കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീരിടവും ചെങ്കോലുമില്ലാതെ അമരന്‍

  • By Staff
Google Oneindia Malayalam News

തനിയാവര്‍ത്തനത്തില്‍ തുടങ്ങി നിവേദ്യം വരെ നാല്‍പ്പത്തിനാലോളം ചിത്രങ്ങള്‍ക്ക്‌ അദ്ദേഹം തിരക്കഥ എഴുതി. സാധാരണ മനുഷ്യന്റെ അവസ്ഥകളെ വരച്ചു കാട്ടുന്ന ജീവിത ഗന്ധികളായ തിരക്കഥക്കളായിരുന്നു മലയാളസിനിമയ്‌ക്ക്‌ അദ്ദേഹത്തില്‍ നിന്നും ലഭിച്ചത്‌.

കീരിടത്തിലെ സേതുവെന്ന കഥാപാത്രം കേരളത്തിലെ സാധാരണക്കാര്‍ക്കിടയില്‍ നിന്നും ലോഹിതദാസ്‌ കണ്ടെടുത്തയാളായിരുന്നു. സമകാലീന സമൂഹത്തിന്റെ പരിഛേദങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാമായിരുന്നു. വാണിജ്യ സിനിമയ്‌ക്കൊപ്പം സഞ്ചരിയ്‌ക്കുമ്പോള്‍ തന്നെ തന്റെ സൃഷ്ടികളിലെ കലാമൂല്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ ലോഹി വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറായിരുന്നില്ല. വാണിജ്യ സിനിമകള്‍ക്ക്‌ അനിവാര്യമായി കരുതപ്പെടുന്ന ഗാനങ്ങള്‍, ഹാസ്യം, സംഘട്ടനം തുടങ്ങിയ കാര്യങ്ങളില്‍ തന്റേതായ ശൈലി സൃഷ്ടിച്ചെടുക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു.

തിരക്കഥാക്കൃത്തെന്ന നിലയില്‍ തിളങ്ങി നില്‌ക്കുമ്പോള്‍ സംവിധായകനായും നടനായും അദ്ദേഹം വേഷപ്പകര്‍ച്ചകള്‍ നടത്തി. പതിനൊന്നോളം ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത അദ്ദേഹം മൂന്നു ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്‌തു. ആദ്യം സംവിധാനം ചെയ്‌ത ഭൂതക്കണ്ണാടിക്ക്‌ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചു. സമകാലീന സമൂഹത്തില്‍ പെണ്‍മക്കളുള്ള മാതാപിതാക്കള്‍ അനുഭവിയ്‌ക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രമായിരുന്നു ഭൂതക്കണ്ണാടി.

സിബിമലയില്‍-ലോഹിതദാസ്‌ കൂട്ടുകെട്ട്‌ മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടമായാണ്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്നത്‌. കലാമൂല്യത്തില്‍ മികച്ചു നില്‌ക്കുമ്പോള്‍ തന്നെ വന്‍ വാണിജ്യ വിജയങ്ങളും ഈ കൂട്ടുകെട്ടില്‍ പുറത്തു വന്ന സിനിമകള്‍ നേടി.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളും ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന്‌ തന്നെയാണ്‌ പിറന്നു വീണത്‌. 'തനിയാവര്‍ത്തനം, അമരം, കിരീടം, കമലദളം, ഭൂതക്കണ്ണാടി തുടങ്ങിയവ അതില്‍ ചിലത്‌ മാത്രം. ഇരുതാരങ്ങളുടെയും കരിയര്‍ ഗ്രാഫ്‌ ഉയര്‍ത്തുന്നതില്‍ ലോഹി വഹിച്ച പങ്ക്‌ ചെറുതല്ല. മലയാളിയുടെ മനസ്സില്‍ ഈ താരങ്ങള്‍ക്ക്‌ ചിരപ്രതിഷ്‌ഠ നേടിക്കൊടുക്കുന്നതില്‍ ലോഹി സൃഷ്ടിച്ച കഥാപാത്രങ്ങള്‍ സഹായിച്ചു.

പ്രതിഭയുള്ള ഒട്ടേറെ നടീ നടിമാരെയും അദ്ദേഹം മലയാള സിനിമയ്‌ക്ക്‌ പരിചയപ്പെടുത്തി കൊടുത്തു. മഞ്‌ജു വാര്യര്‍, മീരാ ജാസ്‌മിന്‍, സംയുക്താ വര്‍മ്മ നിവേദ്യത്തിലൂടെയെത്തിയ ഭാമ വരെ ആ നിര നീളുന്നു. മലയാളത്തില്‍ വന്‍ ഹിറ്റായ ലോഹിയുടെ കസ്‌തൂരിമാന്‍ എന്ന ചിത്രം തമിഴില്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട അവസാനകാലത്ത്‌ അദ്ദേഹം രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടുകളെ അഭിമുഖീകരിച്ചിരുന്നു.

രണ്ട്‌ പതിറ്റാണ്ട നീണ്ട ചലച്ചിത്രസപര്യ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത നിവേദ്യമെന്ന ചിത്രത്തില്‍ അവസാനിച്ചു. ലോഹി ഏറെ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്ന ചെമ്പട്ട്‌ എന്ന ചിത്രം പൂര്‍ത്തിയാകും മുമ്പെയാണ്‌ പ്രതിഭാശാലിയായ ഈ കലാകാരന്‍ നമ്മെ വിട്ടു പിരിഞ്ഞത്‌. രംഗബോധമില്ലാതെ വന്നെത്തിയ മരണം എഴുതാപ്പുറങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുമ്പോഴും കീരിടവും ചെങ്കോലുമില്ലാതെ അമരനായി ലോഹി നമുക്കിടയില്‍ എന്നുമുണ്ടാകും.

ലോഹിയുടെ കൈയ്യൊപ്പ്‌ പതിഞ്ഞ പ്രധാന ചിത്രങ്ങള്‍

തനിയാവര്‍ത്തനം, കിരീടം, ചെങ്കോല്‍, ഭൂതക്കണ്ണാടി, ഭരതം, പാഥേയം, കമലദളം, അമരം, ജോക്കര്‍, കസ്‌തൂരിമാന്‍, അരയന്നങ്ങളുടെ വീട്‌, ഹിസ്‌ ഹൈനസ്‌ അബ്ദുള്ള, എഴുതാപ്പുറങ്ങള്‍, ആധാരം, നിവേദ്യം, ദശരഥം, കന്മദം, വെങ്കലം, ചകോരം, സല്ലാപം, സൂത്രധാരന്‍. കാരുണ്യം

മുന്‍ പേജില്‍<br>മനുഷ്യന്റെ കഥ പറഞ്ഞ കലാകാരന്‍മുന്‍ പേജില്‍
മനുഷ്യന്റെ കഥ പറഞ്ഞ കലാകാരന്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X