കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണമിങ്ങെത്തിയിട്ടും പൂക്കള്‍ മണ്ണില്‍ മറഞ്ഞതെന്തേ

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

പണ്ട് പണ്ട്.... വളരെ പണ്ട്... കാടുവെട്ട് യന്ത്രങ്ങള്‍ക്കും ബുള്‍ഡോസറുകള്‍ക്കും മുമ്പ്.....

പണ്ട് പണ്ട്.... വളരെ പണ്ട്... അതിരുകള്‍ മതിലുകള്‍ കട്ടെടുക്കും മുമ്പ് മലയാളികള്‍ക്ക് ഓണക്കാലമുണ്ടായിരുന്നു. നാടന്‍ പാട്ടുകളും നാട്ടുപൂക്കളും നാടന്‍ ഭക്ഷണവുമൊക്കെയുണ്ടായിരുന്ന ഒരു ഓണക്കാലം.

ചിങ്ങം പുലരുമ്പോള്‍തന്നെ പ്രകൃതി സുന്ദരിയായിട്ടുണ്ടാവും. ഓരോ പുല്‍ക്കൊടിയും പൂവിട്ട് തളിര്‍ത്ത് നില്‍ക്കും. അത്തം മുതല്‍ പത്ത് ദിവസം പൂക്കളമിട്ട് മാവേലിമന്നനെ കാത്തിരിക്കാന്‍ അത്രയും പൂക്കള്‍ ഒരുങ്ങിയിട്ടുണ്ടാവും.

അത്തപ്പുലരി

പുലര്‍ച്ചെ തന്നെ പൂവിളികളുയരും. പനയോലകൊണ്ട് നെയ്‌തെടുത്ത പൂക്കൂടകളുമായി കുട്ടിക്കൂട്ടങ്ങള്‍ കുന്ന് കയറും. തുമ്പയും കോളാമ്പിയും മുക്കുറ്റിയും കണ്ണാന്തളിയുമൊക്കെ നിറച്ചായിരിക്കും പിന്നെ തിരിച്ചിറക്കം.

അന്ന് കുന്നുകളുണ്ടായിരുന്നു. പാടങ്ങള്‍ നികത്തപ്പെട്ടിട്ടില്ലായിരുന്നു. പരന്നു കിടന്നിരുന്ന പറമ്പുകളുണ്ടായിരുന്നു. പൂക്കളുണ്ടായിരുന്നു. ഓണമുണ്ടായിരുന്നു.

കുന്നിടിച്ചും വയല്‍ നികത്തിയും, ഉള്ള സ്ഥം മുഴുവന്‍ വീടുകള്‍ നിറച്ചും നമ്മള്‍ പരിഷ്‌കാരികളായപ്പോള്‍ നഷ്ടപ്പെട്ടത് നമ്മുടെ ആചാരങ്ങളും ഓണാഘോഷങ്ങളും മാത്രമല്ല. നമ്മുടെ അമൂല്യ സ്വത്തുക്കളായ ഓണപ്പൂക്കള്‍ കൂടിയാണ്. നമ്മുടെ സ്വന്തം നാട്ടുപൂക്കള്‍.

ഓര്‍മ്മകളില്‍ ഒരു കണ്ണാന്തളിക്കുന്നുണ്ടായിരുന്നു.കണ്ണാന്തളിക്കുന്നിലെ ഓണക്കാലം കുമരനല്ലൂരുകാര്‍ക്ക് മറക്കാനാവില്ല. ഒരു കുന്ന് നിറയെ വെള്ളയില്‍ നീല കലര്‍ന്ന പട്ടുടുത്ത് നിറഞ്ഞ് നിന്നിരുന്ന കാലം. പൂക്കൂട നിറയെ കണ്ണാന്തളി നിറച്ച് ഉമ്മറത്ത് പൂക്കളമിടാനിരുന്ന കൊച്ചുകുട്ടികള്‍ ഇന്ന് വളര്‍ന്ന് വലുതായി. കണ്ണാന്തളിക്കുന്നും വികസിച്ചു. ഇന്നവിടെ കണ്ണാന്തളിപ്പൂക്കളില്ല. നിറയെ വീടുകള്‍ മാത്രം. കണ്ണാന്തളിക്കുന്ന് എന്നത് വിളിപ്പേര് മാത്രമായി. ഏതെങ്കിലും പറമ്പിലെയോ ഇടവഴിയിലേയോ ഒഴിഞ്ഞ കോണില്‍ ആരുമറിയാതെ ഒരു കണ്ണാന്തളി വിടര്‍ന്നെങ്കിലായി. കണ്ണാന്തളിക്കുന്നിലെ പുതിയ കുട്ടികളോട് കണ്ണാന്തളിപ്പുവിനെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തും. പലരും കണ്ടിട്ടുപോലുമില്ല ഈ പൂവിനെ.

ഒരു അത്തപ്പുലരിയില്‍ ആദ്യമായി പൂവിറുക്കാന്‍ പോയതോര്‍ക്കുന്നു. കുന്നിന്‍ ചെരിവ് മുഴുവന്‍ വെള്ളവിരിച്ച് തുമ്പപ്പൂ. ശ്രദ്ധയോടെ ഇറുത്തെടുത്ത തുമ്പപ്പൂക്കള്‍ കൊണ്ട് പൂക്കൂട നിറഞ്ഞ സന്തോഷം. അപ്പോഴാണ് പൂക്കുടയുടെ നീളന്‍ വള്ളിപിടിച്ച് ഏട്ടന്‍ കറക്കിയത്. നോക്കുമ്പോള്‍ പൂവതാ പൂക്കൂടയുടെ അടിയില്‍ ഒരിത്തിരി മാത്രം. തുമ്പ അങ്ങനെയാണ്. മലയോളം പറിച്ചാലെ ഒരു കുന്നോളം കിട്ടൂ. ഇന്ന് തുമ്പപ്പൂ വിരിയുന്ന താഴ്‌വാരങ്ങളില്ല, വെളിമ്പറമ്പുകളില്ല. ഒറ്റക്കും തെറ്റക്കും അവിടവിടെ പൂത്തു നില്‍ക്കുന്ന തുമ്പയെ കണ്ടെത്താന്‍ തന്നെ പ്രയാസം.

പണ്ടൊക്കെ കുന്നുകയറിയാല്‍ കോളാമ്പിക്കൂട്ടങ്ങള്‍ കണ്ട് കണ്ണ് മഞ്ഞളിക്കും. കുന്നിന്‍ മോളില്‍ എത്ര പറിച്ചാലും തീരാതെ കോളാമ്പി പൂത്തുകൊണ്ടേയിരുന്നു. പക്ഷേ ഇന്നതിന് കുന്നെവിടെ? വേലിക്കല്‍ കുത്തിവെച്ച കോളാമ്പിയും മതിലുകള്‍ വന്നപ്പോള്‍ എങ്ങോട്ടോ പോയി. ശേഷിക്കുന്നവക്ക് വലിയ മഞ്ഞ ഇതളുകള്‍ നഷ്ടമായി.

Mukkutty Flower

വേലികള്‍ ഇല്ലാതായത് പല നാട്ടുപൂക്കളെക്കൂടി ഇല്ലാതാക്കി. ചെലന്നിയും ചെമ്പരത്തിയും ഒടുച്ചുകുത്തിയുമൊക്കെ ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുയാണ്.ഒടിച്ചു കുത്തിയും ചെമ്പരത്തിയും ഇന്ന് വേലികളില്‍ കാണാനേയില്ല. കാരണം വേലികള്‍ തന്നെ അപ്രത്യക്ഷമായി. എവിടെയും മതിലുകള്‍ മാത്രം ബാക്കി. നീലപ്പൂക്കള്‍ക്കായി ഇന്ന് നെട്ടോട്ടമാണ്. ഒടിച്ചുകുത്തിയും വയനാടന്‍ ചെലന്നിയും ഒന്നും കാണാന്‍ കിട്ടുന്നില്ല. കാക്കപ്പൂവുകള്‍ ഏതാണ്ട് അപ്രത്യക്ഷമാണ്. വയല്‍ വരമ്പത്തും പാറപ്പുറത്തും വിരിഞ്ഞിരുന്ന കാക്കപ്പൂവ് വയലുകള്‍ക്കും പാറകള്‍ക്കുമൊപ്പം വിസ്മൃതിയിലാണ്ടു.

പൂക്കളത്തില്‍ പച്ച നിറത്തിന് ഇപ്പോള്‍ മറ്റ് ഇലകള്‍ മാത്രം ബാക്കി. പണ്ടൊക്കെ ശതാവരി ഉണ്ടായിരുന്നു. ശതാവരിയും ഇന്ന് ഏതാണ്ട് ഓര്‍മ്മയായിരിക്കുന്നു.

മുക്കുറ്റിയും തെച്ചിപ്പൂക്കളും കൃഷ്ണകിരീടവുമെല്ലാം പ്രകൃതിയുടെ എല്ലാ വൈരുദ്ധ്യങ്ങളേയും അതിജീവിച്ച് ഇന്നും കാണുന്നുണ്ട്. പറമ്പുകള്‍ പുല്ലുവെട്ടികളും കാട് വെട്ടികളും ഉപയോഗിച്ച് വെളിമ്പ്രദേശങ്ങളും വില്‍പനക്കുള്ള പ്ലോട്ടുകളും ആക്കിക്കൊണ്ടിരിക്കേ അവയും എത്രനാള്‍ ബാക്കിയുണ്ടാകുമെന്ന് കരുതാന്‍വയ്യ.

പണ്ടൊക്കെ ഒരു പറമ്പില്‍ എവിടെ നോക്കിയാലും ചെമ്പരത്തിപ്പൂക്കള്‍ കാണാമായിരുന്നു. പറമ്പുകളുടെ അതിരുകള്‍ ചെമ്പരത്തിയും തെച്ചിയും ചെലന്നിയും ചേര്‍ന്ന് വേര്‍തിരിച്ചിരുന്നു. ഇന്നിപ്പോള്‍ പൂന്തോട്ടത്തിലെ പലനിറപ്പൂക്കളാണ് ചെമ്പരത്തി. പഴയ നിറവും ഭംഗിയുമില്ലാതെ ചെമ്പരത്തികള്‍ ഇപ്പോഴും തളിര്‍ക്കുന്നു, പൂക്കുന്നു.

ചെലന്നിപ്പൂക്കള്‍ ഇപ്പോഴുമുണ്ട്. പല നിറങ്ങളില്‍, പല ഭാവങ്ങളില്‍. അമേരിക്കയില്‍ നിന്നെത്തിയതാണത്ര ഈ പൂവ്. പക്ഷേ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ തന്നെ പല വര്‍ണ്ണങ്ങളില്‍ വിരാജിക്കുന്നു അരിപ്പൂ എന്നും വിളിക്കുന്ന ചെലന്നി. പക്ഷേ പണ്ടത്തെപ്പോലെ ഏകവര്‍ണ്ണപ്പൂക്കള്‍ ഇപ്പോഴില്ല. അധികവും ബഹുവര്‍ണ്ണപ്പൂക്കളാണ്. വേലികളും കുന്നുകളും ഇല്ലാതായത് ചെലന്നിയേയും ബാധിച്ചിട്ടുണ്ട്.

നാട്ടുപൂക്കളെ കാലം കൊണ്ടുപോയെങ്കിലും ഓണവും ഓണപ്പൂക്കളവും ഇന്നും അന്യം നിന്ന് പോയിട്ടില്ല. അതിന് നമ്മള്‍ സ്തുതിക്കേണ്ടത് തമിഴ്‌നാടിനേയും കര്‍ണ്ണാടകത്തിനേയുമത്രേ....ഗൂഡല്ലൂരിലും ഗുണ്ടല്‍പേട്ടിലുമൊക്കെ വിരിയുന്ന ചെണ്ടുമല്ലികളും ജമന്തിപ്പൂക്കളും വാടാര്‍മല്ലിയുമൊക്കെ വിപണിയല്‍ സജീവമാണ്. പിന്നെ എളുപ്പമാണ്. മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മതി. അത്തം മുതല്‍ തിരുവോണം വരെ പൂവിടാം. പുലര്‍ച്ചെ എഴുന്നേറ്റ് പാടത്തും പറമ്പിലും ഇറങ്ങേണ്ട. ഇനി അതും ബുദ്ധിമുട്ടാണെങ്കില്‍ ചൈനീസ് പൂക്കളുണ്ട്. ഒരിക്കലും വാടില്ല. ഫ്രിഡ്ജിലും വെക്കണ്ട.എല്ലാവര്‍ഷവും എടുത്ത വെറുതേ വെച്ചാല്‍ മതി.

English summary
The indegeneous flowers, which used in Onam celebration are under extinction now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X