കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ചൈതന്യം നീ തന്നെ

  • By കൃഷ്ണകുമാര്‍
Google Oneindia Malayalam News

Swami Ayyappan
ഭാരതീയ പൈതൃകത്തില്‍ നിന്നുരുത്തിരിഞ്ഞു വന്നിട്ടുള്ള മഹാദര്‍ശനങ്ങളുടെ അനുപമമായ ഒരു സമ്മേളന കേന്ദ്രമാണ് ശബരിമല. ആത്മീയ ദര്‍ശനങ്ങളുടെ ശരിയായ പ്രവര്‍ത്തന തലം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഏതൊരുവനും ബുദ്ധി വൈഭവത്തിന്റെ വലിപ്പ ചെറുപ്പങ്ങള്‍ നോക്കാതെ ഉള്‍ക്കൊണ്ടു വളരാന്‍ ഉതകുന്ന പാഠശാലയാണ് നമ്മുടെ കൊച്ചു കേരളത്തിലെ ശബരീശ സന്നിധാനം. ഈ മഹാസന്നിധിയുടെ മഹത്വം വേണ്ടത്ര മനസ്സിലാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നതാണ് ചിന്തനീയം.

പ്രകൃത്യാരാധകരായ വനവാസികളുടെ മുതല്‍, അദ്വൈത വേദാന്തിയുടെ വരെ ആരാധനാ പാത്രമാണ് ശബരീശന്‍. ആത്മ വികാസത്തിന്റെ ഏതു പടിയില്‍ നില്‍ക്കുന്നവര്‍ക്കും ആവോളം കൊരിക്കുടിച്ച്ചു തൃഷ്ണ ശമിപ്പിക്കാവുന്ന ദിവ്യ പ്രേമ പ്രവാഹമാണ് അവിടുന്ന്. മാലയിട്ടു അഹിംസാ തത്വത്തില്‍ ഊന്നിക്കൊണ്ടുള്ള സാത്വിക വ്രതാനുഷ്ടാനം തുടങ്ങുന്നത് മുതല്‍, കാടും മലകളും കടന്നു ശാരീരിക ക്ലേശങ്ങള്‍ സഹിച്ചു പതിനെട്ടു പടികളും കയറി സ്വാമി ദര്‍ശനം നടത്തുന്നതുവരെ ഭക്തന് ഭഗവാന്‍ പകര്‍ന്നു കൊടുക്കുന്ന പാഠം ആത്മ സാക്ഷത്കാരത്തിന്റെ പൂര്‍ണതയായ 'തത്വമസി' ആണ്. തത്വമസിയാണ് ശബരിമല തീര്താടനത്തിന്റെ ആദ്യവസാനം. ആകെത്തുക.

'തത് ത്വം അസി' - അത് (ആ പരമ ചൈതന്യം, ഈശ്വരന്‍), ത്വം ( നിന്റെ ഉള്ളില്‍ നീയായി ഇരിക്കുന്ന ചൈതന്യം തന്നെ), അസി (ആകുന്നു). ഈശ്വരന്‍ ആകാശത്തില്‍ ഗലക്സികള്‍ക്ക് അപ്പുറം എങ്ങോ മറഞ്ഞിരുന്ന് പ്രപഞ്ച നിയന്ത്രണം നടത്തുന്ന ഒരു ശക്തിയാണ് എന്നത് ആത്മീയ വികാസത്തിലെ 'ദൈവഭയം' എന്ന തലത്തില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രം ഉള്‍ക്കൊള്ളാന്‍ പറ്റിയ ഒരാശയമാണ്.

ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് ഈശ്വരന്‍ എന്നും, അവന്‍ തന്നെയാണ് ജീവികളില്‍ 'ഞാന്‍ ' എന്നബോധത്തോടെ പ്രകാശിക്കുന്ന ആത്മാവ് എന്നുമുള്ളതാണ് ഭാരതീയ യോഗീശ്വരന്മാരുടെ അനുഭവ സാക്ഷ്യം. ഈ ചൈതന്യം തന്നെയാണ് പ്രപഞ്ച രൂപത്തില്‍ എങ്ങും പ്രകടമായിരിക്കുന്നതും. ആ ആത്യന്തിക അനുഭവത്തിലേക്ക് മുന്നേറാനുള്ള പടിപടിയായുള്ള പരിശീലനമാണ് ശബരിമല തീര്‍ഥാടനം.

രുചിയെന്ന ഇന്ദ്രിയ സുഖത്തിനു വേണ്ടിയല്ല ആഹാരമെന്നും, ശരീരത്തെയും ജീവനെയും നിറുത്താന്‍ വേണ്ടി മാത്രമാനതെന്നും ഉള്ള തിരിച്ചറിവില്‍ നിന്നുമാണ് സാത്വിക ആഹാരം മാത്രം സീകരിച്ചുള്ള വ്രതാനുഷ്ടാനത്തിന്റെ തുടക്കം. ശാരീരികമായ മറ്റെല്ലാ സുഖങ്ങളെയും അവഗണിക്കാന്‍ മനസ്സിനെ ശീലിപ്പിക്കുക വഴി നശ്വരമായ ഈ ശരീരമല്ല ശാശ്വതവും സ്വതസിധ്ധവുമായ ആനന്ദത്തിന് ഇരിപ്പിടം എന്ന പക്വ ബോധത്തിലേക്ക്‌ ഭക്തന്‍ പതിയെ ഉയര്‍ത്തപ്പെടുന്നു.

എങ്ങും നിറഞ്ഞ പൊരുള്‍ ആണ് ഭഗവാനെങ്കില്‍, പിന്നെ തന്നില്‍ നിറഞ്ഞിരിക്കുന്നത്‌ ആരാണ് ? തന്നില്‍ നിറഞ്ഞിരിക്കുന്നത്‌ അവനെങ്കില്‍ പിന്നെ അപരനില്‍ നിറഞ്ഞതാരാണ് ? ആ ഈശ്വരനെ അയ്യപ്പന്‍ എന്നുപേരു വിളിക്കാമെങ്കില്‍, താനും തന്‍റെ സഹജീവികളും അയ്യപ്പനാണ്. ഏറ്റവും പാമരനായ ഒരു ഭക്തന് പോലും തത്വമസി എന്ന ഈ അദ്വൈത തത്വം നിഷ്പ്രയാസം ഉള്‍ക്കൊള്ളാനാകുന്നു. അങ്ങനെ ഭഗവാനും ഭക്തനും ഒരേ പേരില്‍ സംബോധന ചെയ്യപ്പെടുന്നു.

ഇലയേയും, മുള്ളിനെയും, പാമ്പിനെയും, പന്നിയെയുമെല്ലാം മുന്‍പില്ലാതിരുന്ന ഒരു ദിവ്യ സ്നേഹത്തോടെ, തന്‍റെ ആത്മാംശമായി തീര്താടകന്‍ കാണാന്‍ തുടങ്ങുന്നു. അരുവികളും, കരിമ്പാറകളും, വന്യ ജീവികളും, വന്‍ വൃക്ഷങ്ങളും സ്വച്ചന്ദം നിലകൊള്ളുന്ന പൂങ്കാവനം ഒരയ്യപ്പ ഭക്തന് പ്രകൃതീ സ്വരൂപമായി നില്‍ക്കുന്ന ഈശ്വരനാണ്. അതവനില്‍ 'അഹിംസാ പരമോ ധര്‍മ' എന്ന ഉന്നതമായ ആത്മ ഭാവത്തെ അനായാസം ഉണര്‍ത്തുന്നു. പ്രകൃതിയെ മലിനപ്പെടുത്താതെയും, ചൂഷണം ചെയ്യാതെയും, വെട്ടിപ്പിടിക്കാതെയും, ഒരു പശുക്കിടാവ്‌ പശുവില്‍ നിന്നു പാല്‍ കുടിക്കുന്ന ഭാവത്തില്‍ പ്രകൃതീ മാതാവിന്റെ വരദാനങ്ങളെ നന്ദിയോടെ നോക്കിക്കാണാന്‍ അതവനെ പ്രാപ്തനാക്കുന്നു.

പ്രകൃതിയുടെ രൂപത്തില്‍ പ്രത്യക്ഷമായി നമ്മെ താലോലിക്കുന്ന ഈശ്വരന്റെ ഭാവത്തെ അമ്മയായും, അന്തര്‍ലീനമായി, സാക്ഷിയായി നിലകൊള്ളുന്ന ഭാവത്തെ അച്ഛനായും കാണുന്ന ഭാരതീയ ദര്‍ശനം അവന്റെ ഉള്ളിലുണരുന്നു. ഒരേ ഈശ്വരന്‍ തന്നെ അമ്മയായും അച്ഛനായും കാണപ്പെടുന്നത് തിരിച്ചറിയുന്ന ഭക്തന്‍ പുത്ര നിര്‍വിശേഷമായ അടുപ്പത്തോടെ, പ്രേമത്തോടെ ആ പ്രഭുവിനെ 'അമ്മയപ്പാ' എന്ന് വിളിക്കുന്നു. പ്രപഞ്ചമെങ്ങും നിറഞ്ഞുനില്‍ക്കുന്ന സ്പന്ദനമായ 'ഓം', ഈശ്വരന്റെ ശബ്ദ സ്വരൂപമെന്നറിഞ്ഞ് 'സ്വാമി എന്റകത്ത് ഓം, ഹരിഹരന്‍ അയ്യപ്പന്‍ എന്റകത്ത്‌ ഓം' എന്ന് പാടി ആനന്ദ നൃത്തം ചെയ്യുന്നു.

അയ്യപ്പ സ്വാമി വിവിധ മതവിശ്വാസങ്ങളുടെ ഒരു അതുല്യ സംഗ്രാഹകനാണ്. വൈഷ്ണവ, ശൈവ, ബുദ്ധ, ഇസ്ലാമിക വിശ്വാസങ്ങളെ മനോഹരമായി സമന്വയിപ്പിചിരിക്കുന്നു. അക്രമികളെ നിഷ്കരുണം കൊന്നൊടുക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന വീരസ്യത്തില്‍ നിന്നു വ്യത്യസ്തനായി വാവരെ തോല്‍പ്പിച്ചു സുഹൃത്തും ശിഷ്യനുമാക്കി ഈ പ്രേമ സ്വരൂപന്‍. മനുഷ്യരിലെ മൃഗീയമായ അന്ധതയെ പ്രതിനിധാനം ചെയ്യുന്ന മഹിഷിയെ നിഗ്രഹിച്ച്, ദൈവീകതയെ ഉണര്‍ത്തി അനുഗ്രഹിച്ചു ഈ മഹിഷീമര്‍ദ്ദകന്‍. ഇവിടെ നിഗ്രഹം ശിക്ഷയല്ല, പരിപൂര്‍ണ രക്ഷയാണ് !

ഇഹലോക ജീവിത സൌഭാഗ്യങ്ങളുടെ പ്രതീകമായ കളഭവും, ജ്ഞാനത്തിന്റെയും വൈരഗ്യതിന്റെയും പ്രതീകമായ ഭസ്മവും ഒരുപോലെ ധരിക്കുകയും ഭക്തന് പ്രസാദമായി കൊടുക്കുകയും ചെയ്യുന്നു ഈ ആശ്രിത വത്സലന്‍. വന്യ ചിന്തകളാകുന്ന ദുഷ്ട മൃഗങ്ങളെ മെരുക്കികൊണ്ട് മാനസ കൊടുങ്കാട്ടില്‍ സ്ഥിരതാമസമുറപ്പിച്ചിരിക്കുന്നു ഈ കാനനവാസി !

ശരീരത്തെയും അതില്‍ അധിവസിക്കുന്ന ആത്മാവിനെയും പ്രതീകവല്‍ക്കരിക്കുന്നു നെയ്ത്തേങ്ങ. പരമ തത്വത്തില്‍ ലയിച്ചു ചേരുന്ന ജീവാത്മാവിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട്, നെയ്തെങ്ങയിലെ നെയ്യ് ഭഗവദ് വിഗ്രഹത്തില്‍ അഭിഷിക്തമാകുന്നു, ഉടലാകുന്ന തേങ്ങയാകട്ടെ അഗ്നിയിലും സമര്‍പ്പിക്കപ്പെടുന്നു. ആത്മീയതയുടെ എത്ര സുന്ദരമായ പ്രായോഗിക പാഠം! ജീവിതത്തിന്റെ തനി പ്രതീകമായി അല്‍പ്പ നിമിഷത്തേക്ക് മാത്രം കത്തിയെരിഞ്ഞ്‌ നിശ്ശേഷമായി വിലയിച്ചു പോകുന്ന കര്‍പ്പൂര ദീപം എരിഞ്ഞടങ്ങുന്നത് ഭഗവദ് സ്വരൂപത്തിലാനെന്നു നാം കാണുന്നു. ജീവന്‍, പരാത്മാവില്‍ വിലയിക്കുന്നത് പോലെ !

ഈ പ്രപഞ്ച പ്രഹെളികയെ നാമറിയുന്നത് പതിനെട്ടു തത്വങ്ങലായിട്ടനെന്നു ഭാരതീയ ദര്‍ശനം. ആ പതിനെട്ടു പടികള്‍ക്കും മുകളില്‍ വാഴുന്ന പരം പൊരുള്‍ സ്വാമി അയ്യപ്പന്‍! ധര്മങ്ങളെ ശാസനം ചെയ്യ്തു പാമരനെ കൈപിടിച്ചുയര്‍ത്തുന്ന ധര്‍മ ശാസ്താവ്. അഞ്ചിനും അപ്പനായ, പഞ്ചേന്ദ്രിയങ്ങളുടെ സ്രോതസ്സായവനെ അയ്യപ്പാ എന്ന് നാം വിളിച്ചാരാധിക്കുന്നു‍. പഞ്ച ഭൂതങ്ങളുടെ ഉടമസ്ഥനായതുകൊണ്ട് അവിടുന്ന് ശ്രീ ഭൂതനാഥനുമാണ്

ആത്മീയതയുടെ സാര്‍വ ലൌകികമായ പ്രചരണം ഇത്ര സുന്ദരമായി മറ്റെവിടെ കാണാനാകും ? ശബരിമല തീര്‍ഥാടനത്തില്‍ അത്യാവശ്യം പരിചയം വന്നു കഴിഞ്ഞ മുതിര്‍ന്ന ഭക്തര്‍, ക്രമേണ പരിചയം കുറഞ്ഞവര്‍ക്ക് വഴികാട്ടുന്ന ഗുരു സ്വാമികളായി മാറുന്നു. ജാതിയോ മതമോ ഭാഷയോ പഠിപ്പോ മറ്റൊന്നും അതിനു മാനടണ്ടാമല്ല. സമൂഹത്തിന്റെ ആത്മീയ വികാസത്തിന് എളിയതെങ്കിലും തങ്ങളുടേതായ സംഭാവനകളര്‍പ്പിക്കാന്‍ ബാധ്യസ്തരാനെന്ന ചുമതലാബോധം അതവരില്‍ ഉളവാക്കുന്നു.

സംഘടിത ശ്രമങ്ങളില്ലാതെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ഒരു ഭക്ത ശ്രുംഖല ഇങ്ങനെ സ്വയം ഉരുത്തിരിഞ്ഞിരിക്കുന്നു. ആത്മീയ പാതയില്‍ അന്യാദൃശമായ സ്ഥാനമാണ് ഭാരത സംസ്കാരം ഗുരുവിനു കല്പ്പിച്ചിട്ടുള്ളത്. ഗുരുവിനെ വണങ്ങാന്‍ പഠിച്ചു കൊണ്ട് 'അഹ' ത്തെ ജയിക്കുന്ന ശിഷ്യന്‍ ഭഗവാനെ നേടാന്‍ പ്രാപ്തനാകുന്നു. ഭാരതീയ ആശ്രമ ധര്‍മങ്ങളിലെ അവസാന പടിയായ സന്ന്യാസത്തിന്റെ അനുഭവങ്ങളെയും വെല്ലുവിളികളെയും ചെറിയതോതില്‍ ഗൃഹസ്തന്മാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക കൂടിയാണ് ശബരിമല തീര്‍ഥാടനം ചെയ്യുന്നത്. ഒരുതരം apprenticeship.

കാര്യം ഇങ്ങനെയോക്കെയിരിക്കിലും, 'കുരങ്ങന്റെ കൈയ്യില്‍ കിട്ടിയ പൂമാല' പോലെ ഈ പവിത്ര സങ്കേതത്തിന്റെ ആത്മീയ, സാമൂഹ്യ, സാംസ്കാരിക പ്രസക്തികളെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത അല്പ്പബുദ്ധികളുടെ പിടിയിലാണ് ഇപ്പോളിവിടം എന്നതാണ് യാഥാര്‍ത്ഥ്യം. എന്തിലുമേതിലുമെന്നപോലെ ഇവിടെയും എത്ര വരുമാനം ഉണ്ടാക്കിയെടുക്കാം എന്നതില്‍ മാത്രമാണ് അധികാരികളുടെ ശ്രദ്ധ. അതിനായി കാട്ടിക്കൂട്ടുന്ന വികസനമെന്ന അസംബന്ധങ്ങള്‍ ഈ ദിവ്യ സങ്കേതത്തിന്റെ എല്ലാ നന്മകളുടെമേലും കരി നിഴല്‍ വീഴ്ത്തിയിരിക്കുന്നു. പ്രകൃതിയുടെ ദിവ്യസൌന്ദര്യമാര്‍ന്ന ഈ സങ്കേതം, മാലിന്യ കൂമ്പാരമാക്കപ്പെടുന്നു.

കരാറുകാര്‍ക്ക് 'ചെമ്പു' ണ്ടാക്കാന്‍ അവസരം ഒരുക്കിക്കൊണ്ട് കാണുന്നിടത്തെല്ലാം വികൃതമായ എടുപ്പുകള്‍ കെട്ടി പൊക്കുന്നു. വര്‍ഷം കഴിയുന്തോറും പച്ചപ്പിന്റെ ആവരണം കുറഞ്ഞു വരുന്നു. തപോവനത്തിന്റെ ശീതളിമ പ്രതീക്ഷിച്ചെത്തുന്ന ഭക്തന് ചുട്ടു പഴുത്ത ഭൂമിയില്‍ കാല് നിലത്തുതൊടാനാവാതെ തുള്ളിച്ചാടെണ്ടുന്ന അവസ്ഥ വന്നിരിക്കുന്നു. ഒടുവില്‍ പുല്ലുമേട് പോലുള്ള ദുരന്തങ്ങളും അവയ്ക്ക് പുറകെ ഭക്തര്‍ കേള്‍ക്കേണ്ടി വരുന്ന മകരവിളക്കിന്റെ 'തട്ടിപ്പിനെ' ക്കുറിച്ചുള്ള പ്രബോധനങ്ങളും.

ഉത്തരായണത്തിന്റെ ആരംഭത്തെ കുറിക്കുന്ന ശുഭമുഹൂര്തമാണ് മകര സംക്രമം. ഭാരതമൊട്ടുക്കും പല രൂപത്തില്‍ ഈ പുണ്യ വേള ആഘോഷിക്കപ്പെടുന്നു. ഉത്തരാര്‍ദ്ധ ഗോളത്തില്‍ പെടുന്ന ഭാരതത്തില്‍ നമ്മുടെ സമ്പല്‍ സമൃദ്ധിക്ക് നിദാനമായ മഴയും, വെയിലും ഏറ്റവും കൂടുതല്‍ കിട്ടുന്ന ആറ് മാസങ്ങളുടെ തുടക്കമാണിത്. ശബരിമലയില്‍ ഈ പുണ്യവേളയില്‍ തിരുവാഭരണങ്ങള്‍ അണിയിച്ചുകൊണ്ട് ഭഗവാന് പ്രത്യേക പൂജകളും ദീപാരാധനയും അര്‍പ്പിക്കപ്പെടുന്നു. തത്സമയം കാനന വാസനായ അവിടുത്തേക്ക്‌ വനവാസികള്‍ നല്‍കിയിരുന്ന ദീപാരാധനയായിരുന്നു മുന്‍കാലങ്ങളിലെ മകരവിളക്ക് എന്ന് പറയപ്പെടുന്നു.

ഭാരതത്തില്‍ അഗ്നി എക്കാലവും ഈശ്വരന്റെ പ്രതീകമായിരുന്നു. എങ്ങും നിറഞ്ഞിരിക്കുകയും ചില സാഹചര്യങ്ങളില്‍ മാത്രം പ്രത്യക്ഷമാകുകയും ചെയ്യുന്നു അഗ്നി. ഏവരുടെയും സ്വാമിയായ അയ്യപ്പന് വനവാസികള്‍ അര്‍പ്പിച്ചിരുന്ന ഈ ആരാധനയും ചടങ്ങുകളില്‍ പ്രാധാന്യം നേടിയതില്‍ അത്ഭുതമില്ല. എന്നാല്‍ അതിനെ ഒരു 'രഹസ്യനാടകം' എന്ന നിലയില്‍ ദേവസ്വം ബോര്‍ഡും അധികാരികളും മാറ്റിയെങ്കില്‍, അത് ശബരിമലയിലെ ഇന്നത്തെ അപചയത്തിന്റെ മറ്റൊരു മുഖം മാത്രമാണ്. പകരം വനവാസികളുടെ ആ അവകാശത്തെ വക വച്ചുകൊടുക്കുകയും മകരസംക്രമദിവസം അവരുടെതായ രീതിയില്‍ പൊന്നമ്പലമേട്ടില്‍ ആരാധന നടത്താന്‍ എല്ലാവിധ ഒത്താശകള്‍ ചെയ്തുകൊടുക്കുകയുമാണ് വേണ്ടത്.

ശബരിമലയുടെ സന്ദേശത്തിന് ചേര്‍ന്നവിധം നമ്മുടെ വനവാസി സഹോദരങ്ങളുടെ സംസ്കൃതിയെ അന്ഗീകരിക്കലായിരിക്കും അത്. ഒരു തരത്തിലുള്ള വികസനവും ഇതിന്റെ പേരില്‍ ആവശ്യമില്ല. മറ്റാരെയും ഒരവസരത്തിലും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിപ്പിക്കേണ്ടതുമില്ല. പ്രകൃതീ സ്വരൂപനായിരിക്കുന്ന അയ്യപ്പ സ്വാമിക്ക് പൊന്നമ്പലമേട്ടില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ആരാധനയുടെ സ്മരണ നിലനിറുത്തുന്ന ഒരു ചടങ്ങ്. സന്നിധാനത്തെ ഇപ്പോഴുള്ള ചെറിയ ക്ഷേത്രത്തില്‍ നടക്കുന്ന ദീപാരാധന വളരെ കുറച്ചു ഭക്തര്‍ക്ക്‌ മാത്രമേ കണ്ടു വണങ്ങാന്‍ കഴിയൂ.

പൊന്നമ്പല മേട്ടില്‍ നിന്നുള്ള ഈ ചടങ്ങ് ലക്ഷക്കണക്കിന്‌ ഭക്തര്‍ക്ക്‌ കണ്ടു വണങ്ങാന്‍ കഴിയും. അതില്‍ തങ്ങളുടെ ഉള്ളില്‍ തെളിയുന്നതിനേക്കാള്‍ വലിയ ദിവ്യതയൊന്നുമില്ല എന്നറിയുന്ന ഭക്തര്‍ക്ക്‌ ആ പ്രത്യേക അവസരത്തില്‍ തിക്കിത്തിരക്കി എത്തണോ എന്ന കാര്യം സ്വയം തീരുമാനിക്കുകയുമാവാം.

"The author Krishnakumar is a Citizen Journalist of Oneindia Malayalam. The views expressed in this article are solely that of the author and do not necessarily represent those of Oneindia.in or of Greynium Information Technologies Pvt Ltd."

English summary
Citizen journalist author Krishnakumar writes about the pilgrimage to Sabarimala in Kerala and its spiritual and philosophical relevance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X