ്മീഷനുണ്ടാക്കി കടാശ്വാസം ഉറപ്പ് വരുത്തൽ എന്നീ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തി. കേരള മോഡല്‍ പഠിച്ച് അത് പ്രകാരം കടാശ്വാസം നടപ്പിലാക്കാന്‍ ശ്രമിക്കും എന്ന ഒരുറപ്പ് രാജസ്ഥാൻ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ലോണുകള്‍ എഴുത്തിത്തള്ളാന്‍ തീരുമാനമായിട്ടുണ്ട്. ടോള്‍ ടാക്‌സ് കൊടുക്കേണ്ടി വരില്ല. ആദ്യം ഈ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയപ്പോള്‍ ജയ്പൂരിലേക്ക് ഒരു മാര്‍ച്ച് നടത്താന്‍ കിസാന്‍ സഭ തീരുമാനമെടുത്തു. ആളുകളെ തടഞ്ഞ പോലീസ് സമരത്തിന്റെ നേതാക്കളെ അറസ്റ്റ് ചെയ്തു. എന്നാല്‍ അതോടെ രാജസ്ഥാനിലെ മിക്ക ജില്ലകളിലും പ്രക്ഷോഭമുണ്ടായി.

കര്‍ണാടകയില്‍ കര്‍ഷക സമരത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഭൂമി കൃഷിക്കാര്‍ക്ക് നല്‍കാനുള്ള തീരുമാനമെടുക്കുകയുണ്ടായി. ഹിമാചല്‍ പ്രദേശില്‍ സമരമുണ്ടായി. ഹരിയാനയില്‍ സമരത്തിന്റെ ഭാഗമായി ആയിരം കോടി വിളനാശത്തിനുള്ള നഷ്ടപരിഹാരം കൊടുക്കേണ്ടതായി വന്നു. ഭൂമി അധികാര്‍ ആന്തോളനും കിസാന്‍ സഭയും ചേര്‍ന്ന് ഝാര്‍ഖണ്ഡില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ സമരം സംഘടിപ്പിച്ചു. അതോടെ ആദിവാസി ഭൂമി കോര്‍പ്പറേറ്റുകളുടെ കയ്യിലേക്ക് എളുപ്പത്തിലെത്തിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നു.

ചലോ ലഖ്നൗ

ചലോ ലഖ്നൗ

ഉത്തര്‍ പ്രദേശിലെ കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ചലോ ലഖ്നൗ സമരമാണ് ഇനി കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്നത്. ലഖ്നൗവില്‍ സമരത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. 15ന് ലഖ്നൗവിലും 23ന് പടിഞ്ഞാറന്‍ യുപിയിലും സമരപരിപാടികളുണ്ട്. വിലത്തകര്‍ച്ചയും കടവുമാണ് യുപിയിലെ കര്‍ഷകരുടെ പ്രധാന പ്രശ്‌നങ്ങള്‍. ഉത്തരേന്ത്യയില്‍ കന്നുകാലി വില്‍പ്പന പ്രശ്‌നത്തിലായിരിക്കുകയാണല്ലോ. ഗോ രക്ഷയുടെ പേരില്‍ കുറേ ആളുകളെ കൊല്ലുന്നുമുണ്ട്. വയസ്സായ കാലികളെ കര്‍ഷകര്‍ക്ക് വില്‍ക്കാന്‍ പറ്റാത്തതിനാല്‍ ഉപേക്ഷിക്കുകയാണ്. പശുക്കള്‍ വിളകള്‍ നശിപ്പിക്കുന്ന പ്രശ്‌നവമുണ്ട്. അത് ഹിന്ദുവിന്റെ വിളകളാണോ മുസ്ലീമിന്റെ വിളകളാണോ എന്ന് പശുക്കള്‍ക്ക് അറിയില്ലല്ലോ. എല്ലാ കര്‍ഷകര്‍ക്കും നഷ്ടങ്ങളുണ്ട്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് പ്രതിഷേധവുമുണ്ട്. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകം അടക്കമുള്ളവയ്‌ക്കെതിരെയുള്ള പ്രക്ഷോഭങ്ങളൾ നടന്നിട്ടുണ്ട്, ഇനിയും വരാനുമിരിക്കുന്നു.

അച്ചടക്കമുള്ള സമരം

അച്ചടക്കമുള്ള സമരം

മഹാരാഷ്ട്രയിലേതായാലും രാജസ്ഥാനിലേതായാലും കര്‍ഷക സമരങ്ങള്‍ വളരെ സമാധാനപരമായതും അച്ചടക്കത്തോട് കൂടിയതുമായിരുന്നു. മുംബൈയില്‍ കുട്ടികളുടെ പരീക്ഷയ്ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ രാത്രിയാണ് നടന്നത്. രാജസ്ഥാനില്‍ റോഡ് ഉപരോധിക്കുമ്പോള്‍ പോലും ആംബുലന്‍സുകളേയും മറ്റ് അത്യാവശ്യ വാഹനങ്ങളേയും കടത്തി വിട്ടുകൊണ്ടായിരുന്നു സമരം. മുംബൈയിലേതിനേക്കാള്‍ കൂടുതല്‍ ജനപിന്തുണ രാജസ്ഥാനില്‍ ലഭിച്ചിരുന്നു. എന്നാല്‍ ആ പ്രക്ഷോഭം ഗ്രാമീണ മേഖലയില്‍ ആയിരുന്നത് കൊണ്ട് വലിയ മാധ്യമശ്രദ്ധ കിട്ടിയില്ല. മഹാരാഷ്ട്രയിലേത് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തേക്ക് നടന്ന പ്രക്ഷോഭമായത് കൊണ്ട് കൂടിയാണ് കൂടുതല്‍ മാധ്യമ ശ്രദ്ധ നേടാനായത്.1936 മുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയും ജന്മിത്വത്തിന് എതിരെയും പോരാടി വളര്‍ന്ന സംഘടനയാണ് കിസാന്‍ സഭ. അതിന്റെ ഒരു അച്ചടക്കം എല്ലാ പ്രക്ഷോഭങ്ങള്‍ക്കുമുണ്ട്.

യുദ്ധം ശക്തി കേന്ദ്രങ്ങളിലേക്ക്

യുദ്ധം ശക്തി കേന്ദ്രങ്ങളിലേക്ക്

ബിജെപി സര്‍ക്കാര്‍ കര്‍ഷക ദ്രോഹ നയങ്ങളാണ് നടപ്പിലാക്കുന്നത് എന്ന് ഈ സമരം കൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഒരു വികാരമുണ്ടാക്കാന്‍ ഇത്തരം സമരങ്ങള്‍ കൊണ്ട് സാധിക്കും. കര്‍ഷകര്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ ഓരോ നീക്കവും അതിനെതിരെയാണ്. ആ നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഗുണം ഇടത് പക്ഷത്തിനുണ്ടാകുമെന്നുറപ്പാണ്. അതിനെ ഉടനെ ഉള്ളൊരു ഭരണമാറ്റം എന്ന തരത്തിലൊന്നുമല്ല കാണുന്നത്. കര്‍ഷകരുടെ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളിലെ ഇടപെടല്‍ ഇലക്ഷന്‍ വിജയം സ്വപ്‌നം കണ്ടിട്ടല്ല. അവരുടെ പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരം വേണമെന്ന് കരുതിയിട്ട് തന്നെയാണ്.

ത്രിപുരയിലെ തോല്‍വിക്ക് ശേഷം ഇടത് പക്ഷത്തിന് വലിയൊരു ഉണര്‍വ് നല്‍കാന്‍ ഈ സമരത്തിന് സാധിച്ചിട്ടുണ്ട്. വരും നാളുകളെക്കുറിച്ച് പ്രതീക്ഷ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ത്രിപുര പോലൊരു സംസ്ഥാനത്ത് പണവും മറ്റ് പലതും ഉപയോഗിച്ച് അവര്‍ വിജയം നേടി. എന്നാൽ ഇപ്പോഴും 40 ശതമാനത്തിലധികം വോട്ട് സിപിഎമ്മിനുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അവിടെ എന്താണ് നടക്കുന്നത് ? കേരളത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ക്ക് വലിയ വിഷയമാണ്. എന്നാല്‍ ത്രിപുരയില്‍ അക്രമികള്‍ അഴിഞ്ഞാടുന്നതിനെക്കുറിച്ച് അവര്‍ മിണ്ടുന്നില്ല. 2014ല്‍ വലിയ ജയം നേടിയ ബിജെപി 2019ല്‍ വലിയ രീതിയില്‍ തോല്‍ക്കാന്‍ പോവുകയാണ്. സമരങ്ങള്‍ ഇനിയും തുടരും. അവരുടെ ശക്തിദുര്‍ഗങ്ങളിലേക്കാണ് നമ്മളീ യുദ്ധത്തെ നയിക്കേണ്ടത്.

English summary
All India Kisan Sabha leader Viju Krishnan talking to Oneindia Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more