ടാക്‌സിക്കാരുടെ പകല്‍ക്കൊള്ള നിന്നു; ഓട്ടോറിക്ഷയേക്കാള്‍ ലാഭം ഓണ്‍ലൈന്‍ ടാക്‌സികള്‍

  • Written By:
Subscribe to Oneindia Malayalam

സ്മാര്‍ട്ട് ഫോണുകളിലെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഇന്ന് മലയാളികളുടെ യാത്രകള്‍ മുന്നേറുന്നത്. മൊബൈല്‍ ആപ്പ് വഴി ടാക്‌സികള്‍ ആകര്‍ഷകമായ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന ലോകോത്തര കമ്പനികള്‍ കേരളത്തിലേക്കും എത്തിയിട്ട് ഏറെ നാളായി. ഒലയും യൂബറുമൊക്കെ ഈ രംഗത്ത് സജീവമായതോടെ ടാക്‌സിക്കാരുടെ പകല്‍കൊള്ളക്ക് അറുതിയായിരിക്കുകയാണ്.

ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് അമേരിക്കയിലെ ടാക്‌സി സേവനദാതാക്കളായ യൂബര്‍ കൊണ്ടുവന്ന വിപ്ലവമാണ് ഇന്ന് കേരളക്കരയിലും അലയടിക്കുന്നത്. വാഹനപ്പെരുപ്പവും ഗതാഗത കുരുക്കും വര്‍ധിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനത്ത് യൂബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികള്‍ വന്‍ ജനപ്രീതിയാണ് നേടുന്നത്. കുറഞ്ഞ നിരക്കും യാത്രക്ക് ശേഷം ഡ്രൈവര്‍മാരുമായുള്ള വിലപേശലിന്റെ ആവശ്യമില്ലാത്തതുമാണ് യൂബറിന്റെയും ഒലയുടെയുമൊക്കെ നേട്ടം.

ഓണ്‍ലൈന്‍ ലോകം

ഓണ്‍ലൈന്‍ വ്യാപാര വെബ് സൈറ്റുകള്‍ ചെയ്യുന്നതിന്റെ മറ്റൊരു രൂപമാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളും ചെയ്യുന്നത്. വ്യാപാര വെബ്‌സൈറ്റുകള്‍ ഉപഭോക്താക്കളെയും ഉല്‍പ്പന്ന നിര്‍മാതാക്കളെയും ബന്ധിപ്പിക്കുന്ന പോലെ യാത്രക്കാരെയും ഡ്രൈവര്‍മാരെയും ബന്ധിപ്പിക്കുകയാണ് ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളായ യൂബറും ഒലയും. ഇവരുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഓരോ സ്ഥലത്തും ലഭ്യമായ കാറുകളെയും ഡ്രൈവര്‍മാരെയും യാത്രക്കാരന് കണ്ടെത്താം.

കാത്തുനിന്ന് മുഷിയുന്നത് പഴങ്കഥ

ടാക്‌സി സ്റ്റാന്റിലോ റോഡിലോ പോയി കാത്ത് നിന്നു പുലിവാല്‍ പിടിക്കേണ്ടതില്ല എന്നത് യൂബര്‍, ഒല ടാക്‌സികള്‍ കൊണ്ടുള്ള നേട്ടമാണ്. രജിസ്‌ട്രേഡ് ടാക്‌സികളും ഡ്രൈവര്‍മാരുമാണ് ഇവര്‍ ഉപയോഗിക്കുക. വളരെ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് ഇവരുടെ വെബ്‌സൈറ്റുകള്‍ തന്നെ വ്യക്തമാക്കുന്നു. യാത്രാക്കൂലി യാത്രക്കാരന് മനസിലാക്കാന്‍ സാധിക്കുന്നുവെന്നത് മറ്റൊരു നേട്ടമാണ്.

നേട്ടങ്ങള്‍ നിരവധി

ജിപിഎസ് നാവിഗേഷന്‍ ഉപയോഗിച്ച് വാഹനം ട്രാക്ക് ചെയ്യാന്‍ യാത്രക്കാരന് സാധിക്കും. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം നല്‍കാനുമാവും. സൗകര്യം കൂടിയതോ ചെറിയ കാറുകളോ തിരഞ്ഞെടുക്കാം. യാത്ര ചെയ്യേണ്ട സ്ഥലത്തേക്ക് വരുന്ന നിരക്ക് യാത്രക്കാരന് നേരത്തെ കണക്കുകൂട്ടാം. ഒരേ സ്ഥലത്തേക്ക് പോവാന്‍ ഒന്നിലധികം പേരുണ്ടെങ്കില്‍ തുക പങ്കുവച്ച് ലാഭമുണ്ടാക്കുകയും ആവാം.

വളഞ്ഞവഴിയും വട്ടം കറക്കലുമില്ല

ഓട്ടോയിലും മറ്റു ടാക്‌സികളിലും കയറിയാല്‍ വളഞ്ഞവഴിയിലൂടെ വട്ടംക്കറക്കി കൂടുതല്‍ നിരക്ക് ഈടാക്കുന്ന സംഭവങ്ങള്‍ സ്ഥിരമാണ്. എന്നാല്‍ ഏറ്റവും എളുപ്പത്തിലും കുറഞ്ഞ നിരക്കിലും എത്താന്‍ സാധിക്കുന്ന വഴിയാണ് യൂബറും ഒലയുമൊക്കെ തിരഞ്ഞെടുക്കുന്നത്.

നിരക്കിലെ ലാഭമാണ് പ്രധാനം

യാത്രക്കാരന് ഏറ്റവും പ്രധാനപ്പെട്ട നേട്ടം നിരക്കിലെ ലാഭമാണ്. സാധാരണ ടാക്‌സിയേക്കാള്‍ വളരെ കുറഞ്ഞ നിരക്കാണ് യൂബറും ഒലയുമൊക്കെ ഈടാക്കുന്നത്. വാഹനത്തിന്റെ സൗകര്യത്തിന് അനുസരിച്ച് നിരക്കില്‍ നേരിയ വിത്യാസമുണ്ടാവും. ഒലയുടെ കോഴിക്കോട്ടെ കുറഞ്ഞ നിരക്ക് 30 മുതല്‍ 40 വരെയാണ്. പിന്നെ കിലോമീറ്ററിന് ആറ് മുതല്‍ 12 രൂപവരെ വാഹനങ്ങള്‍ക്ക് അനുസരിച്ച് ഈടാക്കും. ഓരോ മിനുറ്റിനും ഒരു രൂപ വീതം നല്‍കിയാല്‍ മതി. കുറഞ്ഞ വെയ്റ്റിങ് ചാര്‍ജേ ഈടാക്കുന്നുള്ളൂ. നഗരങ്ങള്‍ക്ക് അനുസൃമായി നിരക്കില്‍ മാറ്റം വന്നേക്കാം. മറ്റു ടാക്‌സികളുമായും മിനിമം ചാര്‍ജ് 20 രൂപ നല്‍കേണ്ട ഓട്ടോറിക്ഷകളുമായും താരതമ്യം ചെയ്യുമ്പോള്‍ ലാഭം തന്നെ.

ഇന്നത്തെ കാലത്ത് സുരക്ഷ മുഖ്യമാണ്

അതിനപ്പുറം സുരക്ഷിതത്വവും മറ്റൊരു മേന്‍മയാണ്. യാത്ര ചെയ്തതിന്റെ രേഖകളെല്ലാം ഉള്ളതിനാല്‍ ഭയം വേണ്ട. എവിടെ നിന്ന് എവിടേക്ക് ഏത് കാറില്‍ യാത്ര ചെയ്യുന്നുവെന്ന് രേഖയുണ്ടാവും. അമിത ഫീസ് ഈടാക്കുകയുമില്ല. കാറില്‍ നിന്നിറങ്ങിയ ശേഷമുള്ള വിലപേശലുകളുമില്ല. കാര്‍ഡ് ഉപയോഗിക്കാന്‍ അവസരമുള്ളതിനാല്‍ കൈയില്‍ പണം വച്ച് യാത്ര ചെയ്യണമെന്നും നിര്‍ബന്ധമില്ല. റിട്ടേണ്‍ ചാര്‍ജ് ഈടാക്കില്ല എന്നതും ഉപഭോക്താവിന് നേട്ടമാണ്. യാത്ര തുടങ്ങിയതുമുതല്‍ ഇറങ്ങിയ സ്ഥലം വരെയുള്ള പണം നല്‍കിയാല്‍ മതി.

English summary
Online taxy services like ola and uber are getting popular in kerala because of its cheap rate. Security and money profit is more importend.
Please Wait while comments are loading...