പിണറായി: തലശേരിയില്‍ വിളഞ്ഞ വിത്ത്
പാര്‍ട്ടിയിലെ അധികാരങ്ങളെച്ചൊല്ലി, പരസ്പരം അങ്കംവെട്ടുന്ന സിപിഎമ്മിനെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ ഇപ്പോള്‍ ആദര്‍ശത്തിന്റെ കരളുറപ്പാണ് വേണ്ടതെന്ന് പാര്‍ട്ടിനേതൃത്വത്തിനറിയാം. ലക്ഷക്കണക്കായ പാര്‍ട്ടി അണികളും ആവശ്യപ്പെടുന്നത് മറ്റൊരാളെയല്ലെന്നും പാര്‍ട്ടി നേതൃത്വത്തിനറിയാം. പിന്നെ, അഭിപ്രായഭിന്നതകള്‍ എത്രയുണ്ടെങ്കിലും പിണറായിയുടെ താല്പര്യങ്ങളെല്ലാം ചെങ്കൊടിക്ക് വേണ്ടി മാത്രമാണെന്ന് അച്യുതാനന്ദനുമറിയാം.
ഗുരു ജ്യേഷ്ഠന്‍ കുമാരന്‍
പിണറായി പിറന്നതുതന്നെ കമ്മ്യൂണിസ്റ് പാര്‍ട്ടി കേരളത്തില്‍ പിറന്നുവീണ വര്‍ഷത്തിലാണ്. 1944ല്‍. പിണറായി ഗ്രാമത്തില്‍ കര്‍ഷകനും ചെത്തുതൊഴിലാളിയുമായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകന് ചെറുപ്പംതൊട്ടേ ചെങ്കൊടിയോട് മാത്രമായിരുന്നു കമ്പം. ജ്യേഷ്ഠന്‍ കുമാരനില്‍ നിന്നാണ് പിണറായി ചെങ്കൊടിയുടെ മഹത്വം അറിയുന്നത്. പാര്‍ട്ടി നിരോധിക്കപ്പെട്ട 1948ല്‍ കുമാരനെ പൊലീസ് തല്ലിച്ചതയ്ക്കുന്നതു കാണേണ്ടിവന്നവനാണ് പിണറായി.
ആ കുമാരനോടാണ് തലശേരിബ്രണ്ണന്‍ കോളേജിലെ പിന്‍സിപ്പല്‍ അനുജന്‍ വിജയനെപ്പറ്റി പരാതിപറഞ്ഞത്. കുമാരനെ കോളേജില്‍ വിളിച്ചിരുത്തി അനുജന്റെ പോക്ക് ശരിയല്ലെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ അരമണിക്കൂര്‍ നേരം സ്റഡിക്ലാസ്സെടുത്തു. രാഷ്ട്രീയമാണ് അനുജന്റെ കുഴപ്പം എന്നതായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രധാന പരാതി. അനുജന് വേറെ കുഴപ്പമൊന്നുമില്ലല്ലോ എന്നു പറഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു കുമാരന്‍.
പിണറായി ശാരദാവിലാസം എല്‍പിസ്കൂളിലും പെരളനേരി ഗവര്‍മെന്റ് ഹൈസ്കൂളിലും ആയിരുന്നു പിണറായിയുടെ സ്കൂള്‍ വിദ്യാഭ്യാസം. സ്കൂള്‍ പഠനം കഴിഞ്ഞ് ഒരു വര്‍ഷത്തോളം നെയ്ത്തുപണിയെടുത്ത ശേഷമാണ് പിണറായി ബ്രണ്ണന്‍കോളെജിലെത്തുന്നത്. ബ്രണ്ണന്‍കോളെജിലെ പഠനകാലത്ത് കേരളാ സ്റുഡന്‍സ് ഫെഡറേഷന്റെ അവിഭക്തകണ്ണൂര്‍ ജില്ലാ സെക്രട്ടറിയായത്. കമ്മ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്ന 1964മുതല്‍ പാര്‍ട്ടിയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായി.
1