മണ്ഡലത്തിന്റെ മനസ്സറിഞ്ഞ എംപി; മാവേലിക്കരയിൽ അരയും തലയും മുറുക്കി കൊടിക്കുന്നിൽ സുരേഷ്

കേരളത്തിൽ ആകെയുള്ള രണ്ട് സംവരണ മണ്ഡലങ്ങളിലൊന്നായ മാവേലിക്കരയുടെ മനസ്സറിഞ്ഞ എംപിയാണ് കൊടിക്കുന്നിൽ സുരേഷ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വരെ കാലിടറിയ മണ്ഡലം പക്ഷെ കൊടിക്കുന്നിൽ സുരേഷിന് എന്നും വിജയം മാത്രം സമ്മാനിച്ചു. കോൺഗ്രസിന്റെ ദേശീയ നേതാവാണ് അദ്ദേഹം. ആറ് തവണ പാർലമെന്റിൽ എത്താനായത് മികച്ച നേട്ടം തന്നെയാണ്. 1989ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. പിന്നീട് വന്ന മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും അടൂർ മണ്ഡലത്തിൽ നിന്നും കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിലെത്തി. തുടർച്ചയായ നാലു ജയങ്ങൾക്ക് ശേഷം 1998, 2004 തിരഞ്ഞെടുപ്പുകളിൽ വോട്ടർമാർ കൊടിക്കുന്നിലിനെ കൈവിട്ടു.
2009 ലാണ് കൊടിക്കുന്നിൽ സുരേഷ് തന്റെ തട്ടം മാവേലിക്കരയിലേക്ക് മാറ്റുന്നത്. സിപിഐയുടെ ആര്‍എസ് അനിലിനെ 48,048 വോട്ടുകള്‍ക്കാണ് അക്കുറി തോല്‍പിച്ചത്. സംവരണ മണ്ഡലത്തിൽ നിന്നും വിജയിച്ച കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ജാതി സർട്ടിഫിക്കേറ്റ് വ്യാജമാണെന്നായിരുന്നു ആരോപണം. എന്നാൽ 2011 മേയ് 12-നു് സുപ്രീം കോടതി ഈ വിധി അസാധുവാക്കി. 56 കാരനായ കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയുമായി.
2014ൽ രാജ്യത്താകമാനം അലയടിച്ച മോദി തരംഗത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോഴും കേരളത്തിൽ കോൺഗ്രസിനെ അടിപതറാതെ സംരക്ഷിച്ച നേതാക്കളിലൊരാളാണ് കൊടിക്കുന്നിൽ സുരേഷ്. 2014 ല്‍ സിപിഐ രംഗത്തിറക്കിയത് ചെങ്ങറ സുരേന്ദ്രനെ ആയിരുന്നു. തോൽവിയറിഞ്ഞില്ലെങ്കിലും മണ്ഡലത്തിൽ കൊടിക്കുന്നിലിന്റെ ഭൂരിപക്ഷം, 32,737 ആയി ഇടിഞ്ഞു. എങ്കിലും ദേശീയ നേതാവെന്ന നിലയിലും എംപി എന്ന നിലയിലും കൊടിക്കുന്നിൽ സുരേഷിനെക്കുറിച്ച് പാർട്ടിയിൽ ഭിന്നാഭിപ്രായമില്ല. കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റ് കൂടിയാണ് നിലവിൽ അദ്ദേഹം.
എംപിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം തൃപ്തികരമെന്ന് വിലയിരുത്താം. ഈ ടേമില്‍ ലോക്‌സഭയില്‍ ആകെ പങ്കെടുത്തത് 97 ചര്‍ച്ചകളില്‍ മാത്രമാണ്. സംസ്ഥാന ശരാശരി ഇക്കാര്യത്തില്‍ 135 ആണ്. ആറ് സ്വകാര്യ ബില്ലുകള്‍ അവതരിക്കാനായത് ഒരു നേട്ടം തന്നെയാണ്. പതിനാറാം ലോക്സഭയിൽ 517 ചോദ്യങ്ങളാണ് കൊടിക്കുന്നിൽ സുരേഷ് ഉന്നയിച്ചത്. സംസ്ഥാന, ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണിത്. ഫണ്ട് വിനിയോഗത്തിലും മുൻ പന്തിയിലുണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി. പഞ്ചായത്ത് അതോറിറ്റി അനുവദിച്ച 19.51 കോടിയില്‍ 12.96 കോടിയും വിവിധ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.
വിവാദങ്ങൾ കുറവല്ലെങ്കിലും മാവേലിക്കരയുടെ ഹൃദയമറിഞ്ഞ നേതാവാണ് കൊടിക്കുന്നിൽ സുരേഷ്. മണ്ഡലത്തിൽ യുഡിഎഫിന്റെ തേര് തെളിയിക്കാൻ ഇത്തവണയും കൊടിക്കുന്നിൽ മതിയെന്ന് യുഡിഎഫ് ക്യാമ്പ് ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു. . ഇത്തവണയും മത്സരത്തിനിറങ്ങിയതോടെ ഇത്തവണത്തേത് കൊടിക്കുന്നിലിന്റെ ഒമ്പതാം തിരഞ്ഞെടുപ്പ് പോരാട്ടമാണ്.
വടകരയില്‍ ട്വിസ്റ്റ്! പി ജയരാജനെതിരെ കെ മുരളീധരന് മത്സരിക്കും! വയാനാട് സിദ്ധിഖ് ഉറപ്പിച്ചു