• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി ഭരിക്കുന്നസര്‍ക്കാര്‍

  • By Soorya Chandran

കേരളത്തില്‍ മുന്നണി ഭരണം തുടങ്ങിയ കാലം മുതല്‍ വിദ്യാഭ്യാസ വകുപ്പ് പ്രതിസന്ധിയിലാണ്. ഇടതായാലും വലതായും ചില പ്രത്യേക കൂട്ടരാണ് വിദ്യാഭ്യാസത്തിന്റെ സ്ഥിരം നടത്തിപ്പുകാര്‍. വര്‍ഷം ചെല്ലുന്തോറും വിദ്യാഭ്യാസ രംഗത്ത് കച്ചവടത്തിനുളള സാധ്യത കൂടുന്നതുകൊണ്ട് ഇത്തരക്കാര്‍ ഈ കസേരവിട്ട് ഒഴിയുമെന്ന് ആരും പ്രതീക്ഷിക്കുകയും വേണ്ട. കഴിഞ്ഞ ഇടത് ഭരണ കാലത്ത് വിദ്യാഭ്യാസ കച്ചവടത്തെ ഒന്നവസാനിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും അതും ഫലം കണ്ടില്ല.

എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപക നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച സര്‍ക്കുലര്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നു. സ്ഥാപിത താത്പര്യക്കാര്‍ക്ക് വേണ്ടിയാണ് നമ്മുടെ വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സര്‍ക്കാരുമൊക്കെ പ്രവര്‍ത്തിക്കുന്നതെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.

അധ്യാപക നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചത് എന്തിനാണെന്ന് പോലും പരിഗണിക്കാതെയാണ് സര്‍ക്കാരിന്റെ തീരുമാനം. അക്കാദമിക് നിലവാരം ഉയര്‍ത്തണമെങ്കില്‍ നല്ല അധ്യാപകര്‍ തന്നെ വേണം. കാശുമാത്രമല്ല മെറിറ്റ് കൂടി വേണം അധ്യാപക നിയമനത്തിന് മാനദണ്ഡമാക്കാന്‍ എന്ന നിര്‍ദ്ദേശമാണ് സര്‍ക്കുലറിന്റെ കാതല്‍. ഇത് അംഗീകരിക്കാന്‍ കേരളത്തിലെ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കും, കാശുകൊടുത്ത് അധ്യാപകനാകാന്‍ ആഗ്രഹിക്കുന്ന ചിലര്‍ക്കും മാത്രമേ ബുദ്ധിമുട്ട് കാണൂ. പക്ഷേ നമ്മുടെ സര്‍ക്കാരിന് ഇത്തരക്കാരുടെ ബുദ്ധിമുട്ടുകളും എതിര്‍പ്പുകളും മാത്രമാണ് പ്രശ്‌നം.

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളെക്കുറിച്ച് പൊതു സമൂഹവും ഒടുവില്‍ കോടതിയും ആക്ഷേപമുന്നയിച്ച സാഹചര്യത്തിലാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കിയത്. കേശവേന്ദ്ര കുമാറിനെ ഓര്‍ക്കുന്നില്ലേ... പണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച് അപമാനിച്ച യുവ ഐഎഎസ് ഓഫീസര്‍. അദ്ദേഹമാണ് ഈ സര്‍ക്കുലറിന്റെ പിന്നില്‍. പക്ഷേ എന്ത് പറയാന്‍, തികച്ചും ഒരു മാസം പോലും ഈ സര്‍ക്കുലറിന് ആയുസ്സുണ്ടായില്ല. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ പഴയ മാനദണ്ഡങ്ങള്‍ തുടരാനാണ് മന്ത്രി സഭയുടെ തീരുമാനം.

എന്തൊക്കെയായിരുന്ന സര്‍ക്കുലറിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍? അല്ലെങ്കില്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് കേരളത്തിലെ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് പിടിക്കാതിരുന്ന കാര്യങ്ങള്‍? നമുക്ക് പരിശോധിക്കാം.

1. മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തിക നിര്‍ണയ ഉത്തരവ് ലഭിച്ചാല്‍ മാത്രമേ മാനേജര്‍മാര്‍ നിയമന നടപടികള്‍ തുടങ്ങാവൂ.( തോന്നുമ്പോള്‍ തോന്നുമ്പോള്‍ നിയമനം നടത്താനുളള മാനേജ്‌മെന്റിന്റെ 'അവകാശം' നഷ്ടപ്പെടുമെന്ന് സാരം)

2. അധ്യാപക നിയമനം സംബന്ധിച്ച് രണ്ട് പ്രമുഖ ദിന പത്രങ്ങളില്‍ പരസ്യം നല്‍കണം. എല്ലാ ജില്ലാ എഡിഷനുകളിലും ശ്രദ്ധയില്‍ പെടുന്ന രീതിയില്‍ തന്നെ ഈ പരസ്യം വരികയും വേണം. കൂടാതെ ഗ്രാമപ്പഞ്ചായത്തിലേയും ജില്ലാ പഞ്ചായത്തിലേയും നോട്ടീസ് ബോര്‍ഡുകളിലും അധ്യാപക ഒഴിവ് സംബന്ധിച്ച അറിയിപ്പ് നല്‍കണം.(ചുരുക്കത്തില്‍, ആരും അറിയാതെ നിയമനം നടത്താനാകില്ല)

3. അപക്ഷിക്കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചുകൊണ്ടായിരിക്കണം പരസ്യം പ്രസിദ്ധീകരിക്കുന്നത്. അഭിമുഖത്തിന്റെ വിവരം രജിസ്‌ട്രേഡ് പോസ്റ്റില്‍ ഏഴ് ദിവസം മുമ്പ് ഉദ്യോഗാര്‍ത്ഥിയെ അറിയിക്കണം.(തട്ടിപ്പ് പരസ്യം നല്‍കി ഉദ്യോഗാര്‍ത്ഥികളെ പറ്റി്ക്കാന്‍ പറ്റില്ല)

4. കെഇആര്‍(കേരള എജ്യുക്കേഷന്‍ റൂള്‍സ്) പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എത്തിയില്ലെങ്കില്‍ വീണ്ടും പരസ്യം നല്‍കണം(യോഗ്യത നോക്കാതെ ഇഷ്ടക്കാരെ നിയമിക്കാനാകില്ല)

5. അഭിമുഖം നടത്തുന്ന സംഘത്തില്‍ സ്‌കൂള്‍ മാനേജര്‍/പ്രതിനിധി, പ്രിസിപ്പാള്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ ഉണ്ടായിരിക്കണം.

6. ഓരോ ഉദ്യോഗാര്‍ത്ഥിക്കും കിട്ടിയ മാര്‍ക്ക് ഉള്‍പ്പെടെയുള്ള റാങ്ക് ലിസ്റ്റ് ഉടന്‍ പ്രസിദ്ധപ്പെടുത്തണം.

7. ഓരോ വിഷയത്തിലും ഉദ്യോഗാര്‍ത്ഥിക്കുള്ള പ്രാവീണ്യവും, വിദ്യാഭ്യാസ യോഗ്യതയും അധ്യാപന പരിചയും ഒക്കെ പരിഗണിച്ച് വെയിറ്റേജ് മാര്‍ക്ക് നല്‍കണം. വെയിറ്റേജ് മാര്‍ക്കുകള്‍ നല്‍കേണ്ടത് ഇങ്ങനെയാണ്- ബിരുദാനന്തര ബിരുദം ഫസ്റ്റ് ക്ലാസ്സ-20 മാര്‍ക്ക്, സെക്കന്‍ഡ് ക്ലാസ്സ്-15, ബിഎഡ് ഫസ്റ്റ് ക്ലാസ്സ്-10, സെക്കന്‍ഡ് ക്ലാസ്സ്-5, സെറ്റ്, എസ്എല്‍ഇടി, ജെആര്‍എഫ്, നെറ്റ്,എംഎഡ്,എംഫില്‍-5, പിഎച്ച്ഡി-10, അധ്യാപന പരിചയം-5, ഒരേ വിഷയത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും-5 (മാര്‍ക്കില്‍ കള്ളത്തരം കാണിച്ച് ആരെയും കുത്തിത്തിരുകാന്‍ കഴിയാതെ വരും)

സര്‍ക്കുലറിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇതോടെ തീരുന്നില്ല. ഒരു പക്ഷേ കേരളം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ പരിഷ്‌കരണത്തിനുള്ള ഒരു തുടക്കം കൂടിയായിരുന്നു ഈ സര്‍ക്കുലര്‍.

കഴിഞ്ഞ ഇടത് ഭരണ കാലത്ത് സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി എംഎ ബേബി കൊണ്ടുവന്ന ബില്ല് പോലെയല്ല ഈ സര്‍ക്കുലര്‍. അന്ന് ഒരു പാട് നിയമപരമായ പഴുതുകള്‍ ഇട്ടുകൊണ്ടുള്ള ബില്‍ ആണ് ബേബി നിയമസഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ കേശവേന്ദ്ര കുമാറിന്റെ സര്‍ക്കുലറില്‍ നിയമപരമായ പഴുതുകള്‍ ഒന്നുമില്ല. എന്നിട്ടും സര്‍ക്കാര്‍ ആ സര്‍ക്കുലര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചു.

പണ്ട് ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലത്ത് കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെതിരെ സമരം ചെയ്ത പാരമ്പര്യമാണ് ഇന്ന് കേരളം ഭരിക്കുന്ന പാര്‍ട്ടികളില്‍ മിക്കയെണ്ണത്തിനും ഉള്ളത് .അതോര്‍ക്കുമ്പോള്‍ ഇപ്പോഴത്തെ തീരുമാനത്തില്‍ വലിയ അദ്ഭുതം ഒന്നും തോന്നുന്നില്ല. പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുക അല്ലല്ലോ ഇവരുടെ ലക്ഷ്യം. സ്വന്തം പോക്കറ്റുകള്‍ വീര്‍പ്പിക്കുക എന്നത് മാത്രമാണല്ലോ ഈ വിദ്യാഭ്യാസ കച്ചവടക്കാരുടേയും അവര്‍ക്ക് ചൂട്ട് പിടിക്കുന്ന ഭരണാധികാരികളുടേയും ലക്ഷ്യം.

English summary
The Kerala Cabinet freezes the circular issued by Higher Secondary Director for the fair posting of teachers in aided higher secondary schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more